2014, നവംബർ 21, വെള്ളിയാഴ്‌ച

ഇലാമപ്പഴം

വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഗുരു എന്ന മലയാള സിനിമ അനുഭവിക്കുകയായിരുന്നു .മുന്നേ അത് ഒരു കാണല്‍ മാത്രമേ ആയിരുന്നുള്ളൂ.
ഗുരു ചരണത്തില്‍ സ്വയം സമര്‍പ്പിക്കുന്ന സാധകന്‍ ധ്യാനത്തിന്റെ അജ്ഞേയമായ ലോകത്തേക്ക് എടുത്ത് എറിയപ്പെടുന്നു.ശാന്തിയുടെ ഗിരി ശൃംഗങ്ങളില്‍ എത്തിയ സാധകന്‍ അകകാഴ്ചയുടെ ആനന്ദം അനുഭവിക്കുന്നു.
സത്തും അസത്തും തിരിച്ചറിയാതെ ,ജ്ഞാനമാകുന്ന കുരു കളഞ്ഞു ആചാര ദൂഷ്യങ്ങള്‍ ആകുന്ന പുറം തോട് ഭക്ഷിച്ചു സ്വയം കാഴ്ച നഷ്ടപ്പെട്ട ഇരുട്ടില്‍ നിന്ന് കൂരിരുട്ടിലേക്ക് അന്ധരാല്‍ നയിക്കപ്പെടുന്ന ഒരു സമൂഹത്തെ രക്ഷിക്കുന്നതിന് അദ്ദേഹം നിയോഗിക്കപ്പെടുന്നു.
കാഴ്ചയുടെ സത്യത്തെ കുറിച്ച് അവരില്‍ ഒരാളെ ബോധിപ്പിക്കാന്‍ അയാള്‍ക്ക് കഴിയുന്നു.കാഴ്ചയുടെ മഹത്വം വിളിച്ചു പറഞ്ഞ അയാളെ അന്ധരായ ജനക്കൂട്ടം ഭ്രാന്തനായും പിശാചായും രാജ ദ്രോഹിയായും മുദ്രകുത്തുന്നു.താല്‍കാലികമായി രക്ഷക്ക്‌ വേണ്ടി അവരില്‍ ഒരാളുടെ വേഷം ധരിച്ച് അവര്‍ക്കിടയില്‍ കഴിയേണ്ടിവരുന്നു.
വിശിഷ്ട ഭോജ്യമായി കരുതിയ ആചാര ദൂഷ്യങ്ങളാണ് അന്ധതയുടെ കാരണമെന്ന് സ്വാനുഭവത്തിലൂടെ തിരിച്ചറിയുന്ന അയാള്‍ക്ക് കാഴ്ചയുടെ മഹത്വത്തെ കുറിച്ച് കൂടുതല്‍ പേരെ ബോധ്യപ്പെടുത്താന് സാധിക്കുന്നതോടെ അദേഹം ഗുരുതത്വത്തിലേക്ക്‌ ഉയര്‍ത്തപ്പെടുന്നു.
യമ നിയമങ്ങളുടെ മതിലുകള്‍ തീര്‍ത്ത് ആത്മസാധനയാകുന്ന ഔഷധം നല്‍കി അവരെ അക കാഴ്ചക്ക്‌ പ്രാപ്തമാക്കുന്നു.അന്ധതയുടെ അയുക്തമായ കാഴ്ചപരീക്ഷണങ്ങളും അതിജീവിച്ചു ജ്ഞാന കാഴ്ചയുടെ പ്രാധാന്യം രാജവടക്കമുള്ള ജനങ്ങള്‍ക്ക് അദേഹം ബോധിപ്പിക്കുന്നു.
ഇലാമപ്പഴത്തിന്‍റെ പുറം ചട്ടയാകുന്ന മതാന്ധതയുടെ മതിലുകള്‍ തകര്‍ത്ത്‌ വര്‍ണ്ണ വര്‍ഗ അസമത്വങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും എല്ലാം ഏക പരിഹാരം ബോധോദയം എന്ന ഒരേ ഒരു വിപ്ലവം മാത്രം എന്ന് രാജീവ്‌ അഞ്ചല്‍ വളരെ മനോഹരമായ ബിംബവല്‍ക്കരണത്തിലൂടെ അവതരിപ്പിക്കുന്നു.
അജ്ഞാന തിമിരാന്തസ്യ ജ്ഞാനാഞ്ജന ശലാകയാ,. ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരവേ നമ:

