2011, നവംബർ 4, വെള്ളിയാഴ്‌ച

അറിവ് അതിന്‍റെ കേവലരൂപത്തില്‍ നിലനില്‍ക്കുന്നത് അറിവിനോട് മാത്രം രതിയുണ്ടാകുംബോഴാണ്.


ഹിം,സ്തേയം,അന്യഥാകാമം,പൈശൂന്യം,അനൃതം,പരുഷം,സംഭിന്നാലാഭം,
വ്യപാദം,,അഭിദ്യ,ദൃക്ക്വിപര്യയം എന്നു പത്ത്‌ പാപങ്ങളും അറിവിന്‌ തടസ്സമാണ്,അതുപോലെ തന്നെ ആരോഗ്യത്തിനും.അതുകൊണ്ട് പത്ത്‌കല്പ്പനകളെ അനുസരിച്ചാല്‍ മാത്രമേ ഒരുവന് ആരോഗ്യം ഉണ്ടാകൂ.

പാപം കര്‍മ്മേതിദശഥ:
കായ വാങ്ങ് മനസാ ത്യജേത്


എന്ന്‍ പ്രാചീനര്‍ ഉറച്ച് വിശ്വസിച്ചിരുന്നു.അതിനു അനുഗുണമായി അവര്‍ ജീവിക്കുകയും ചെയ്ത്പോന്നു.

ഹിംസിക്കരുത് ,ആരെയും ഉപദ്രവിക്കരുത്,കക്കരുത്,ലൈംഗികദുരാചാരങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയ എല്ലാകാര്യങ്ങളിലും അവര്‍ നിഷ്ട്ഠ പുലര്‍ത്തിപ്പോന്നു.


അറിവ്‌-ആത്മജ്ഞ്യാനംനഷ്ട്ടപ്പെടുന്നത് ലൈംഗിക ഉത്സര്‍ജനം കൊണ്ടാണ്.അറിവിന്‍റെ ലോകങ്ങള്‍ പുഷക്കലമാകുന്നത് പൂര്‍ണ്ണമായി അറിവിനോട് മാത്രം രതിയുണ്ടാകുമ്പോഴാണ്.അറിവിനു വെളിയില്‍ തന്‍റെ ശരീരത്തോടോ,തന്‍റെ ശരീരാവയവാങ്ങളോടോ,അന്യശരീരങ്ങളോടോ പ്രിയമുണ്ടായാല്‍ അന്ധതകൈവരികുകയും അറിവ്‌ ഇല്ലാതെ ആവുകയും ചെയ്യും. പ്രിയം ഹേതുവായി അതിനെ നേടുവാനുള്ള അസന്മാര്‍ഗ്ഗികങ്ങളും അസത്യരൂപങ്ങളുമായ ഒട്ടേറെ സങ്കല്‍പ്പനങ്ങളുണ്ടാകും എന്ന്‍ ഭാരതീയ സംസ്കൃതി പഠിപ്പിക്കുന്നു.എവിടെ നമുക്ക്‌ നമ്മുടെ തന്നെ സ്ഥൂലം ,സൂക്ഷ്മം ,കാരണം എന്നു മൂന്നു ദേഹങ്ങളോട്,എവിടെ നമുക്ക്‌ നമ്മോടൊപ്പം വരുന്ന ഇതരദേഹങ്ങളോട്,നാം കാണുന്നതും കേള്‍ക്കുന്നതും,സ്പര്‍ശിക്കുന്നതുമായ മറ്റുവിഷയ പ്രപഞ്ചത്തോട് പ്രിയവും അവയോട് ഇണങ്ങിനില്‍ക്കാന്‍ ഉള്ള രതിയും സംജാതമാകുന്നുവോ അത് നമ്മെ, അറിവില്‍ പരിമിതപ്പെടുത്തുകയും ഇദംഎന്ന വൃത്തിവിശേഷംഅഹംഎന്ന വൃത്തി വിശേഷത്തിലേക്ക്‌ വികസിക്കുകയാല്‍ അറിവില്ലായ്മ സംജാതമാവുകയും ചെയ്യുന്നു.


അറിവ് അതിന്‍റെ കേവല രൂപത്തില്‍ മാത്രം നില്‍ക്കുനത് അറിവിനോട് മാത്രം രതിയുണ്ടാകുമ്പോള്‍ ആണ്.
ഭാരതീയപൌരാണിക ചിന്ത പ്രകാരം ഏതു തരം രതിയിലെക്കും വിദ്യാഭ്യാസകാലം കടന്നുപോകുവാന്‍ ഇടയായാല്‍ അറിവിന്‍റെ സ്ഥാനങ്ങളില്‍ അറിവില്ലായ്മ ഉണ്ടാകും .ഇന്ന് വിദ്യാര്‍ത്ഥികളോടോ ,വിദ്യ അര്‍തിത്ഥിക്കുന്നവരാണ് എന്നു വിചാരിക്കുന്നവരോടോ അവരുടെ മനസ്സ് ഏകമായ അറിവില്‍ നിര്‍ത്തണം എന്ന്‍ ഉപദേശിക്കുവാന്‍ പറ്റാത്ത ഒരുസ്വാതന്ത്ര്യത്തിന്‍റെ ലോകമാണ്ഉള്ളത്.


