2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

സ്വാമി നിര്മലാനന്ദ ഗിരി മഹരാജ്

സ്വാമി നിര്മലാനന്ദ ഗിരി മഹാരാജ് ,വര്‍ഷങ്ങള്‍ക്ക്  മുന്‍പ് ഈ പേര് കേള്‍ക്കുന്നത്  ചികിത്സയും ആയി ബന്ധപ്പെട്ടാണ് കണ്ടതും അങ്ങിനെയാണ് ആള്‍ ദൈവങ്ങളെയും ആധുനിക സന്യാസികളെയും കണ്ടിട്ടുള്ള കണ്ണിനു തീരെ പരിചയമില്ലാത്ത  ശാരീരികവും വാചികവുമായ ഭാഷയും ആയി ഒരു മനുഷ്യന്‍ .ഉഗ്ര കോപിയാണ്  എന്നാണു ആദ്യം തോന്നിയത് . പൌരുഷം അതിന്‍റെ പ്രൌഡഗംഭീരമായി സ്വാമിജിയുടെ ശബ്ദത്തിലൂടെ ഒഴുകിയപ്പോള്‍ ആ ശബ്ദം ആശ്വാസത്തിന്റെ കുളിര്‍വചനങ്ങളായി  രോഗത്തില്‍ നിന്നും ആരോഗ്യതിലെക്ക് എത്തിച്ചു.
ആരാധനക്ക് അപ്പുറം  ഒരു മുത്തച്ചനോട് എന്ന പോലെ ബഹുമാനവും സ്നേഹവും ആണ് തോന്നിയത് .നിരാശയുടെ പടുകുഴിയില്‍ കിടന്ന ഒരു കുടുംബം പുഞ്ചിരിയുടെ ദിനങ്ങളിലേക്ക് തിരിച്ചു വന്നപ്പോള്‍ നന്ദി പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു വികാരമല്ല എന്ന് മനസ്സിലാവുകയായിരുന്നു.
വീണ്ടും  കാലങ്ങള്‍ക്ക് ശേഷമാണ് സ്വാമിജിയുടെ ഒരു ആത്മീയ പ്രഭാഷണം കേള്‍ക്കുന്നത് "ഓം നമശിവായ മന്ത്ര വ്യഖ്യാനം"
നാളന്നുവരെ  കേട്ട ദൈവവും ഭക്തിയും എല്ലാം പൊളിച്ചെഴുതുകയായിരുന്നു സ്വാമിജി .ഉള്ളിലെ വാര്‍ക്കപ്പെട്ട വിഗ്രഹങ്ങള്‍ ഒന്നൊന്നായി തകര്‍ന്നു കൊണ്ടിരുന്നു .വിശ്വാസങ്ങളുടെ ആലയില്‍ ഊതികാച്ചിയ ഒരു ദൈവ സങ്കല്പം പരിപൂര്‍ണ്ണമായും ഒഴുകിപോയിരുന്നു ആ പ്രഭാഷണം കഴിയുമ്പോള്‍.
അഹങ്കാരത്തിന്റെ  ഉത്തുംഗശൈലത്തില്‍ നിന്ന് ആ പാദങ്ങളില്‍ വീണ് സ്വയം ഇല്ലാതെ ആകുവാന്‍ കൊതി തോന്നിയത് യാദൃശ്ചികമാണ് എന്ന് പറയാന്‍ ആവില്ല.ഭയത്തെ ത്രാണനം  ചെയ്ത്  ആ കാല്‍ക്കല്‍ ഒന്ന് വീഴാന്‍ വര്‍ഷങ്ങള്‍ വീണ്ടും സ്വപ്നം കണ്ടു ഞാന്‍ കാത്തിരിക്കേണ്ടി വന്നു.മറ്റൊരു  കാല്‍ക്കലും  ആ പാദങ്ങളില്‍ എന്ന പോലെ ഞാന്‍ നമസ്ക്കരിച്ചിട്ടില്ല  എന്ന മറ്റൊരു അഹങ്കാരം ആണ് ഇപ്പോള്‍ എന്ന് പറയുന്നതാകും കൂടുതല്‍ ശരി.ആ കാല്‍ക്കീഴില്‍ ഇരുന്നു അദേഹത്തെ ശ്രവിക്കുക എന്ന സ്വപ്നം പൂവണിയാന്‍ വീണ്ടും കാലങ്ങള്‍ വേണ്ടി വന്നു .പക്ഷെ ആ കാല്‍ക്കീഴില്‍ ഇരിക്കുമ്പോള്‍ അല്ലാതെ ഇത്രമേല്‍ വാത്സല്യവും സ്നേഹവും ഞാന്‍ വേറെ എവിടെനിന്നും അറിഞ്ഞിട്ടില്ല .