2014, സെപ്റ്റംബർ 12, വെള്ളിയാഴ്‌ച

ഒഴിഞ്ഞ തോണി എന്ന ഓഷോ പുസ്തകത്തില്‍ നിന്നും ഒരേട്

"തെക്കു ഭാഗത്ത്‌ ജീവിക്കുന്ന പുനര്‍ജ്ജനിപക്ഷിക്ക് പ്രായമാവാറില്ല അത് താങ്കള്‍ കേട്ടിട്ടുണ്ടോ "?
ഒരു ചൈനീസ്‌ പുരാവൃത്തം .അത് സുന്ദരവും അര്‍ത്ഥപൂര്‍ണ്ണവും ആണ് .പുരാവൃത്തം സത്യമല്ല പക്ഷെ ഇതൊരു സത്യത്തെക്കാളും അത് സുന്ദരമാണ്.പുരാവൃത്തം എന്നാല്‍ അര്‍ത്ഥവാദകഥയാണ്.-മറ്റൊരുതരത്തിലും സൂചിപ്പിക്കാന്‍ കഴിയാത്തതിനെയാണത് സൂചിപ്പിക്കുന്നത്.
ചൈനക്കാര്‍ക്ക്‌ ഇന്ത്യ തെക്കാണ്.ആ പക്ഷി ഇന്ത്യയിലാണ് ജീവിക്കുന്നത്.ഐതീഹ്യം പറയുന്നത് ലൌതസു അപ്രത്യക്ഷനായത്‌ തെക്ക്‌ ദേശത്തേക്കാണ് എന്നാണ് .അദേഹം എപ്പോളാണ് ദിവംഗതനായത്‌ എന്നത് ആര്‍ക്കും അറിയില്ല .അത്തരം ആള്‍ക്കാര്‍ തെക്കോട്ട് പോവുക മാത്രം ചെയ്യുന്നു .അവര്‍ ഇന്ത്യയിലേക്ക്‌ അപ്രത്യക്ഷരാകുന്നു.

ബോധി ധര്‍മ്മന്‍ തെക്ക്‌ നിന്ന് വന്നു എന്നാണ് പറയുന്നത് .അദേഹം ഭാരതം വിട്ടു ബുദ്ധന്‍റെ അനര്‍ഘമായ ഉപദേശം കൈമാറാന്‍ ഒരു ശിഷ്യനെ അന്വേഷിച്ചു ഇറങ്ങിയതായിരുന്നു .ഒന്‍പത് വര്‍ഷത്തേ കാത്തിരിപ്പിന് ശേഷം അദേഹം ദക്ഷിണാവര്‍ത്തത്തിലേക്ക്‌ മടങ്ങി.ചൈനക്കാരുടെ ദക്ഷിണ ദേശം ഭാരതമാണ്.ഇവിടെ ഉദയം കൊണ്ടിട്ടില്ലാത്ത പുരാവൃത്തവും  ലോകത്ത്‌ എവിടെയും ഇല്ല .

ശാസ്ത്രം യവനമനസ്സിന്‍റെ സൃഷ്ടിയാണ്.പുരാവൃത്തം ഭാരതീയ മനസ്സിന്‍റെ സൃഷ്ടിയും.ലോകത്തെ നോക്കുന്നതിനു രണ്ടു വഴികള്‍ മാത്രമേ ഉള്ളൂ.ഒന്ന് ശാസ്ത്രവും മറ്റേത് മതവും.ശാസ്ത്രത്തിലൂടെയാണ് നിങ്ങള്‍ നോക്കുന്നത് എങ്കില്‍ അത്‌ വിശകലനത്തിന്‍റെ ഗണിതത്തിന്റെ,തര്‍ക്ക ശാസ്ത്രത്തിന്‍റെയാണ്.

ആഥന്‍സ് അഥവാ യവന മനസ്സ് ,ലോകത്തിനു ശാസ്ത്രവും വിശകലനത്തിന്റെ സോക്രാറ്റിക്ക് മാര്‍ഗവും പ്രദാനം ചെയ്തു.മതമാകട്ടെ ലോകത്തെ നോക്കി കാണുന്നതിനുള്ള തീര്‍ത്തും വ്യത്യസ്തമായ ഒരു ആശയ സംഘാതമാണ്.അത്‌ കവിതയിലൂടെ പുരാവൃത്തത്തിലൂടെ ,സ്നേഹത്തിലൂടെ ലോകത്തെ ദര്‍ശിക്കുന്നു.തീര്‍ച്ചയായും അത്‌ ഭാവനാത്മകമാണ്.അതിനു വസ്തുതകള്‍ തരാനാവില്ല.അതിനു കല്പിത കഥകള്‍ തരാനേ ആവൂ.എന്നാല്‍ കല്പിത കഥകള്‍ ഏതു വസ്തുവിനെക്കാളും വാസ്തവം ഉള്‍കൊള്ളുന്നുണ്ട് എന്ന് ഞാന്‍ പറയും.കാരണം അവ നിങ്ങള്‍ക്ക്‌ ഏറ്റവും അകത്തുള്ള കാമ്പാണ് തരുന്നത്.ബാഹ്യമായ സംഭവങ്ങളെ കുറിച്ച് അതിനു താത്പര്യമില്ല.അത്‌ കൊണ്ട് തന്നെ ഭാരതത്തിനു ചരിത്രമില്ല.ഇന്ത്യക്ക്‌ പുരാവൃത്തങ്ങളും പുരാണങ്ങളും ആണുള്ളത്.

