2010, ഏപ്രിൽ 30, വെള്ളിയാഴ്‌ച

ചെമ്പ്ര അഞ്ചുമൂല വഴി പട്ടാമ്പി




കുറച്ചു ദിവസം മുന്നേ ജയേട്ടന്‍(Dr ജയന്‍ദാമോദരന്‍) ബസ്സിനെ കുറിച്ച് എഴുതി കണ്ടപ്പോളാണ് ഞാനും ഓര്‍ത്തത്‌ ബസ്സുകള്‍ക്ക്‌ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് .പല കാര്യങ്ങളും അങ്ങിനെയാണ്കാലാന്തരത്തിലുണ്ടാകുന്ന ഉണ്ടാകുന്ന മാറ്റങ്ങള്‍ പലതും സാധാരണനിലയില്‍ നമ്മുടെ ശ്രദ്ധയില്‍ പെടില്ല .പക്ഷെ പിന്നീട് എപ്പോഴെങ്കിലും ഇത് പോലെ വല്ല ചൂണ്ടകളാല്‍ ഓര്‍മകളില്‍ നിന്ന് കൊളുത്തിവലിക്കപ്പെടും , ആ ഓര്‍മ്മകള്‍ ചിലപ്പോള്‍ ആ കാലഘട്ടത്തിലേക്ക് നമ്മെ കൊണ്ട് പോകും. അന്ന് വളരെ തീവ്രതയോടെ അനുഭവിച്ച പല കാര്യങ്ങളും തികഞ്ഞ മണ്ടത്തരങ്ങള്‍ ആയി തോന്നും അല്ലെങ്കില്‍ സ്വയം ഒരു സഹാനുഭൂതി സൃഷ്ട്ടിക്കും.എന്തൊക്കെയാണെങ്കിലും അത് രസകരമാണ് ആ കാലത്തിലേക്ക് തിരിച്ചു പോകാനോ അത്തരം അനുഭവങ്ങള്‍ പലതും വീണ്ടും അനുഭവിക്കാനോ കൊതിക്കാത്തവരായി അധികമാരും ഉണ്ടാകില്ല .

ഓര്‍മകളുടെ പല താളുകളും ചിതലരിച്ചു പോയിരിക്കുന്നെങ്കിലും ഞാന്‍ ആ താളുകള്‍ പുറകോട്ട് മറിച്ചു, ആദ്യ താളുകളിലെവിടെയോ ഞാന്‍ എന്റെ നാടിന്റെ രൂപം കണ്ടു .ഏതോ കാലത്ത് കല്ലടിച്ച ഒരു പഞ്ചായത്ത് റോഡ്, കല്ലുകളെല്ലാം പോയി ഒരു മണ്‍പാത മാത്രമായിരിക്കുന്നു, ചിലയിടങ്ങളില്‍ കല്ലിന്റെ അവശിഷ്ട്ടങ്ങളുണ്ട് ,കൂടാതെ ഒരു യു .പി സ്കൂള്‍ അതിന്റെ മുന്നില്ലായി കുഞ്ഞാമുക്കാന്റെ ഒരു പലചരക്ക് കട,ശങ്കരന്‍കുട്ടിനായരുടെ ഒരു സ്റ്റേഷനറി, പഴയ കാലത്തിന്റെ പ്രതാപവും പേറിനില്‍ക്കുന്ന ഒരു കല്ലത്താണി, അത് കഴിഞ്ഞു ഇറങ്ങി വരുന്ന സ്ഥലതതായി കുട്ടനെഴുത്തച്ചന്‍റെ നാരങ്ങമിട്ടായിയും നന്നാരി സര്‍വത്തും ഉള്ള പെട്ടികട.