ഇന്ന് ഭാരതീയ കുടുംബങ്ങളില്‍ ഒട്ടുമിക്കവയും ഭരിക്കുന്നത് പലപ്പോഴും കൊച്ചു കുട്ടികളാണ്;മുതിര്‍ന്നവരല്ല.പണ്ടുകാലത്ത്‌ ഓരോ കുടുംബത്തിലും അഞ്ചും ആറും കുട്ടികള്‍ ഉണ്ടാകും .അവര്‍ക്കൊന്നും അമിതപ്രാധാന്യം ഉണ്ടായിരുന്നില്ല.മറിച്ച് കുടുംബത്തില്‍ ഏറ്റവും പ്രധാന്യം പ്രായമായവര്‍ക്കായിരുന്നു.അവരുടെ ജീവിതം കൊണ്ടും അറിവ് കൊണ്ടും അവര്‍എത്തിനില്‍ക്കുന്ന വാര്‍ദ്ധക്യത്തെ അംഗീകരിച്ചും ,അവരുടെ അഭിപ്രായങ്ങളെ മാനിച്ചും,അവരുടെ സുഖസംതൃപ്തികള്‍ പ്രാധാന്യമുള്ളതാണ് എന്നു കണ്ടും ആയിരുന്നു കുടുംബാംഗങ്ങള്‍ പെരുമാറിപ്പോന്നത്.അവരുടെ തീരുമാനത്തിനു സസ്യജാലങ്ങളും,ജന്തുജാലങ്ങളും,കുടുംബാംഗങ്ങളും എല്ലാം ചേര്‍ന്ന് സമരസപ്പെട്ട് പാരസ്പ്പര്യം പുലര്‍ത്തിപ്പോന്നിരുന്ന വിശാലമായ ഒരു കാഴ്ച്ചപ്പാടുണ്ടായിരുന്നു.

[വാക്ക്‌ എത്ര കൂടുന്നുവോ അത്രകണ്ട് പ്രാപഞ്ചികബോധത്തിലേക്ക്‌ മനുഷ്യന്‍ വീഴാറുണ്ട്.അതുകൊണ്ട് പലപ്പോഴും വാചാലത വാഗ്മിത്വത്തിനു വഴിമാറാറുണ്ട്.ഒരുവന്‍ എത്ര വാചാലമാകുന്നുവോ അത്രത്തോളം സത്യത്തില്‍ നിന്ന് അയാള്‍ അകന്നുപോകുന്നു.എത്രകണ്ട് വാഗ്മിതയിലേക്ക്‌ ഒതുങ്ങുന്നുവോ അത്രയേറെ സത്യത്തിലേക്ക്‌ വ്യക്തി അടുക്കുകയും ചെയ്യും. Minimum words with maximum suggestiveness എന്നത് ഭാരതീയ ചിന്തയുടെ പ്രത്യകതയാണെന്നു പറയാം.]




സ്വാമി നിര്‍മ്മലാനന്ദ ഗിരി മഹാരാജിന്‍റെ പ്രഭാഷണങ്ങളില്‍ നിന്നും .

2011, മേയ് 20, വെള്ളിയാഴ്‌ച

ആരാണ് ധൃതരാഷ്ട്രന്‍

"ധൃതം രാഷ്ട്രം യേന സ: ധൃതരാഷ്ട്ര:" രാഷ്ട്രത്തെ ധരിച്ചിരിക്കുന്നവനാണ് ഈ ധൃത രാഷ്ട്രന്‍ .അയാള്‍ ജന്മാന്ധനും ആണ് .




സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ ഇന്നത്തെ മനുഷ്യസമൂഹത്തില്‍ ബഹുഭൂരിപക്ഷവും ധൃതരാഷ്ട്രനെപ്പോലെ ജന്മാന്ധന്‍ തന്നെയല്ലേ? ഞാന്‍ വിശ്വസിക്കുന്ന ഈശ്വരസങ്കലപ്പതിനു അപ്പുറം ഈശ്വര സങ്കല്‍പ്പം ഇല്ല എന്ന് വിശ്വസിക്കുന്ന ഭക്തന്‍ ,എന്‍റെ മതമോഴികെയുള്ള മതങ്ങളില്‍ അര്‍ത്ഥമില്ലെന്നു വിശ്വസിക്കുന്ന മതാനുയായി, എന്‍റെ രാഷ്ട്രീയത്തിലൂടെ വളര്‍ന്നു വരുന്ന നാളെകളില്‍ മാത്രമേ ഈ ലോകത്ത്‌ ശാന്തിയും സമാധാനവും ഉണ്ടാവുകയുള്ളൂ എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയക്കാരന്‍ ,എന്‍റെ വിശ്വാസധാരയില്‍ ഉരുത്തിരിഞ്ഞ ശാസ്ത്രത്തിന് മാത്രമേ നാളെ യുഗങ്ങളെ സൃഷ്ട്ടിക്കാന്‍ കഴിയൂ എന്ന് വിശ്വസിക്കുന്ന ശാസ്ത്രകാരന്‍, എന്‍റെ സങ്കല്‍പ്പത്തിലെ കുടുംബം മാത്രമേ യദാര്‍ത്ഥ കുടുംബം എന്ന് വിശ്വസിക്കുന്ന ഗൃഹനാഥന്‍ ,ഞാന്‍ വരച്ചുവെച്ചത് മാത്രമാണ് സന്യാസതിന്റെത് മറ്റുള്ളതെല്ലാം മറ്റെന്തിന്റെയോ ആണ് എന്ന് വിശ്വസിക്കുന്ന സന്യാസി ,ഇതിലെതിലെങ്കിലും പെടും എങ്കില്‍ അത്തരക്കാരുടെ കഥയാണ് ധൃതരാഷ്ട്രന്റെ കഥ .സ്വന്തം സ്വപ്നങ്ങളില്‍ ആയിരമായിരം സങ്കല്പ്പ സാമ്രാജ്യങ്ങള്‍ സൃഷ്ട്ടിക്കുന്ന ,അപരന്റെ സങ്കല്‍പ്പങ്ങളെ അംഗീകരിക്കാന്‍ തയ്യാറാകാത്ത ,തന്റെ സങ്കല്‍പ്പങ്ങളെ സാധിതപ്രായമാക്കുന്ന്തിനു വേണ്ടി ഈ വിശ്വാല വിശ്വത്തെ മുഴുവന്‍ തന്നിലേക്ക് വലിച്ചോതുക്കാന്‍ വെമ്പല്‍ കൊള്ളുന്ന മാനസിക ഭാവം ഉള്ള വ്യക്തികളെല്ലാം ധൃതരാഷ്ട്രര്‍ തന്നെയാണ് . അത്തരം സങ്കല്‍പ്പങ്ങളെ ശ്വാശ്വതമാക്കാന്‍ വേണ്ടി മനക്കോട്ടതീര്‍ക്കുന്ന മനുഷ്യരുടെ കഥയാണ് ധൃതരാഷ്ട്രന്റെ കഥ.