ശ്രീരാമന്‍ ഒരു ചരിത്ര പുരുഷന്‍ ആയിരുന്നില്ല.അദേഹം ഉണ്ടായിരുന്നു എന്നോ ഇല്ലായിരുന്നു എന്നോ പറയാം.അത്‌ തെളിയിക്കാന്‍ കഴിയില്ല.ശ്രീ കൃഷ്ണന്‍ ഒരു പുരാണ കഥാപാത്രമാണ്.അദേഹം ഉണ്ടായിരുന്നിരിക്കം ഇല്ലാതിരുന്നിരിക്കാം .എന്നാല്‍ രാമനോ കൃഷണനോ ചരിത്ര പുരുഷന്‍മാര്‍ ആയിരുന്നോ എന്ന കാര്യത്തില്‍ ഇന്ത്യക്ക്‌ താത്പര്യം ഇല്ല.അവ സാരഗര്‍ഭങ്ങളാണ്.മഹത്തായ ഇതിഹാസ കാവ്യങ്ങളാണ്.
ചരിത്രം നഗ്നമായ വസ്തുതകളെ അല്ലാതെ ആഴത്തിലുള്ള അകകാമ്പ് വെളിപ്പെടുത്തുന്നില്ല. എന്നത്കൊണ്ട് ചരിത്രം ഭാരതത്തെ സംബന്ധിച്ച് അര്‍ത്ഥശൂന്യമാണ്.ഏറ്റവും അകത്തുള്ള കാമ്പിലാണ് ഭാരതത്തിന്‍റെ ശ്രദ്ധ.ചക്രത്തിന്റെ നാഭിയിലാണ് നമ്മുടെ ശ്രദ്ധ.ചക്രം തിരിഞ്ഞു കൊണ്ട് ഇരിക്കുന്നു എന്നാല്‍ ചലന രഹിതമായ നാഭി പുരാവൃത്തമാകുന്നു.

ശ്രീരാമന്‍ ഒരിക്കലും ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല .ക്രിഷനനും ഒരിക്കലും ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല .അവര്‍ ജനന മരണങ്ങള്‍ക്ക് വിധേയരല്ല.അവരെപ്പോഴും ഇവിടെയുണ്ട്.പുരാവൃത്തത്തിന്‍റെ താത്പര്യം കാലത്തിലല്ല.അതിനു ശ്വാശതീകത്തിലാണ് താത്പര്യം.ചരിത്രം കാലത്തിനൊപ്പം മാറികൊണ്ടിരിക്കുന്നു.പുരാവൃത്തം എന്നും പ്രസക്തമാണ്.പുരാവൃത്തം ഒരിക്കലും കാലഹരണപ്പെടുന്നില്ല.ഇന്നലത്തെ പത്രം ഇന്ന് കാലഹരണപ്പെടുന്നു. ശ്രീരാമന്‍ പത്രത്തിന്‍റെ ഭാഗമല്ല അദേഹം വാര്‍ത്തയല്ല.അദേഹം ഒരിക്കലും കാലഹരണപ്പെടുന്നില്ല.അദേഹം എന്നും വര്‍ത്തമാന കാലത്തിലാണ്.എന്നും അര്‍ത്ഥ പൂര്‍ണ്ണനും സംഗതനും ആണ്.ചരിത്രം മാറികൊണ്ടിരിക്കുമ്പോഴും ശ്രീരാമന്‍ അചഞ്ചലനായി ചക്രത്തിന്‍റെ നാഭിയില്‍ സ്ഥിതി ചെയ്യുന്നു.
അതുകൊണ്ടാണ് ഭാരതം ഭൂമിശാസ്ത്രത്തിന്റെയോ ചരിത്രത്തിന്റെയോ ഭാഗമല്ല എന്നും ആന്തരികമായ ഒരു ഭൂപടത്തിന്റെ ഭാഗമാണ് എന്നും ഞാന്‍ ആവര്‍ത്തിച്ചു പറയുന്നത്.എപ്പോഴൊക്കെ മനുഷ്യന്‍ തന്‍റെ ആന്തരികതയിലേക്ക്‌ ഇറങ്ങി ചെല്ലുന്നുവോ അപ്പോഴൊക്കെ അവന്‍ ഭാരതത്തില്‍ എത്തുന്നു.ഇന്ത്യയുടെ സനാതനമായ ആകര്‍ഷണ ശക്തിക്കും കാന്ത ശക്തിക്കും കാരണമതാണ്.പുനര്‍ജനിപ്പക്ഷിയും ദക്ഷിണ ദേശവും ഭാരതവും ചിരന്തനത്വവും .ഒന്നിനും പ്രായമാവുകയോ മാറ്റം വരുകയോ ചെയ്യുന്നില്ല.എല്ലാം നിശ്ചലമാണ്.