ഓറഞ്ചല്ലികള്‍ പോലെ ഉള്ള നാരങ്ങമിട്ടായി ആ വഴി പോകുമ്പോള്‍ ഒക്കെ അങ്ങോട്ട്‌ വിളിക്കും പക്ഷെ എന്ത് ചെയ്യാം അത് മേടിക്കാനുള്ള ഇരുപത്തി അഞ്ചു പൈസ ഇല്ല കയ്യില്‍. കോഴിയുടെയും പൂച്ചയുടെയും മറ്റും രൂപത്തില്‍ ഉള്ള വേറെഒരു മിട്ടായി ഉണ്ട് അതിനു വെറും അഞ്ചു പൈസയേ ഉള്ളൂ അതിനു പോലും കാശില്ല. എങ്ങിനെയാണ് കാശ് ഉണ്ടാവുക വല്ലപ്പോഴും പരീക്ഷ ഫീസ് കൊടുക്കാനോ അദ്ധ്യാപക ദിനത്തിന്റെ സ്റ്റാമ്പ് മേടിക്കാനോ ആണ് വല്ല പൈസയും കയ്യില്‍ കിട്ടുക .പക്ഷെ അതില്‍ വല്ലതും ബാക്കി ഉണ്ടെങ്കില്‍ കൃത്യമായി കണക്ക് പറഞ്ഞു വീട്ടില്‍ തിരിച്ചു ഏല്‍പ്പിക്കണം!

ഈ മിട്ടായി ഒക്കെ ടേസ്റ്റ് നോക്കാന്‍ ഒരു അവസരം വരുന്ന സമയം ഉണ്ട് അതെ കശുവണ്ടിക്കാലം, പോകുന്നവഴിയില്‍ ഉള്ള കശുമാവില്‍ നിന്നും ജന്തുക്കള്‍ മാങ്ങതിന്ന് കശുവണ്ടി വഴിയിലിടും രണ്ടു മൂന്നു കശുവണ്ടി കൊടുത്താല്‍ എഴുത്തച്ഛന്‍ ഒരു മിട്ടായി തരും.ഇടവിഴികളിലെ ചപ്പിലകളില്‍

കശുവണ്ടിയും പരാതിയാണ് നടപ്പ് .

അങ്ങിനെ സ്കൂളും വീടും ആയി കഴിഞ്ഞിരുന്ന കാലം ആ റോഡിലൂടെ ആകെ പോകുന്ന വാഹനങ്ങള്‍ ജീപ്പുകളാണ്. വളാഞ്ചേരിയില്‍ നിന്നും അഞ്ചുമൂല വരെ ട്രിപ്പ് നടത്തിയിരുന്ന ജീപ്പുകള്‍.പലപ്പോഴും ഒരു ആള്കൂട്ടം ഒഴുകി പോകുന്ന പോലെ ആണ് തോന്നുക, നാലുപുറവും തൂങ്ങി നില്‍ക്കുന്ന ജനങ്ങള്‍. അതില്‍ സര്‍ക്കസ്സ്‌ അഭ്യാസിയെ പോലെ പറന്നു കേറുകയും ഇറങ്ങുകയും ചെയ്യുന്ന കിളി എന്ന ക്ലീനര്‍. അക്കാലത്തെ വലിയ ഹീറോ ആയിരുന്നു മൂപ്പര്‍ സ്കൂളിലും മറ്റും കളിക്കുമ്പോള്‍ ജനലിലും മറ്റും അത്തരം അഭ്യാസങ്ങള്‍ ഞങ്ങള്‍ അനുകരിക്കുമായിരുന്നു അന്നൊക്കെ ആഗ്രഹിക്കുമായിരുന്നു ഒരു കിളിയാകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്!

അങ്ങിനെ കാലം കടന്നും ഇരുന്നും ഒക്കെ പോയി കൊണ്ടിരിക്കുമ്പോള്‍ ആണ് ഒരു അത്ഭുതം സംഭവിച്ചത്‌ ആ റൂട്ടിലൂടെ ഒരു ബസ്സ്‌ ഓടി തുടങ്ങി .സ്കൂളില്‍ അടക്കം പലയിടങ്ങിളിലും അതൊരു വലിയ ചര്‍ച്ച തന്നെയായി.മയില്‍വാഹനം ട്രാന്‍സ്പോര്ട്ടിന്റെ ഒരു ബസ്സ്‌ ആണ് അത്,രാവിലെ ഒരു ട്രിപ്പും വൈകീട്ട് ഒരു ട്രിപ്പും.രാവിലെ സ്കൂളില്‍ പോകുന്നതിനു മുന്നേ ആ സംഭവം പോകും വൈകുന്നേരം സ്കൂള്‍ വിട്ടു പോന്നാല്‍ മാത്രേ അത് പോകൂ. ഒരു തരത്തിലും ഒന്ന് കാണാന്‍ പോലും ആകാത്ത അവസ്ഥ .

