2018, മാർച്ച് 31, ശനിയാഴ്‌ച

സംഗീതം അനന്ത സാഗരം തന്നെ ആണേ .

യൂപി സ്ക്കൂളിലെ പഠനം കഴിഞ്ഞു ഹൈസ്ക്കൂളിൽ എത്തിയ കാലം.ആദ്യത്തെ ആഴ്ചയിലെ സംഗീത ക്‌ളാസിൽ സംഗീത അധ്യാപകനെ കണ്ടു പകച്ചു പോയ കൗമാരക്കാർ !സാധാരണ സംഗീത പീരിഡിൽ കളിയ്ക്കാൻ പോവുകയോ പോര്ഷന് തീരാത്ത അധ്യാപകർ വന്നു ക്ലാസ് എടുക്കുകയോ മാത്രം പരിചയിച്ചവർക്ക് സംഗീത അധ്യാപകൻ എന്നത് വലിയ അത്ഭുതം തന്നെ ആയിരുന്നു .
വന്ന ഉടനെ സാർ സംഗീതത്തെ കുറിച്ച് പറഞ്ഞു തുടങ്ങി,സംഗീതം ആസ്വദിക്കാത്തവൻ മൃഗീയനാണ്, അവനെ ഭയക്കണം എന്നൊക്കെ പറഞ്ഞു അദ്ദേഹം കത്തി കയറി .ക്‌ളാസ്സിലെ കുട്ടികളിൽ നിന്ന് ഓരോ ആഴ്ചയും ഓരോ കുട്ടിയെ നറുക്ക് എടുക്കും എന്നും നറുക്ക് കിട്ടിയ ആൾ അടുത്ത സംഗീത ക്ലാസിൽ ഒരു ഗാനം ആലപിക്കണം എന്നും കൂടി മാഷ് കൂട്ടിച്ചേർത്ത്.കൃത്യമായി പറഞ്ഞാൽ എത്തിപ്പെട്ടത് ഒരു സിംഹത്തിന്റെ ഗുഹയിൽ തന്നെ ആയിരുന്നു .

ഏതിലെയെങ്കിലും പോകുന്ന വയ്യാവേലി ഏണി വച്ച് പിടിച്ചു സ്വന്തം തലയിൽ ഇടുന്ന എന്റെ പതിവ് അവിടെയും തെറ്റിയില്ല.കൃത്യമായി നറുക്ക് എന്റെ പേരിൽ തന്നെ വീണു .പുതിയ സ്ക്കൂൾ, പുതിയ മാഷ്, പുതിയ കൂട്ടുകാർ ഇതെല്ലം കൂടി ആലോചിച്ചപ്പോൾ എനിക്ക് തല കറങ്ങി.ഒരു പാട്ടു പറയാൻ പോലും കഴിവില്ലാത്ത ഞാൻ എന്ത് ചെയ്യും.ഞാൻ അടുത്ത ക്ലാസിൽ പാടാതിരുന്നാൽ മാഷ് എന്ത് ചെയ്യും !ഭയം എന്നെ വല്ലാതെ ഗ്രസിച്ചു.തലയ്ക്കു മീതെ മാത്രമല്ല തലക്കുള്ളിലും ശൂന്യകാശം പോലെ ആയി.രക്ഷപെടാൻ ഒരു വഴിയും കാണുന്നില്ല.സംഗീതത്തിന്റെ ആദ്യാക്ഷരി പഠിപ്പിച്ച അമ്മയെ ധ്യാനിച്ച് പാടാൻ ഉള്ള ട്രിക്ക് അന്ന് അറിവില്ല കാരണം ആ സിൽമാ അതിനും എത്രയോ കാലങ്ങൾക്ക് ശേഷമാണ് ഇറങ്ങിയത് .

ഒടുവിൽ വിധിയുടെ വേട്ടമൃഗമാവാൻ തന്നെ തീരുമാനിച്ചു.ഒരു പാവം പിടിച്ച എട്ടാം ക്ലാസ് വിദ്ധ്യാർത്ഥിക്ക് മറ്റെന്തു സാധിക്കും.ഒരു ചലച്ചിത്രഗാന പുസ്തകം സംഘടിപ്പിച്ചു.അതിൽ നിന്നും മുഖ മുദ്ര എന്ന സിനിമയിലെ "ഒന്നാം കുന്നിൻ മേലെ "എന്ന ഗാനം പദ്യം ചൊല്ലി പഠിക്കുന്ന പോലെ കാണാപ്പാഠം പഠിച്ചു.

അങ്ങനെ ഇരിക്കെ ആ ദിനം വന്നെത്തി,എന്റെ പിഞ്ചു ഹൃദയത്തിൽ ഹാർമോണിയം വായന തുടങ്ങി.പതിവ് പോലെ സംഗീതത്തെ പ്രമോട്ട് ചെയ്ത് കഴിഞ്ഞു മാഷ് പറഞ്ഞു കഴിഞ്ഞ ക്ലാസിൽ നറുക്ക് വീണവൻ എഴുനേറ്റ് നിന്ന് പാടൂ . സംഗീതം കണ്ടു പിടിച്ചവനെ കുടുംബത്തോടെ ഇന്ന് മുതലുള്ള എന്റെ എല്ലാ പ്രാർത്ഥനയിലും ഉൾപ്പെടുത്തും എന്ന് ഞാൻ ഉറച്ച തീരുമാനം എടുത്തു .വിറച്ചു കൊണ്ട് എഴുന്നേറ്റു നിന്ന് എന്റെ സംഗീതം ആരംഭിച്ചു.പാടി മുഴുമിപ്പിക്കും മുന്നേ എന്റെ പ്രിയ സുഹൃത്ത് അജിത് വിറയാർന്ന കൈകളാൽ എന്നെ പിടിച്ചു വലിച്ചു ഇരുത്തി.മാഷിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അദ്ദേഹം രവീന്ദ്ര നാഥ ടാഗോറിന്റെ പദ്യം ചൊല്ലുകയാണോ എന്ന് തോന്നി "ഞാനറിവീല ഭവാന്റെ ഗാനാലാപന ശൈലി "!
കൊടുമ്പിരി കൊണ്ട അന്ത സംഘർഷം അതിന്റെ പീക്ക് പോയിന്റിൽ കയറി താഴേക്ക് വീണ ആശ്വാസത്തിൽ ഞാൻ ഇരുന്നു .അജിത്ത് എന്റെ ചെവിയിൽ മന്ത്രിച്ചു "എന്റെ പൊന്നു സഹോ നീ ദയവായി ഇനി പാടരുത് ,നിന്റെ 'അമ്മ പോലും സഹിക്കൂല "എന്റെ ജീവിതത്തിൽ അവന്റെ വാക്കുകൾ ഞാൻ ഇന്നോളം തെറ്റിച്ചിട്ടില്ല പിന്നെ.
"സഫ്രോൻകി സിന്ദഗി ജോ കബി നഹി" അല്ലെങ്കിൽ അത് വേണ്ട ഇനി അതിന്റെം കൂടെ വെറുപ്പിക്കൽ ഏൽക്കാൻ വയ്യ !