തന്‍റെയും തന്റെ മകന്റെയും ,അങ്ങിനെ നീണ്ടു പോകുന്ന പാരമ്പര്യത്തിന്റെ കണ്ണികളിലൂടെ രാജ്യഭരണത്തെ അണിയിച്ചൊരുക്കിനിര്‍ത്തി ആ നീണ്ട പാരമ്പര്യത്തിന്റെ ഉദാത്ത ഭാവനകളെ ചുമന്നു നടക്കുന്ന ആ "ധൃതരാഷ്ട്രന്‍" ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയില്‍ പോലും ഇന്നും സജീവമായി നിലകൊള്ളുന്നത് കാണുമ്പോള്‍ വ്യാസതൂലികയുടെ ശക്തി നമുക്ക്‌ ബോദ്ധ്യമാകും .

ജന്മനാ അന്ധനായ ധൃതരാഷ്ട്രനെ അവതരിപ്പിക്കുന്ന വ്യാസന്‍ ഗാന്ധാരിയെ അവതരിപ്പിക്കുനത് ശ്രദ്ധേയമാണ് .സ്വയം അന്ധത സ്വീകരിച്ച് തന്‍റെയും സന്തതിപരംബരകളുടെയും ജീവിതം ദുഃഖപൂര്‍ണ്ണമാക്കുന്ന ഗാന്ധാരിയെ ആണ് അവതരിപ്പിക്കുനത്.അന്ധനായ ഭര്‍ത്താവിനു താങ്ങും തണലും ആയിരിക്കേണ്ട സഹധര്‍മ്മിണി അതിനുപകരം സ്വയം ബാഹ്യനേത്രങ്ങള്‍ മൂടിക്കെട്ടി അകത്ത് ബാഹ്യലോകങ്ങളെ സൃഷ്ടിക്കുകയാണ് ചെയതത്.ഒടുവില്‍ താന്‍ നേടിയ തപസ്സുമുഴുവന്‍ ഈശ്വരനെ ശപിക്കാനായിട്ടാണ് ഉപയോഗിച്ചത്‌.



ഈ ലോകത്ത്‌ കണ്ണ് തുറന്നു ജീവിക്കുകയും തന്റെ ദുഖങ്ങളുടെ കാരണം താന്‍തന്നെയാണ് എന്ന് മനസ്സിലാക്കുകയും ചെയ്‌തില്ലെങ്കില്‍ ഗാന്ധാരിയെപ്പോലെ തന്റെ ചെയ്തികളുടെ മുഴുവന്‍ ഉത്തരവാദിത്വം ഏതോ അജ്ഞ്ജ്യാനതനായ ഈശ്വരനില്‍ ആരോപിച്ച് നനമയുടെ പ്രതീകമായ ഈശ്വരനെ തന്നെ നാളെ ശപിക്കാന്‍ ഇടയാകുമെന്നും വ്യാസന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു ..





സ്വാമി ശ്രീ നിര്‍മ്മലാനന്ദ ഗിരി മഹരാജിന്റെ പ്രഭാഷണങ്ങളില്‍ നിന്നും ..

2011, ഏപ്രിൽ 13, ബുധനാഴ്‌ച

ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ തിരഞ്ഞെടുപ്പ്‌ വരെ

ണ്ട് വളരെ പണ്ട് മൂന്നാംകിട അവികസിത ക്ലാസ്‌ റൂമുകള്‍ സാമ്രജ്യത്വ ശക്തികളുടെ നേരിട്ടുള്ള ഭരണത്തില്‍ ഇരിക്കുന്ന കാലം .ഒരു ക്ലാസ്‌ റൂമിന്റെ പോലും വലുപ്പം ഇല്ലാത്ത ഹെഡ്‌മാഷുടെ റൂം തന്റെ പ്രതിനിധികളായ ടീച്ചര്‍മ്മാരെ നേരിട്ട് വിട്ട് ക്ലാസ് റൂം ഭരണം നടത്തിയിരുന്ന കാലം.ആ കാലഘട്ടത്തില്‍ ക്ലാസുകളിലെ ലീഡര്‍ തിരഞ്ഞെടുപ്പ്‌ ജനാധിപത്യപരമായിരുന്നില്ല എന്ന് മാത്രമല്ല തികച്ചും പൈശാചികവും ക്രൂരവും ആയിരുന്നു.

മാഷുടെയോ ടീച്ചറുടെയോ കുട്ടികള്‍ ക്ലാസില്‍ ഉണ്ടെങ്കില്‍ അവര്‍ പുലികള്‍,അച്ഛനും അമ്മയും ടീച്ചര്‍മ്മാര്‍ ആണെങ്കില്‍ അവര്‍ പുപുലികള്‍.അപ്പോള്‍ പഠിക്കുന്ന സ്കൂളില്‍ തന്നെ അച്ഛനും അമ്മയും ടീച്ചര്‍മ്മാര്‍ ആയവര്‍ ഹോ അവരെ കുറിച്ച് വിശേഷിപ്പിക്കാന്‍ പുലി ശ്രേണിയില്‍ വാക്കുകള്‍ ഇനിയും കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.കൂടാതെ പട്ടാളക്കാരുടെയോ പോലീസിന്റെയോ ഒക്കെ മക്കള്‍ ഉണ്ടെങ്കില്‍ പറയണ്ട.അതിനിടയില്‍ എന്നെ പോലെ കൃഷിക്കാരുടെയൊക്കെ മക്കള്‍ ഉണ്ട് എങ്കില്‍ അവര്‍ പാവം പോയിട്ട് വം പോലും ആകില്ല എന്ന് പ്രത്യകം പറയേണ്ടതില്ലലോ.