സ്കൂളിലും മറ്റും ബസ്സ് കണ്ടവരുടെയും ബസ്സില്‍ കേറിയവരുടെയും ഒക്കെ

വീരസാഹസിക കഥകള്‍, അതില്‍ ഒരുത്തന്റെ വീടിന്റെ അടുതുള്ളവനാണത്രേ അതിലെ ക്ലീനര്‍ അവന്‍ അതില്‍ കയറിയപ്പോള്‍ കിളിയുമായുള്ള പരിചയം വെച്ച് ബസ്സിലെ ബല്ല് വരെ അടിചൂത്രേ. ഹോ എന്തൊരു ഭാഗ്യമാണ് അവനു ,താമസിയാതെ തന്നെ അവന്‍ വലിയ ഹീറോ ആയി.പക്ഷെ അവന് ബസ്സിനെ കുറിച്ച് മനസ്സിലാക്കാന്‍ കഴിയാതെ ഒരു കാര്യമുണ്ട് ബെല്‍ അടിക്കുമ്പോള്‍ കൃത്യമായി ബസ്സ് നീങ്ങുന്നത്,പലപ്പോഴും ഡ്രൈവര്‍ സ്റ്റിയരിങ്ങ് തൊടുന്നതിനു മുന്നേ പോലും ബെല്‍ അടിച്ചാല്‍ ബസ്സ് നീങ്ങുന്നു!എന്താണ് അതിനു കാരണം.സ്റ്റിയറിംഗ് തിരിക്കുമ്പോള്‍ അല്ലെ ശരിക്കും ബസ്സ് നീങ്ങാന്‍ പാടുള്ളൂ !എന്നാലും അവനു പെന്‍സില്‍ കൊടുക്കാനും അവന്റെ കൂടെ നടക്കാനും ഒക്കെ എല്ലാവരും മത്സരിച്ചു.

ഇടക്കൊക്കെ അവന്‍ ബസ്സില്‍ കയറാറുണ്ട് ഡ്രൈവറുടെ സീറ്റിനടുത്ത് വരെ ഇരുന്നു യാത്ര ചെയ്യാറുണ്ട് പോലും ,ഡ്രൈവര്‍ ഓടിക്കുന്ന സ്പീഡും കുഴിയിലും മറ്റും ചാടുമ്പോള്‍ ഉള്ള കാര്യങ്ങളും എല്ലാം അവന്‍ വര്‍ണ്ണിക്കുനത് ഞെങ്ങള്‍ എല്ലാവരും ആരാധനയോടെ കേട്ടിരുന്നു എന്തിന് ചാക്കുനൂലോ ചില വള്ളിയോ ഒക്കെ കെട്ടി ഉണ്ടാക്കിയിരുന്ന കളി ബസ്സില്‍ ഡ്രൈവര് സ്ഥാനം അവനു മാത്രം അവകാശപ്പെട്ടതായി, കേട്ട് കേട്ട് വല്ലാതെ കൊതി ആയി എങ്ങിനെ എങ്കിലും ആ ബസ്സില്‍ ഒന്ന് കയറാന്‍.

ഓണത്തിനും വിഷുവിനും ഒക്കെ അമ്മയുടെ വീട്ടില്‍ ഞെങ്ങള്‍ ചെറിയമ്മ വലിയമ്മ മക്കള്‍ ഒത്തു കൂടുക പതിവാണ് മൂത്ത ചെറിയമ്മ പാലക്കാട്‌ ആണ് .ചെറിയച്ഛന്‍ അവിടെ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ ആയിരുന്നു,അവിടെ ഒത്തു കൂടുമ്പോള്‍ ചെറിയമ്മയുടെ മൂത്തമകന്‍ എന്നെക്കാള്‍ ഒരു വയസ്സിനു ഇളപ്പം ഉണ്ട് അവന് [അവന്‍ ഞങ്ങളെ വിട്ടു പോയിട്ട് ഏതാണ്ട് എട്ടുവര്‍ഷം ആയി ]പാലക്കാട് നിന്നും പട്ടാമ്പിയിലേക്ക് വരുമ്പോള്‍ കയറിയ കണ്ടത്ത്‌ എക്സ്പ്രസ്സ്‌നെ കുറിച്ചും ആ ബസ്സ് ഓവര്‍ടെക്ക് ചെയ്ത ബസ്സുകളെ കുറിച്ചും വാതോരാതെ സംസാരിക്കുന്നത് കേള്‍ക്കാം.അത്രേം സ്പീടുള്ള വേറെ ബസ്സുകള്‍ ഒന്നും ഇല്ല എന്നാണു അവന്‍ പറയുന്നത് .