2014, ജൂലൈ 15, ചൊവ്വാഴ്ച



പ്രിയങ്കരനായ ഗുരോ, ദൈവം നിലനില്‍ക്കുന്നുവെന്ന് താങ്കള്‍ക്ക് എന്നെ ബോധ്യപ്പെടുത്താനാകുമോ ?

സര്‍ഗം,
നിങ്ങള്‍ എന്തിനാണ് ദൈവത്തെ ചൊല്ലി വ്യാകുലപ്പെടുന്നത്.അദ്ദേഹം നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്.എന്ത് കൊണ്ട് നിങ്ങള്‍ക്ക്‌ ദൈവത്തെ മാപ്പാക്കുകയും അദേഹത്തെ മറക്കുകയും ചെയ്തുകൂടാ!.അദേഹത്തിന്റെ കാര്യത്തില്‍ എന്തിനു ഇത്ര താത്പര്യം കാണിക്കണം.ആ താത്പര്യം ജീവിതത്തിന്‍റെ കാര്യത്തിലോ അസ്തിത്വത്തിന്‍റെ കാര്യത്തിലോ കാണിച്ചുകൂടായോ ?അപ്പോള്‍ നിങ്ങള്‍ക്ക്‌ ദൈവത്തെ കാണാനാകും.ആ ശരിയായ സമയത്ത്‌ ജീവിതം പ്രഭാപൂരിതമാകും.നിങ്ങളുടെ അസ്തിത്വം തന്നെ ദൈവ സന്നിഹിതമാകും.ഇതെല്ലം നിങ്ങളുടെ ആന്തരിക വ്യക്തതയെ ആശ്രയിച്ചിരിക്കുന്ന കാര്യങ്ങളാണ്.നേരാംവണ്ണം കാണുകയാണ് എങ്കില്‍ ദൈവം മാത്രമാണ് സത്യം എന്ന് നിങ്ങള്‍ക്കറിയാനാകും.അതിന് തെളിവാവശ്യമില്ല.ഇനി നിങ്ങളുടെ കാഴ്ചക്ക് വ്യക്തതയില്ല എന്ന്കരുതുക.പിന്നെ ഒരു തെളിവും ഇക്കാര്യത്തില്‍ സഹായമാകാന്‍ പോകുന്നുമില്ല. നൂറ്റാണ്ടുകളായി ദൈവത്തിനു അനുകൂലമായും പ്രതികൂലമായും വാദം നടത്തിക്കൊണ്ടിരിക്കുന്ന ദാര്‍ശനികരുണ്ട്.അയ്യായിരം വര്‍ഷങ്ങളായി അവര്‍ അത് തുടരുന്നു.എന്നാല്‍ അടുത്തെങ്ങും നിഗമനത്തില്‍ എത്താന്‍ പോകുന്നില്ല.ആര്‍ക്കും നിഗമനത്തില്‍ എത്താന്‍ ആകുന്നില്ല .അയ്യായിരം വര്‍ഷങ്ങളായി നടന്ന നിരന്തരമായ ഊഹങ്ങള്‍,ചിന്തകള്‍ തര്‍ക്കങ്ങള്‍,വിചിന്തനങ്ങള്‍ എന്നിവക്ക് ശേഷവും ഫലമെന്താണ്?അതെല്ലാം തന്നെ നിരര്‍ത്ഥകമായ പ്രവൃത്തികളായിരുന്നു.ഇപ്പോഴും നിങ്ങള്‍ തെളിവുകള്‍ ആവശ്യപ്പെടുന്നു. ദൈവനിലനില്‍പ്പിന്‍റെ തെളിവുകള്‍ ഹാജരാക്കപ്പെട്ടാല്‍ അതിനെതിരായി ഒരാള്‍ക്ക് വാദിക്കാനാകും.ആ തെളിവുകളെ ദുര്‍ബലമാക്കാന്‍ കഴിയും.ആ തെളിവുകളില്‍ തെറ്റുകള്‍ കണ്ടെത്താന്‍ കഴിയും.അതിനുള്ള ഒറ്റക്കാരണം വിചിന്തന രീതികൊണ്ട് തെളിയിക്കാന്‍ പാകത്തിന് ഒരു വസ്തുവല്ല ദൈവം എന്നതാണ്.മനസ്സിനും ചിന്തക്കും തര്‍ക്കശാസ്ത്രത്തിനും അപ്പുറത്തുള്ള നിങ്ങളുടെ തന്നെ ആത്മനിഷ്ഠതലമാണ് ദൈവം. ദൈവം ഒരു വസ്തുവല്ല;മറിച്ച് ഒരു അനുഭവമാണ്.ഒരു അനുഭവത്തെ എപ്രകാരമാണ് തെളിയിക്കാനാവുക.