ഇത്തരത്തില്‍ അതി ഭീകരായ പുലികളും പുപ്പുലികളും നിറഞ്ഞതായിരുന്നു എന്റെയും ക്ലാസ്‌.കിട്ടിയജോലി എത്രേം വേഗം ചെയ്തു സ്ഥലം കാലിയാക്കുക എന്നത് എന്റെ സഹജമായ സ്വഭാവം ആണ് ,അത് കൊണ്ട് തന്നെ ഒന്നാം ക്ലാസില്‍ ചേര്‍ത്ത അന്ന് തന്നെ കയ്യില്‍ ഉള്ള സ്ലേറ്റില്‍ അറിയാവുന്ന കാര്യങ്ങള്‍ ഒക്കെ രണ്ടു പുറവും എഴുതി നിറച്ച് ഞാന്‍ എന്റെ ക്ലാസ്‌ ടീച്ചറോട് ഇനി ഞാന്‍ പൊയ്ക്കോട്ടേ ടീച്ചറെ എന്ന് ചോദിച്ചത് ഇന്നും ആ ടീച്ചര്‍ കാണുമ്പോള്‍ പറഞ്ഞു കളിയാക്കാറുണ്ട് .സ്വാമ്രജ്യത്വത്തിന്റെ അവശേഷിപ്പുകള്‍ക്ക് ഇതിലും വലിയ ഉദാഹരണം ആവശ്യം വരില്ലലോ.

മാര്‍ക്കിന്റെ കാര്യത്തില്‍ മുതലാളിമാരും വരേണ്യവര്‍ഗ്ഗവും ഒക്കെ ആയ ഇത്തരം പുപ്പുലികളെയാണ് സാമ്രാജ്യവാദികളായ ടീച്ചര്‍മ്മാര്‍ ഭരണം നേരിട്ട് ഏല്‍പ്പിച്ചിരുന്നത്‌ .ടീച്ചര്‍മ്മാരുടെ പ്രീതി പിടിച്ചു പറ്റുന്നതിനായി പലപ്പോഴും ഈ ലീഡര്‍മ്മാര്‍ എന്നെ പോലെ ഉള്ള സാധാരണക്കാരും മാര്‍ക്കില്‍ അതീവ ദരിദ്രരും ആയ വിദ്യാര്‍ഥികളുടെ പേരില്‍ കള്ള കേസുകള്‍ ഉണ്ടാക്കല്‍ പതിവായിരുന്നു .മാത്രമല്ല ഞങ്ങളെ കൊണ്ട് ബോര്‍ഡിനു മഷി തേപ്പിക്കുക ,ഉച്ചകഞ്ഞി വിതരണം നടത്തിക്കുക ,ക്ലാസ്‌ റൂം ക്ലീന്‍ ചെയ്യിക്കുക തുടങ്ങി ഒട്ടനവധി അടിമവേലകള്‍ ചെയ്യിക്കലും പതിവായിരുന്നു.

ഇത്തരത്തില്‍ ഉള്ള അസ്വാതന്ത്ര്യങ്ങള്‍ സഹിച്ചു സഹികെട്ട് ഞങ്ങളുടെ ഇടയില്‍ നിന്നും ധാരാളം പ്രക്ഷോഭങ്ങളും മറ്റും ഉണ്ടായി അതില്‍ ഏറ്റവും പ്രാധാനം ടാര്‍ ശേഖരണം എന്നാ പേരില്‍ അറിയപ്പെട്ട ഒന്നാം സ്വാതന്ത്ര്യ സമരം തന്നെ ആയിരുന്നു.

നിരന്തരം ഉണ്ടായ അവഗണനയും അടിമത്വവും ഞങ്ങളിലെ സ്വാതന്ത്ര്യ ബോധത്തെ ഉണര്‍ത്തി,ഒരേ മനസ്സുള്ള നാലഞ്ചു പേര്‍ ചേര്‍ന്ന് ടീച്ചര്‍ ഇല്ലാത്ത നേരം ക്ലാസിലെ ഡസ്റ്റര്‍ എടുത്തു ചെറിയ തോതില്‍ ഒരു ആക്രമണം നടത്തി,ഇതിനെ തുടര്‍ന്ന് ഡസ്റ്റര്‍ കേടുവരുകയും ഒരു ബഞ്ചിന്റെ കാല്‍ ഊരി പോരുകയും ചെയ്തു .സാമ്രാജ്യത്തിനു അഭിമാനം പണയം വെച്ച ലീഡറും അവരുടെ കാല്‍ നക്കികളായ പെണ്‍കുട്ടികളും കൃത്യമായി ഞങ്ങളെ ഒറ്റി കൊടുത്തു. തുടര്‍ന്ന് ഞങ്ങള്‍ അഞ്ചു പേരും ക്ലാസിന് പുറത്താക്കപ്പെട്ടു.പുറത്ത്‌ നിന്ന ഞങ്ങളില്‍ സ്വാതന്ത്ര്യ ബോധം ആളിക്കത്തി .ആ ഇടക്കാണ് സ്കൂളിന്റെ മുന്നില്‍ ഉള്ള റോഡ്‌ ടാറിടാന്‍ ഉള്ള ഒരുക്കങ്ങള്‍ നടന്നിരുന്നത്.സ്വാതന്ത്ര്യ ബോധം മൂത്ത ഞങ്ങള്‍ സ്കൂള്‍ മതില്‍ എടുത്തു ചാടി ടാര്‍ വീപ്പയില്‍ നിന്നും ഓരോ ഉണ്ട ടാര്‍ എടുത്ത്‌ വെള്ളം ചേര്‍ത്ത്‌ ഉരുട്ടി കയ്യില്‍ വെച്ച് പ്രതിന്ജ്യ എടുത്തു ഞങ്ങള്‍ സ്വാതന്ത്ര്യം നേടുക തന്നെ ചെയ്യും.പ്രതിന്ജ്യ കഴിഞ്ഞ ശേഷം ആ ടാര്‍ എടുത്ത്‌ ഓര്‍മ്മക്കായി സൂക്ഷിക്കാന്‍ എന്റെ ചന്ദനകളര്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ തന്നെ നിക്ഷേപിക്കുകയും ചെയ്തു.വീട്ടില്‍ എത്തിയപ്പോള്‍ ടാര്‍ ഉരുകി ഷര്‍ട്ടില്‍ മൊത്തം ആയി .ഒരു യാദാസ്ഥിതിക കുടുംബം ആയതിനാല്‍ ഇത്തരം സ്വാതാത്ര്യപ്രക്ഷോഭങ്ങള്‍ അംഗീകരിക്കാന്‍ എന്റെ വീട്ടുകാരും തയ്യാറായിരുന്നില്ല. തുടര്‍ന്ന് കിട്ടിയ പുളിവാറല്‍ പ്രയോഗം ശരീരത്തിന് ക്ഷതം ഏല്‍പ്പിച്ചു എങ്കിലും സ്വാതന്ത്ര്യബോധത്തിന് ഒരു കുറവും ഉണ്ടാക്കിയിരുന്നില്ല.