എന്തായാലും ബസ്സില്‍ കേറാന്‍ ഉള്ള ആഗ്രഹം വര്‍ദ്ധിച്ചു വന്നു ,സ്കൂളില്‍ പോകുന്ന വഴിക്കുള്ള വേട്ടേക്കരന്‍ അമ്പലത്തിന്റെ മുന്നില്‍ എത്തുമ്പോള്‍

സ്ഥിരം പ്രാര്‍ഥിക്കാറുള്ള നമ്പൂരി മാഷ്‌ ലീവ്കണേ എന്ന പ്രാര്‍ഥനയുടെ കൂടെ എനിക്ക് ബസ്സില്‍ കേറാന്‍ സാധിക്കണേ എന്നും കൂടി കൂട്ടി.പ്രാര്‍ത്ഥനക്ക് ഫലം ഉണ്ടായി എന്ന് പറഞ്ഞാല്‍ മതിയല്ലോ ചെറിയമ്മയുടെ ഭര്‍ത്താവിന്റെ വീട്ടിലെ ആരുടെയോ കല്യാണം ഗുരുവായൂരില്‍ വെച്ച് നടക്കുന്നു. നന്നേ വെളുപ്പിന് പോണം ഗുരുവായൂരില്‍ പോയി തൊഴാന്‍ ഉള്ള സൌകര്യവും നോക്കണം എന്തായാലും ബസ്സ് തന്നെ ആശ്രയം. ഞാന്‍ സന്തോഷം കോണ്ട് തുള്ളിച്ചാടി.

ഗുരുവായൂരിലെ കളിപ്പാട്ട കടകളുടെ മായികലോകത്തെക്കാള്‍ ഞാന്‍ ആഗ്രഹിച്ചത്‌ ആദ്യമായി നാട്ടിലൂടെ ഓടിയ ബസ്സില്‍ കയറുന്നതും സ്കൂളില്‍ പോയി അത് വര്‍ണ്ണിച്ചു ഹീറോ ആകലും മാത്രമായിരുന്നു.

ഊണിലും ഉറക്കത്തിലും എല്ലാം ബസ്സ്‌യാത്ര ഭാവനയില്‍ കണ്ടു, എത്ര സ്പീടിലാകും ബസ്സ് യാത്ര ചെയ്യുക, യാത്രയില്‍ എന്തല്ലാം സംഭവിക്കും എന്നിങ്ങനെ പലതും മനസ്സില്‍ കണ്ടു യാത്ര ദിനവും കാത്തു ഞാന്‍ അക്ഷമയോടെ നടന്നു.

അങ്ങിനെ ആ സുദിനത്തിന്റെ തലേ ദിനം വന്നു രാവിലെ നേരത്തെ എഴുനെല്‍ക്കണം പോകണം , അതിനായി രാത്രി തന്നെ ഒരുക്കങ്ങള്‍ ഒക്കെ ചെയ്തു തുടങ്ങി.ഡ്രെസ്സ് റെഡിയാക്കി വെക്കലും മറ്റും തകൃതിയായി നടക്കുന്നു.

എത്ര ശ്രമിച്ചിട്ടും ഉറക്കം വരാതെ ഞാന്‍ തിരിഞ്ഞും മറഞ്ഞും കിടന്നു.

മനസ്സ് അടങ്ങുന്നില്ല ബസ്സ്‌ യാത്രയെ കുറിച്ച് ഓര്‍ത്തു അര്‍മാദിക്കുകയാണ്

ക്ലാസിലെ അപൂര്‍വം ചിലര്‍ക്ക്‌ മാത്രം ലഭിച്ച ഭാഗ്യം നാളെ എനിക്കും ലഭിക്കും . ഹോ ഈ രാത്രി എന്നാ സംഭവം ഇല്ലായിരുന്നെങ്കില്‍ എന്നുവരെ ആഗ്രഹിച്ചു.

രാത്രി എപ്പോഴോ അസ്വസ്ഥമായി ഉണര്‍ന്നു .കടുത്തപനി,ശരീരം മുഴുവന്‍ കലശലായ വേദന. മേലാസകലം ചൊറിയന്‍പുഴു അരിച്ച പോലെ,തലവേദന സഹിക്കാന്‍ ആവാതെ ഞാന്‍ തേങ്ങി.അമ്മയുടെ തലോടലില്‍ വീണ്ടുംമെപ്പോഴോ ഉറങ്ങി.