പ്രണയം എന്ന അനുഭവം നിങ്ങള്‍ക്ക്‌ തെളിയിക്കനാവുമോ.പ്രേമം നിലനില്‍ക്കുന്നുണ്ട് എന്നും സൌന്ദര്യം നിലനില്‍ക്കുന്നുണ്ട് എന്നും ആര്‍ക്കും തെളിയിക്കാനായിട്ടില്ല.സത്യത്തില്‍ മൂല്യവത്തായ ഒന്നിനെയും തെളിയിക്കാനായിട്ടില്ല.സത്യം,പ്രേമം ,ഹര്‍ഷോന്‍മാദം,സൌന്ദര്യം എന്നിവയിലൊന്നും തെളിവുകള്‍ സാധ്യമല്ല.അവ തെളിവുകള്‍ക്കപ്പുറമാണ്.ഇനി തെളിവുകള്‍ ഹാജരാക്കി ഇവയെ ഒന്നും നിരാകരിക്കാനും ആവില്ല . ദൈവം എന്നത്‌ എല്ലാ മൂല്യങ്ങളുടെയും പരിണിതിയാണ്.ഹര്ഷോന്‍മാദത്തിന്റെയും സത്യത്തിന്റെയും പ്രേമത്തിന്‍റെയും സൌന്ദര്യത്തിന്റെയും അനിവാര്യമായ അകക്കാമ്പാണ്.ഈ മൂല്യങ്ങള്‍ തെളിയിക്കാപ്പെടാവുന്നതല്ല.ദൈവം ഒരു സൌരഭ്യം മാത്രമാണ് ഓര്‍ക്കുക അദേഹം ഒരു പുഷ്പം പോലും അല്ല .മറിച്ച് സൌരഭ്യം മാത്രം!. എന്നിട്ടും എന്തുകൊണ്ടാണ് ഈ ചോദ്യത്തിന്‍റെ കാമന ഉണരുന്നത്? "തെളിയിക്കപ്പെടാത്തിടത്തോളം,പ്രാര്‍ത്ഥന ,ധ്യാനം ,ദൈവം എന്നീ ഘടകങ്ങളുടെമേല്‍ സമയം എന്തിനു വൃഥാ ചെലവഴിക്കണം " എന്ന് മനസ്സ് ചോദിക്കുന്നതിനാലാണ് ഈ കാമന ഉണരുന്നത് പ്രാര്‍ത്ഥനയില്‍ നിന്നും ധ്യാനത്തില്‍ നിന്നും നിങ്ങളെ അകറ്റി നിര്‍ത്താനുള്ള മനസ്സിന്റെ തന്ത്രമാണ് ഈ ചോദ്യം. സത്യത്തില്‍ ദൈവത്തിന്‍റെ തന്നെ ആവശ്യമില്ല .ധ്യാനിക്കണമെന്നുണ്ടെങ്കില്‍ അത് ദൈവ നിരപേക്ഷമായും ചെയ്യാം.ദൈവം ഇല്ലാതെയാണ് ബുദ്ധന്‍ അത് ചെയ്തത്.ബുദ്ധന്‍ ദൈവ വിശ്വാസിയായിരുന്നില്ല.ഒരു ദൈവസങ്കല്‍പ്പമില്ലാതെയാണ് മഹാവീരന്‍ ധ്യാനത്തിലൂടെ ബോധോദയത്തില്‍ എത്തിയത്.ദൈവം ഒരു അനിവാര്യതയല്ല.ഒഴിവാക്കാവുന്ന ഘടകമാണ്!എന്നാല്‍ ധ്യാനത്തിലൂടെ ബുദ്ധന്‍ നിറവേറിയപ്പോള്‍ അദേഹം ദൈവമായി മാറി.മഹാവീരനും സ്വയം ദൈവമായി മാറി. അതപ്രകാരമാണ് സംഭവിക്കുന്നത് .ധ്യാനത്തിലൂടെ നിങ്ങള്‍ സ്വയം ദൈവമായിമാറും.നിങ്ങളുടെ സ്വത്വത്തിനുള്ളിലെ ദൈവീകത നിങ്ങള്‍ കണ്ടെത്തും.അതാണ്‌ കണ്ടെത്തലിന്റെ ആദ്യപടി .തുടര്‍ന്ന് മറ്റുള്ളവരിലും നിങ്ങള്‍ കണ്ടെത്തും.ക്രമേണ സര്‍വ്വ ചരാചരങ്ങളും ദൈവ നിബദ്ധമാണ് എന്നും ഈ പ്രപഞ്ചം തന്നെ ദൈവം മൂലം നിറഞ്ഞ് കവിയുകയാണ് എന്നും നിങ്ങള്‍ കണ്ടെത്തും. മറിച്ച് ആദ്യം തന്നെ തെളിവ് ആവശ്യപ്പെടുകയാണ് എങ്കില്‍ നിങ്ങളുടെ മുഴുവന്‍ യാത്രയും നിങ്ങള്‍ക്ക്‌ നഷ്ട്ടപ്പെടും."