ബഞ്ചിന്റെ കാല്‍ ഊരല്‍ ,ഡസ്റ്റര്‍ എടുത്ത്‌ കളയല്‍ ,ലീഡര്‍മ്മരുടെം പെണ്‍കുട്ടികളുടെം പേരുകള്‍ ചുമരില്‍ എഴുതല്‍ തുടങ്ങി അനേകം സമരമുറകള്‍ സാധാരാണക്കാരായ വിദ്യാര്‍ഥികള്‍ പലരും തുടര്‍ന്ന് വന്നു.അങ്ങിനെ ഇരിക്കെ അരവിന്ദന്‍മാഷ്‌ എന്ന ഒരു പുതിയ അദ്ധ്യാപകന്‍ വന്നു.അദേഹം ക്ലാസ്‌ ലീഡറെ പരമ്പരാഗത രീതിയില്‍ തിരഞ്ഞെടുക്കാന്‍ തയ്യാറായിരുന്നില്ല,ജനാധിപത്യത്തിന്റെ വിത്തുകള്‍ ഞങ്ങളുടെ മനസ്സില്‍ പാവി കൊണ്ട് ഞങ്ങളുടെ ജീവിതത്തില്‍ ആദ്യ തിരഞ്ഞെടുപ്പിന് തിരുകൊളുത്തുകയായിരുന്നു ആ ഗുരുവര്യന്‍.ആദ്യമായി സ്ഥിരം ആവുന്ന രണ്ടു ലീഡര്‍ അടക്കം നാല് സ്ഥാനാര്തികളെ അദേഹം തിരഞ്ഞെടുത്തു.എന്റെ പേരും ഉണ്ടായിരുന്നു ആ ലിസ്റ്റില്‍ .എന്റെ പേര് പ്രഖ്യാപിച്ച ആ സമയം തന്നെ ചില സമ്രാജ്യവാദികള്‍ കളിയാക്കികൊണ്ട് ആര്‍ത്ത് വിളിച്ചു ഒരു മഴപെയ്താല്‍ നാല് ദിവസം ക്ലാസ്സില്‍ വരാത്ത ഇവനെ ആണോ സ്ഥാനാര്‍ഥിയാക്കുന്നത്.

സംഗതി കളിയാക്കിയതാണെങ്കിലും അതില്‍ വാസ്തവം ഉണ്ടായിരുന്നു .
എന്റെ വീട്ടിലെ കാലാവസ്ഥ നിരീക്ഷണ ഉപകരണമായിരുന്നു ഞാന്‍ .കാലാവസ്ഥ മാറാന്‍ എന്തെങ്കിലും സാധ്യത ഉണ്ട് എങ്കില്‍ ഞാന്‍ തുംമ്മാനും ചുമക്കാനും ഒക്കെ തുടങ്ങും.ഞങ്ങളുടെ അയല്പക്കം അടക്കമുള്ളവര്‍ ഇത് കണ്ടു കഴിഞ്ഞാല്‍ ഉണക്കാന്‍ ഇട്ടിരിക്കുന്ന തുണി ,വിറക്‌ ഒക്കെ എടുത്ത്‌ വെക്കുമായിരുന്നു കാരണം ഇത് മഴയോ മറ്റോ വരുന്നതിന്റെ സൂചനയാണ് എന്ന് അനുഭവത്തില്‍ നിന്നും അവര്‍ മനസ്സിലാക്കിയിരുന്നു.
എന്തായാലും മാഷുടെ നിര്‍ബന്ധത്തില്‍ ഞാനും സ്ഥാനാര്‍ഥിയാക്കപ്പെട്ടു.പിന്നീട് ഒരു ആഴ്ച്ച വോട്ടു ചോദിച്ചു പ്രസംഗം പ്രചാരണം ഒക്കെ തകൃതിയായി നടന്നു.നാലാളുടെ മുന്നില്‍ നിന്ന് സംസാരിക്കാന്‍ നോക്കുമ്പോള്‍ എന്റെ ചങ്കിടിക്കാന്‍ തുടങ്ങും.വളരെ കഷ്ട്ടപ്പെട്ടു കിതച്ചും തപ്പി തടഞ്ഞും ഒക്കെ ആണ് എന്റെ ക്യാമ്പയിന്‍.എനിക്ക് പറയാന്‍ ഉള്ളത് പറഞ്ഞു ഇനി നിങ്ങള്‍ക്ക്‌ ചെയ്യാന്‍ ഉള്ളത് ചെയ്യ്‌ എന്നാ ഭാവത്തില്‍ തിരിച്ചു വന്നു ബഞ്ചില്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്ന ഒരു ആശ്വാസം പിന്നീട് ഗുരുവയൂര്‍ അമ്പലത്തില്‍ ക്യൂ നിന്ന് ദര്‍ശനം കഴിഞ്ഞു വന്നു മൂത്രം ഒഴിക്കുമ്പോള്‍ മാത്രേ എനിക്ക് കിട്ടിയിട്ടുള്ളൂ എന്നതാണ് സത്യം.