സ്വാമിജിയുടെ  ഭാഷണങ്ങള്‍  അറിവിന്റെ അനന്ത ലോകങ്ങള്‍ ആണ് വാചകങ്ങളില്‍ നിന്ന് വാക്കിലെക്കും വാക്കില്‍ നിന്ന് അക്ഷരങ്ങളിലെക്കും ഇറങ്ങി വന്നു വ്യഖ്യാനങ്ങള്‍ നല്‍കി ഒരു സമുദ്രത്തില്‍ ചുറ്റപ്പെട്ടെന്ന പോലെ അറിവിനാല്‍ മൂടപ്പെടുന്ന ഒരു ശ്രോത്ര അനുഭവം .മഹാഭാരതത്തെ കുറിച്ചുള്ള ക്ലാസില്‍  അര്‍ജുനന്‍  ദ്രോണരുടെ അനുഗ്രഹത്തിനായി  ആഗ്രഹിച്ചുകൊണ്ട് രണ്ടു ആസ്ത്രങ്ങള്‍ ദ്രോണരുടെ കാല്‍ക്കലേക്ക് അയക്കുമ്പോള്‍ കണ്ടു നില്‍ക്കുന്ന ഭീഷ്മര്‍ ദ്രോണരോട്  പറയുന്നു "അചാര്യ ദ്രോണാ അങ്ങയുടെ ശിഷ്യന്‍ അനുഗ്രഹത്തിന് കാത്ത് നില്‍ക്കുന്നു "സ്വാമിജിയുടെ ശബ്ധത്തില്‍ ഈ വാക്കുകള്‍  മുഴങ്ങുമ്പോള്‍  അറിയാതെ എന്‍റെ കണ്ണില്‍ നിന്ന് കണ്ണീര്‍ പ്രവഹിപ്പിക്കുന്നു .എന്തിനാണ് അപ്പോള്‍ ഞാന്‍ കരഞ്ഞത് അറിയില്ല എന്തോ എന്നെ കരയിച്ചു .ഓഷോ  പറയുന്നു പ്രകടിപ്പിക്കാന്‍ കഴിയാത്ത വികാരങ്ങളുടെ ബഹിര്‍സ്ഫുരണയാണ് കണ്ണീര്‍  എന്ന് .ആവണം .അല്ലെങ്കില്‍ എന്‍റെ കണ്ണില്‍ നിന്ന് കണ്ണീര്‍ വീഴേണ്ട കാര്യമവിടെ ഇല്ല.തന്ത്രയുടെ വ്യഖ്യാനത്തില്‍ പാര്‍വതിയുടെ ചോദ്യത്തിനു മറുപടിയായി ശിവന്‍ പാര്‍വതിയെ പ്രണയ പുരസരം ചേര്‍ത്ത് പിടിച്ചു "ഉത്തമോത്തമെ .....ഗൌരീ .........." എന്ന് തുടങ്ങിയ സംഭാഷണം സ്വമിജിയിലൂടെ കേള്‍ക്കുമ്പോള്‍ ശിവ പാര്‍വതീ പ്രണയത്തിന്‍റെ സാന്നിധ്യം ഞാന്‍ അറിയുന്നു .ഗൌരീ എന്ന നാമത്തിന്‍റെ ധ്വനിക്ക് ഇത്രമേല്‍ കാല്‍പനികമായ ഒരു ഭാവം ഉണ്ട് എന്ന് ഞാന്‍ അറിയുന്നത്  സ്വമിജിയില്‍ നിന്ന് കേള്‍ക്കുമ്പോള്‍ ആണ് അങ്ങിനെ ഓരോ വാക്കും  .സ്വാമിജിയുടെ ശബ്ദം ഹൃദയത്തിന്‍റെ ഉള്ളില്‍ എവിടെയോ ആഴത്തില്‍ തറക്കുന്നു.

"കുഞ്ഞേ  നീ മുക്തി ആഗ്രഹിക്കുന്നു എങ്കില്‍ വിഷയങ്ങളെ വിഷമെന്ന പോലെ ത്യജിക്കണം " സ്വാമിജിയുടെ വാക്കുകളിലൂടെ അഷ്ടാവക്രന്‍ നിര്‍ഗളിക്കുന്നു എന്‍റെ കണ്ണുനീര്‍  എനിക്ക് പിടിച്ചു വക്കാന്‍ ആകുന്നില്ല .കവിളുകളെ നനച്ചുകൊണ്ട് അവ താഴേക്ക് പതിച്ചു കൊണ്ടിരിക്കുന്നു .മഹാ ഗുരോ  ആ കാല്‍ക്കല്‍ വീണ് വീണ്ടും വീണ്ടും നമസ്ക്കരിക്കാന്‍ അല്ലാതെ മറ്റൊന്നും എനിക്കാവില്ല.