ആദ്യം തെളിവാകട്ടെ ,പിന്നീടാകാം ധ്യാനം "എന്ന് മനസ്സ് പറയുന്നു.മനസ്സ് അതിന്റെ കയ്യടക്കത്തിലൂടെ നിങ്ങളെ വിഡ്ഢിയാക്കുകയാണ്.അന്വേഷണം ആരംഭിക്കുന്നതിനു മുന്നേ ആദ്യം അത് തെളിയിക്കപ്പെടട്ടെ എന്ന് കരുതുന്നത് യുക്തിസഹമാണ് എന്നാണ് ആളുകള്‍ക്ക് തോന്നുന്നത്.ദൈവമുള്ളപ്പോള്‍ ധ്യാനം പ്രസക്തമാണ് അല്ലെങ്കില്‍ പിന്നെ എന്തിനു ചെയ്യണം.ദൈവം ഉള്ളപ്പോള്‍ പ്രാര്‍ത്ഥന പ്രസക്തമാണ് അദേഹം ഇല്ലെങ്കില്‍ പ്രാര്‍ത്ഥന നിഷ്ഫലവുമാണ്.ഇത്തരത്തിലാണ് ആ ചിന്ത പോകുന്നത്.എനിക്ക് പറയാനുള്ളത് ഇതാണ് .ദൈവം ഉണ്ടായിക്കോട്ടെ ഇല്ലതിരുന്നോട്ടെ,പ്രാര്‍ത്ഥന എന്നത്‌ പ്രസക്തമാണ്.പ്രാര്‍ത്ഥന ദൈവത്തെ പരിവര്‍ത്തിപ്പിക്കാന്‍ അല്ല .മറിച്ച് അത് നിങ്ങളെ പരിവര്‍ത്തിപ്പിക്കുന്നു!.പ്രാര്‍ത്ഥനക്ക് ദൈവവും ആയി യാതൊരു ഇടപാടും ഇല്ല .അത് നിങ്ങളുടെ കാര്യം മാത്രമാണ്.പ്രാര്‍ഥനാ നിര്ഭാരനായ വ്യക്തി തികച്ചും മറ്റൊരു വ്യക്തിയാണ്.ധ്യാനത്തിന് ദൈവവും ആയി ഒരു ഇടപാടും ഇല്ല .മറിച്ച് ധ്യാനം പരിവര്‍ത്തിപ്പിക്കുന്നത് നിങ്ങളെ തന്നെയാണ്.നിങ്ങളുടെ ആന്തരികതയെ പരിവര്‍ത്തിപ്പിക്കാനുള്ള ചില രസവാദരീതികളാണിത്.അപ്രകാരം അന്തരംഗം പരിവര്‍ത്തിക്കപ്പെട്ടാല്‍ അവിടം വ്യക്തതയും വെളിച്ചവുംകൊണ്ട് നിറയും.അപ്പോള്‍ നിങ്ങള്‍ക്ക്‌ ദൈവത്തെ കാണാറാകും. ദൈവത്തെ കാണാന്‍ ആകും പക്ഷെ തെളിയിക്കാന്‍ ആവില്ല .മൂല്യവത്തല്ലാത്ത നിസ്സാരകാര്യങ്ങളെ തെളിയിക്കാനാവൂ.അത്കൊണ്ട് തെളിവിന്റെ കാമനയില്‍ നിന്ന് സ്വതന്ത്രമാവുക .അത് അന്തസ്സാര ശൂന്യമാണ്. "ദൈവം നിലനില്‍ക്കുന്നുവെന്ന് എന്നെ വിശ്വസിപ്പിക്കാമോ"എന്നാണല്ലോ സര്‍ഗം നിങ്ങള്‍ ചോദിച്ചത്. ഇവിടെ ഇരുന്നു ഞാന്‍ മറ്റെന്താണ് ചെയ്യുന്നത് എന്നാണ് നിങ്ങള്‍ കരുതിയത്.ഞാന്‍ ദൈവത്തിനു വേണ്ടി വാദിക്കുന്നില്ല. ദൈവ സാനിദ്ധ്യം നേരിട്ട് ഞാന്‍ തെളിയിക്കുന്നില്ല .എന്നാല്‍ മറ്റുവഴികളിലൂടെ ഒരു യഥാര്‍ത്ഥ സാഹചര്യവും തുറയും സന്ദര്‍ഭവും ഞാന്‍ സൃഷ്ടിക്കുന്നുണ്ട്.അവിടെ ദൈവം നിങ്ങള്‍ക്ക്‌ അനുഭവവേദ്യമാകും.ദൈവത്തെ പ്രതി ഞാന്‍ അധികം സംസാരിക്കുന്നില്ല.അതിന്‍റെ ആവശ്യവും ഇല്ല.പ്രേമത്തെക്കുറിച്ചും ധ്യാനത്തെക്കുറിച്ചും മനസ്സ് നിലനില്‍ക്കുന്നുവെന്നതിനെക്കുറിച്ചും അത് പോലെ ഉള്ള ആയിരക്കണക്കിന് കാര്യങ്ങളെ കുറിച്ചും ഞാന്‍ സംസാരിക്കുന്നു.