ഒടുവില്‍ ഇലക്ഷന്‍ ദിവസം വന്നു .ബാലറ്റ് പെട്ടിയും സ്കൂള്‍ സീല്‍ വെച്ച ബാലറ്റ് പേപ്പറും തയ്യാര്‍ .ഓരോരുത്തര്‍ ആയി വന്നു വോട്ടു ചെയ്തു തുടങ്ങി .ഒടുവില്‍ എന്റെ ഊഴം വന്നു.ബാലറ്റ് പേപ്പര്‍ എടുത്തു ഞാന്‍ ആലോചിച്ചു.ഏതാനും പുപ്പുലികള്‍ ഒഴികെ ബാക്കി എല്ലാവരും എനിക്കെ വോട്ടു ചെയ്യാന്‍ വഴിയുള്ളൂ.കാരണം പരീക്ഷക്കും മറ്റും എനിക്ക് കഴിയുന്ന സഹായം ഞാന്‍ എല്ലാവര്ക്കും ചെയ്യാറുണ്ട്,മാര്‍ക്ക്‌ ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ഉള്ള അന്തരം പരമാവധികുറക്കുക എന്നത് എന്റെ ലക്‌ഷ്യം ആയിരുന്നു, ചോദ്യപേപ്പറിലെ കറക്കി കുത്ത് ചോദ്യങ്ങള്‍ക്ക്‌ ഉത്തരം അടയാളപ്പെടുത്തി കൊടുക്കുക.പുറകില്‍ ഇരിക്കുന്നവന് എന്റെ പേപ്പര്‍ കാണിച്ചു കൊടുക്കല്‍,ഹോം വര്‍ക്കുകള്‍ രാവിലെ വന്നു പലര്‍ക്കും ചെയ്തു കൊടുക്കല്‍ തുടങ്ങി അനേകം .അത് കൊണ്ട് തന്നെ ആ നന്ദി അവര്‍ കാണിക്കും .പക്ഷെ എന്റെ കൂടെ നില്‍ക്കുന്ന ഒരു പാവം സ്ഥാനാര്‍ഥിയുണ്ട്,ഒരു ടീച്ചറുടെ മകന്‍ ആയിട്ട് കൂടി സാമ്രാജ്യത്വ ബോധങ്ങള്‍ക്ക് എതിരായി ഞങ്ങളുടെ കൂടെ കൂടിയിരുന്ന ഒരു മഹത് വ്യക്തി,അവനെ കൈയ്യോഴിയാന്‍ എനിക്ക് തോന്നിയില്ല,എനിക്ക് ഒരു പാട് വോട്ടു കിട്ടും എന്നാല്‍ എന്റെ ഒരു വോട്ടെങ്കിലും അവനു കിട്ടട്ടെ എന്ന് കരുതി ഞാന്‍ അവനു വോട്ട് ചെയ്തു.

വോട്ടെണ്ണല്‍ തുടങ്ങി എണ്ണി എണ്ണി അവസാന വോട്ട് എണ്ണിയപ്പോഴും എന്റെ പേരില്‍ ഒരു എണ്ണം പോലും പെട്ടിയില്‍ ഇല്ല .കൂവി വിളികള്‍ക്കും കളിയാക്കലുകള്‍ക്കും ഇടയില്‍ ഡസ്ക്കില്‍ തലവെച്ച് ഞാന്‍ ആശ്വസിച്ചു.ജനാധിപത്യത്തിന്റെ കാവലാള്‍ ആവാന്‍ ഒരിക്കലും ഒരു സ്ഥാനം വഹിക്കുന്നവന് സാധ്യമല്ല .ജനങ്ങളുടെ ഇടയില്‍ ഒരുവനായി പ്രവര്‍ത്തിക്കുന്ന അധിക്കാരത്തിന്റെ അപ്പകഷ്ണം കൈ കൊണ്ട് തൊടാത്തവാനാണ് യദാര്‍ത്ഥ ജനാധിപത്യക്കാരന്‍..!

2011, മാർച്ച് 22, ചൊവ്വാഴ്ച

പെണ്ണുകാണല്‍ മഹാമഹം അഥവാ മാനം പറന്ന മേഘം

ടവപ്പാതിയിലെ കോരി ചൊരിയുന്ന മഴയുടെ ഇറായാല്‍ വെള്ളം വീഴുന്ന സംഗീതവും ജനലിലൂടെ വീശുന്ന കുളിര്‍കാറ്റുമേറ്റ് കമിഴ്ന്നു കിടന്നു ഉറങ്ങുന്ന ഒരു സുഖം ഉണ്ട് ഒരു സ്വര്‍ഗ ലോകത്തും ആ സുഖം കിട്ടും എന്ന് എനിക്ക് തോനുന്നില്ല . ആ സുഖം കിട്ടാന്‍ വേണ്ടി മാത്രമാണ് കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി എന്ന എയര്‍ ഇന്ത്യക്ക്‌ ടിക്കറ്റും എടുത്ത്‌ എല്ലാ വര്‍ഷവും നാട്ടിലെത്തുന്നത്. കോരിചൊരിയുന്ന മഴയും തണുപ്പും ഉണ്ടായിട്ടും അതി രാവിലെ അലാറം വെച്ച് എഴുനേറ്റത് പിന്നെ എന്തിനാ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം അതിനു തക്കതായ കാരണമുണ്ട് .വര്ഷം മുഴുവനും ബ്രോയിലര്‍ ചിക്കനും കോപ്പുമെല്ലാം കഴിച്ചു ആരോഗ്യം മുഴുവന്‍ നശിച്ചു ഒരു പരുവമായി നാട്ടിലെത്തുമ്പോള്‍ അല്പം ആയുര്‍വേദമരുന്ന് ഒക്കെ കഴിച്ചു ശരീരത്തെ ഒന്ന് പ്യൂരിഫൈ ചെയ്യുന്നതില്‍ തെറ്റുണ്ടോ ?ഉണ്ട് എന്ന് നിങ്ങള്‍ പറഞ്ഞാലും ഡോകട്ടര്‍ നമ്പൂരി സമ്മതിക്കില്ല കാരണം അദേഹത്തിനും ഇടകൊക്കെ ആരോഗ്യം പ്യൂരിഫൈ ചെയ്യണമല്ലോ.ചവര്‍പ്പും കയ്പ്പും പുളിയും എന്ന് വേണ്ടാ നവ രസങ്ങളും തൊണ്ടയിലൂടെ കുത്തി ഇറക്കുന്ന പോലെ ആയിരുന്നു അവിപത്തി ചൂര്‍ണ്ണം ചൂടുവെള്ളത്തില്‍ കുടിക്കുമ്പോള്‍, അകത്തോട്ട് ഇറക്കുമ്പോള്‍ തന്നെ നമ്പൂരി പറഞ്ഞ വാക്കുകള്‍ മനസ്സിലോടിയെത്തി " ആദ്യദിവസം വീട് വിട്ടു പോണ്ടാ , വയറു നന്നായി ഒന്ന് ഇളകും പിന്നെ ഇളക്കമനുസരിച്ചു ചൂര്‍ണ്ണത്തിന്റെ അളവ് ക്രമീകരിക്കാം എന്താ" ഉവ്വ..!