നേരം വെളുത്ത് കുറെകഴിഞ്ഞപ്പോള്‍ അമ്മ എന്നെ ഉണര്‍ത്തി പുതപ്പ് നീക്കി എഴുനെല്‍പ്പിച്ചിരുത്തി പൊടിയരി കഞ്ഞി കോരി തന്നു.അഞ്ചാംപനിയുടെ അസ്വസ്ഥയോടെ ദൈന്യത തങ്ങിയ മുഖമുയര്‍ത്തി ഇടറിയ സ്വരത്തില്‍ അമ്മയോട് ഞാന്‍ ചോദിച്ചു

“എല്ലാരും പോയോ അമ്മെ”?

“ഊം പോയി” അമ്മ

“ഇനി എന്നാ ഗുരുവായൂരില്‍ ഒരു കല്യാണം ഉണ്ടാവാണാവോല്ലേ” ഞാന്‍

“എന്തിനാപ്പോ ഗുരുവായൂരില്‍ തന്നെ കല്യാണം” അമ്മ

“രാവിലെ പോണ ആ ബസ്സില്‍ ഒന്നും കേറാനാ”..!!!!




























ചിത്രത്തിനു കട :ഗൂഗിള്‍ ഇമേജ്

11 അഭിപ്രായങ്ങൾ:

  1. ഹൃദയാവര്‍ജകമായ എഴുത്ത്. അവസാനത്തെ ആ സംഭാഷണം,ഒരു കുട്ടിയുടെ നിഷ്കളങ്കത കണ്ണുകളെ ഈറനണിയിച്ചു.

    മറുപടിഇല്ലാതാക്കൂ
  2. പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ മെയില്‍ ചെയ്യണം ട്ടോ... ഫോളോ ഓപ്ഷന്‍ കാണുന്നില്ല.അതാ....

    മറുപടിഇല്ലാതാക്കൂ
  3. ഒരു കുട്ടിയുടെ ചിന്തകള്‍ അതുപോലെ പകര്‍ത്തിയിരിക്കുന്നു.

    പക്ഷെ അവസാനം ബസ്സില്‍ കയറി അങ്ങു പോയാല്‍ പോയാരുന്നൊ പനി പിടിപ്പിച്ചത്‌ എന്തിനാ ?
    അതോ ഇനി നടന്ന സംഭവം ആണോ? എങ്കില്‍ കഷ്ടം

    മറുപടിഇല്ലാതാക്കൂ
  4. വളരെ നന്ദി കുഞ്ഞൂസ്ജി
    പണിക്കര്‍ സാര്‍ കമന്റില്‍ വളരെ സന്തോഷം
    അക്ഷരശാസ്ത്രം വളരെ ബഹുമാനപൂര്‍വ്വം ഞാന്‍ വായിക്കാറുണ്ട്
    താങ്കളുടെ സ്ട്ടുടന്റ്റ്‌ ഡോ ജയന്‍ദാമോദരനെ ഞാന്‍ അറിയും
    കമന്റ് കാണാന്‍ വൈകി ക്ഷമിക്കണം

    മറുപടിഇല്ലാതാക്കൂ
  5. "കുട്ടനെഴുത്തച്ചന്‍റെ നാരങ്ങമിട്ടായിയും നന്നാരി സര്‍വത്തും ഉള്ള പെട്ടികട"

    എനിക്ക് തോന്നുന്നു ഈ പെട്ടിക്കട എന്‍റെ വല്യച്ഛന്റെ ആയിരുന്നു എന്ന്

    മറുപടിഇല്ലാതാക്കൂ
  6. അനൂപ്‌ ,രാകേഷ്‌ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

    മറുപടിഇല്ലാതാക്കൂ
  7. gathakala smaranakal veendeduth athinte pakitt ottum kurayathe avatharippichathinu shibuvettanu orayiram nandi...

    മറുപടിഇല്ലാതാക്കൂ
  8. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  9. ഷിബു വളരെ നന്നായിട്ടുണ്ട് . ഞനും വർഷങ്ങൾ പുറകിലോട്ടു പോയി ' എല്ലാം മനസ്സിൽ ഒരിക്കൽ കുടി ആ പഴയ കാലം മിന്നിമറിഞ്ഞു.. നന്ദി ..

    മറുപടിഇല്ലാതാക്കൂ