എന്‍റെ ഈ ഭാഷണമെല്ലാം ഒരു അര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരു അര്‍ത്ഥത്തില്‍ ശരിയായ ഒരു പരിതസ്ഥിതിയും കാലാവസ്ഥയും സൃഷ്ടിക്കുന്നുണ്ട്.ദൈവത്തിന് സംഭവിക്കാന്‍ പാകത്തില്‍. ദൈവത്തെ വിശ്വസിപ്പിക്കാന്‍ ഞാന്‍ പണി എടുക്കുന്നില്ല .ദൈവത്തെ അനുഭവമാക്കുന്നതിനാണ് ഞാന്‍ ശ്രമിക്കുന്നത്.വിശ്വാസം കൊണ്ട് അവിടെ ഒരു കാര്യവും ഇല്ല .എന്തെന്നാല്‍ വിശ്വാസത്തിന്‍റെ മറുപുറം സംശയമാണ് .അനുഭവം മാത്രമാണ് ഒരാളെ സഹായിക്കുന്നത്.എന്തെന്നാല്‍ അനുഭവത്തില്‍ സംശയങ്ങള്‍ ഉണ്ടാകുന്നില്ല. നിങ്ങള്‍ തന്നെ ഇതറിയുമ്പോള്‍ ആണ് നിങ്ങള്‍ക്ക്‌ എല്ലാം വ്യക്തമാകുന്നത്.നിങ്ങളെ തര്‍ക്കം കൊണ്ട് മൌനിയാക്കാന്‍ എനിക്ക് കഴിയും .വിചിന്തന രീതികൊണ്ട് വിശ്വസിപ്പിക്കാനും കഴിയും .എന്നാല്‍ അത്തരം വിശ്വസിപ്പിക്കല്‍ ബൌദ്ധികം മാത്രമാണ്.അപ്പോള്‍ ആ വിശ്വാസത്തെ മറ്റൊരാള്‍ക്ക്‌ തകര്‍ക്കാനും കഴിയും.എന്നാല്‍ നിങ്ങളുടെ അനുഭവങ്ങള്‍ക്ക് എതിരെ ആര്‍ക്കും വാദിക്കാന്‍ ആവില്ല.തിരിച്ചറിവ് ഉണ്ട് എങ്കില്‍ ലോകം മുഴുവന്‍ എതിര്‍ത്താലും ദൈവ സാനിദ്ധ്യം നിങ്ങള്ക്ക് അറിയാന്‍ കഴിയും . വിശ്വാസം എന്നത്‌ വിഡ്ഢികള്‍ക്കുള്ളതാണ് .ബുദ്ധിയുള്ളവന്‍ അനുഭവththiലാണ് ഊന്നുന്നത്.അതുകൊണ്ട് ദയവായി വിശ്വസിപ്പിക്കാനും ദൈവമുണ്ട് എന്നതിന് തെളിവ് നല്‍കാനും എന്നോട് ആവശ്യപ്പെടരുത്.എന്‍റെ ജോലി അതല്ല.ഏതെന്കിലും ഒരു പ്രത്യയശാസ്ത്രത്തിലേക്ക് നിങ്ങളെ പരിവര്‍ത്തിപ്പിക്കാന്‍ അല്ല ഞാന്‍ ഇവിടെ ഇരിക്കുന്നത്.പുതിയൊരു ജീവിതത്തിലേക്കും ദര്‍ശനത്തിലേക്കും ആസ്തിത്തത്തിലേക്കും നിങ്ങളെ പരിവര്‍ത്തിപ്പിക്കാനാണ് ഞാനുള്ളത്. നിങ്ങള്‍ക്ക്‌ ബാഹ്യമായി ഒരു ദൈവം ഇല്ല .അതുകൊണ്ട് ശാസ്ത്രത്തിന് ഒരിക്കലും ദൈവത്തെ കണ്ടെത്താനാവില്ല.നിങ്ങളുടെ ആന്തരിക പ്രകൃതിയാലാണ് ദൈവമുള്ളത്.നിങ്ങള്‍ നിങ്ങളുടെ ഉള്ളിലേക്ക് മുങ്ങി താഴണം.അവിടെ നിങ്ങളുടെ സ്വത്വവും ആയി മുഖാമുഖം വരണം.നിങ്ങളുടെ അവബോധത്തില്‍ അന്വേഷിക്കുകയും തിരയുകയും വേണം.ആ അവബോധത്തിന്‍റെ കേന്ദ്രസ്ഥാനത്ത്‌ നിങ്ങള്‍ എത്തിച്ചെരുമ്പോള്‍ ,അപ്പോള്‍ നിങ്ങള്‍ക്ക്‌ വെളിപാട്‌ ലഭിക്കും!