പല്ല് തേപ്പ് കഴിഞ്ഞ് രാവിലെ കാപ്പിക്ക് കാത്തിരുന്നപ്പോള്‍ അടുക്കളയില്‍ നിന്നും ഒരു അറിയിപ്പ്‌ കിട്ടി ആയുര്‍വേദം കഴിക്കുമ്പോള്‍ കാപ്പി കുടിക്കണ്ട ! ഈശ്വരാ ആ പരിപാടിയും തീര്‍ന്നു, മരുന്ന് വേണ്ടായിരുന്നു!
പത്രം വായിച്ചു കൊണ്ടിരുന്ന അച്ഛന്‍ കാപ്പി ഊതി ഊതി കുടിക്കുന്നത് കൊതിയോടെ നോക്കി അപ്പ്രത്ത് ഇരുപ്പ്‌ ഉറപ്പിച്ചു. ഇടക്ക് എന്തോ വെളിവാട് വന്നപോലെ അച്ഛന്‍ എന്നോട് ഒരു ചോദ്യം "ന്താ ഇന്ദു ചൂടന്റെ ഫ്യൂച്ചര്‍ പ്ലാന് ബ ബ ബ സോറി മാറിപ്പോയി എന്താ ഇന്ന് നിന്റെ പരിപാടി"
ഭവ്യതയോടെ ഞാന്‍ മൊഴിഞ്ഞു 'ഒന്നുമില്ലാച്ഛാ...'
അച്ഛന്‍ : എന്നാലേ ബ്രോക്കര്‍ വിശ്വംഭരന്‍ വരും
ഞാന്‍:അതിനെന്താ അയാള്‍ സ്ഥിരം വന്നു വല്ല തടികച്ചവടക്കാരെപ്പോലെ അവിടെ നല്ല കുട്ടിയുണ്ട് ഇവടെ നല്ല കുട്ടിയുണ്ട് എന്നൊക്കെ പറഞ്ഞു നൂറോ ഇരുന്നൂറോ വാങ്ങി പോകുന്നത് പതിവല്ലേ.
അച്ഛന്‍ : ഇത് അതുപോലെയല്ല ഇന്ന് പത്ത്‌ മണിക്ക് കൂറ്റനാട് ഉള്ള ഒരു കുട്ട്യേ കാണാന്‍ ചെല്ലാമെന്ന് പറഞ്ഞിട്ടുണ്ട്,
ഞാന്‍ അസ്വസ്ഥയുടെ കൊടുമുടി കയറാന്‍ ആരംഭിച്ചു അച്ഛന്‍ കല്‍പ്പിച്ചത് കല്യാണവും വൈദ്യന്‍ കല്‍പ്പിച്ചത് വയറിളക്കവും ആണല്ലോ ഹെന്ടീശ്വരാ .............. മനസ്സിന്റെ ബാക്ക് ഗ്രൗണ്ടില്‍ പ പ പ്പ പാ എന്നാ ശോക മുസ്സിക്ക്‌.

ആലോചനകള്‍ പലതും നടപ്പുണ്ടായിരുന്നു എങ്കിലും പെണ്ണ് കാണല്‍ ഇത് വരെ ചെയ്തിട്ടില്ല , വില്‍പ്പന ചരക്ക്‌ പോലെ ഒരു പെണ്‍‍ കുട്ടി നിസ്സഹായയായി മുന്നില്‍ വന്നു നില്‍ക്കുനത് എനിക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല, പക്ഷെ സമ്മര്‍ദ തന്ത്രങ്ങള്‍ കൂടിയപ്പോള്‍ സമ്മതിക്കാതെ ഇരിക്കാന്‍ എനിക്ക് നിവര്‍ത്തിയുമില്ലായിരുന്നു.എന്തായാലും ടോയിലറ്റില്‍ പല തവണ പോയി എങ്കിലും വൈദ്യര്‍ പറഞ്ഞ പോലെ ഒന്നും സംഭവിച്ചില്ല ,തികച്ചും സാധാരണമായി തന്നെ വയര്‍ പെരുമാറിയപ്പോള്‍ ഞാന്‍ അല്‍പ്പം ഉന്മേഷവാനായി, കുളിച്ചു ഒരുങ്ങി വണ്ടിയില്‍ കേറി കാണാന്‍ പോകുന്ന പെണ്‍ കുട്ടിക്ക് ഭാവനയാല്‍ പല രൂപങ്ങളും നല്‍കി കൊണ്ട് കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വെള്ളിയാങ്കല്ല് പാലവും താണ്ടി യാത്ര തുടര്‍ന്നു.

പെണ്ണിന്റെ വീട്ടിലേക്ക്‌ കാലെടുത്ത് വെച്ചപ്പോള്‍ മോനെ വയറ്റില്‍ ഒരു ലഡു പൊട്ടി ......ഏയ്‌ ഇല്ല ടെന്‍ഷന്‍ കാരണം ഉള്ള തോന്നലാകും ...പച്ചകുതിരയില്‍ സലിം കുമാര്‍ പറഞ്ഞ പോലെ ഇല്ലാത്ത ദൈവത്തെ പോലും വിളിക്കുന്ന സന്ദര്‍ഭം. അറിയാത്ത പല വഴിപാടും നേര്‍ന്നു . ഭഗവാനെ ചതിക്കല്ലേ ,,,നാറ്റിക്കല്ലേ, ഞാന്‍ ഇനി നല്ല പോലെ ജീവിക്കാമെ ....ഹോ പ്രാര്‍ത്ഥന കേട്ടോ എന്തോ വയര്‍ വീണ്ടും ശാന്തമായി . ഉമ്മറത്ത് ഇട്ടിരുന്ന കസേരകളിലോന്നില്‍ ഇരുപ്പ് ഉറപ്പിച്ചപോഴും കണ്ണുകള്‍ ആരെയോ പരതുകയായിരുന്നു.വീടിനെയും നാടിനെയും കുറിച്ച് ഉള്ള വേടിവട്ടങ്ങളാല്‍ സദസ്സ്‌ കൊഴുത്തു തുടങ്ങി , ഇടക്ക് ചില ചോദ്യങ്ങള്‍ എന്റെ നേരെയും വന്നു കൊണ്ടിരുന്നു .അകത്ത്‌ നിന്ന് അടക്കി പിടിച്ച ശബ്ദങ്ങളും വളയുടെയും പാദസരത്തിന്റെയും കിലുക്കങ്ങള്‍ കേള്‍ക്കുന്നത് എന്റെ കരളിനെ കുളിരണിയിച്ചു.പെണ്‍കുട്ടിയുടെ സൌന്ദര്യത്തെ കുറിച്ച് വീണ്ടും ഞാന്‍ ചില സ്വപ്നത്തിലേക്ക്‌ വഴുതി.മോനെ വയറ്റില്‍ അടുത്ത ലഡു പൊട്ടി ....അതി ശക്തമായ ഒരു ഭൂചലനം നടന്ന അവസ്ഥ. വയറില്‍ അമര്‍ത്തി പിടിക്കാന്‍ തോനുന്നു. തലകറങ്ങുന്നു... ദൈവമേ ചതിക്കല്ലേ ,, മനമുരുകിയ പ്രാര്‍ത്ഥന വീണ്ടും ഫലിച്ചു വയര്‍ വീണ്ടും ശാന്തമായി .
ചായ ഒരുക്കി വെച്ച് പെണ്‍വീട്ടുകാര്‍ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു, ആരും കാണാതെ ഞാന്‍ എല്ലായിടവും പരതി ആ സൌന്ദര്യദാമം എവിടെയായിരിക്കും , അവള്‍ എന്നെ കാണുന്നുണ്ടാകുമോ.. എന്റെ മുടി ശരിയാണോ, ഷര്‍ട്ടും മുണ്ടും ഒക്കെ വൃത്തിക്കാണോ , ഈശ്വരാ ഒരു പിടിയും ഇല്ല, കണ്ടാല്‍ എന്നെ ഇഷ്ട്ടപെടുമോ എന്തോ ...ചായ കുടിക്കുന്നതിനിടയില്‍ ആരോ പറഞ്ഞു "അവര്‍ ഒറ്റക്ക് സംസാരിക്കട്ടെ അതാ നല്ലത്"
വയസ്സായ ഒരാള്‍ പറഞ്ഞു മോന്‍ അങ്ങോട്ട്‌ ചെല്ല് കുട്ടി അവിടെ നില്‍പ്പുണ്ട് . ലജാ വിവശനായി ഞാന്‍ അച്ഛന്റെ ചെവിയില്‍ പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു 'അച്ഛാ അച്ഛനും കൂടി വാ എനിക്ക് നാണമാ' അതിനു അച്ഛന്‍ പറഞ്ഞ മറുപടി ഞാന്‍ തല്‍ക്കാലം എഴുതുന്നില്ല. എന്തായാലും ഞാന്‍ പെണ്ണിന്റെ അടുത്ത് എത്തി .


നാണിച്ചു മുഖം കുനിച്ചു കാല്‍ വിരല്‍ കൊണ്ട് ടൈല്‍സിന്റെ ഇടയില്‍ ഉള്ള വരകളില്‍ കുത്തിവരച്ച് അവള്‍ നില്‍ക്കുന്നു. മോനെ വയറ്റില്‍ ഒരു പതിനഞ്ചു ലഡു ഒരുമിച്ചു പൊട്ടി.ടൈറ്റാനിക്കില്‍ കപ്പല്‍ മറയാന്‍ പോകുമ്പോള്‍ ഉണ്ടാകുന്ന പോലെ ഉള്ള വിറയലും പൊട്ടലും ചീറ്റലും , ഈശ്വരാ എന്റെ വയര്‍ ഇപ്പോള്‍ പൊട്ടും , വേദന കൊണ്ട് ഞാന്‍ പുളഞ്ഞു,മണ്ഡലം കീറുമോ ....വയറില്‍ അഗ്നിപര്‍വത സ്ഫോടനമാണോ.
എന്താ കുട്ടിയുടെ പേര് , എത്ര വരെ പഠിച്ചു എന്നൊക്കെയുള്ള പതിവ് ചോദ്യങ്ങള്‍ പ്രതീക്ഷിച്ചു നില്‍ക്കുന്ന യുവ സുന്ദരിയോടു ഞാന്‍ ചോദിച്ചു എവിടാ കുട്ടി ടോയ്ലറ്റ് വേഗം പറയൂ പ്ലീസ്‌. അവളുടെ ചൂണ്ടുവിരല്‍ കാണിച്ച മാര്‍ഗരേഖയിലൂടെ വാലിനു തീ പിടിച്ച പോലെ ഞാന്‍ പാഞ്ഞു.


പെണ്‍ വീട്ടുകാരുടെ പെരുമാറ്റം ഇഷ്ട്ടപെടാത്തത് കൊണ്ടാണ് ഞാന്‍ അങ്ങിനെ ഒക്കെ ചെയ്തത് അല്ലാതെ എനിക്ക് ടോയിലറ്റില്‍ പോകേണ്ട യാതൊരു കാര്യവും ഇല്ലായിരുന്നു എന്നരീതിയിലൊക്കെ എല്ലാവരെയും വിശ്വസിപ്പിക്കാന്‍ ഞാന്‍ പല വിഫല ശ്രമങ്ങളും നടത്തി. അവരുടെ ഉമ്മറത്ത്‌ നിന്ന് ഇറങ്ങുമ്പോള്‍ പുറകില്‍ നിന്ന് ഉയര്‍ന്ന് കേട്ട പൊട്ടിചിരികളില്‍ ഹൃദയ സ്പര്‍ശിയായി വേറിട്ട്‌ നിന്ന ആ ശബ്ദം അവളുടെതായിരിക്കുമെന്നെനിക്കുറപ്പുണ്ട്.........