 ഒരു ഗാനത്തിന്റെ മൌനത്തില്‍ നിന്ന് .

2014, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

ആന്തരികവും ബാഹ്യവും

മനുഷ്യന് ആന്തരിക ലോകത്തും ബാഹ്യ ലോകത്തും വര്‍ത്തിക്കാന്‍ ആവും .പാശ്ചാത്യര്‍ പൊതുവേ ബാഹ്യ ലോകത്ത്‌ വര്‍ത്തിച്ചവരാണ് കിഴക്ക്‌ അധികവും ആന്തരികലോകത്ത്‌ ആയിരുന്നു .പാശ്ചാത്യര്‍ ഉന്നത സാങ്കേതികതയും ആധുനിക ജീവിതവും സ്വന്തമാക്കി അവിടെ ശാസ്ത്രജ്ഞ്യന്‍മ്മാര്‍ ഉണ്ടായി.ബാഹ്യമായി ധനികത ഉണ്ടായി .കിഴക്ക്‌ ബാഹ്യ ലോകത്തെ നിഷേധിച്ചു .ശാസ്ത്രത്തിന്റെ എല്ലാ അറിവുകളും കയ്യില്‍ ഉണ്ടായിട്ടും കൂടുതല്‍ ഒന്നും തന്നെ പുരോഗതിക്ക്‌ സാധ്യത കിഴക്കില്‍ ഇല്ലായിരുന്നു .കാരണം ബാഹ്യമായ ലോകം അവര്‍ നിഷേധിച്ചു .ബാഹ്യമായി ഉള്ളതെല്ലാം നശ്വരമാണ് എന്ന സത്യം അവര്‍ മുറുകെ പിടിച്ചു .ഇവിടെ ശങ്കരാചാര്യന്‍മ്മാരും ബുദ്ധന്‍മ്മാരും ഉണ്ടായി .തീര്‍ച്ചയായും അവര്‍ ആന്തരികമായ ധനികര്‍ ആണ് .വിശ്രാന്തിയുടെ ആനന്ദത്തിന്റെ പരമകൊടിയില്‍ അവര്‍ വര്‍ത്തിച്ചു .എന്നാല്‍ പാശ്ചാത്യര്‍ക്ക് ആനന്ദം, വിശ്രാന്തി അന്ന്യമായിരുന്നു . പക്ഷെ രണ്ടു കൂട്ടരും പകുതിയിലാണ് ധനികര്‍ ബാക്കി പകുതിയില്‍ അവര്‍ ദരിദ്രരായി.ഉപനിഷത്‌ ഋഷികള്‍ രണ്ടു പുറത്തും ഒരുപോലെ ധനികരാവാന്‍ ആഹ്വാനം ചെയ്തു.അവര്‍ ഒന്നും തന്നെ ഉപേക്ഷിച്ചില്ല .ആന്തരികമായ ആനന്ദവും വിശ്രാന്തിയും കൈവിടാതെ തന്നെ ബാഹ്യമായ ജീവിതത്തിന്റെ ആഘോഷപരതകളില്‍ വിരാജിക്കാന്‍ അവര്‍ മാര്‍ഗദര്‍ശികളായി. ശ്രീകൃഷ്ണന്‍ പൂര്‍ണ്ണ അവതാരമായി പറയപ്പെടുന്നതിനെ ഈ ഒരു അര്‍ത്ഥത്തില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു .കൃഷ്ണനെ നോക്കുക ആന്തരികമായി പരമമായ ജ്ഞാനത്തിന്റെ,ഉല്‍കൃഷ്ടമായ ജ്ഞാനത്തിന്‍റെ ദര്‍ശനങ്ങള്‍ അദേഹം ലോകത്തിന് നല്‍കി അതെ സമയം ബാഹ്യമായി അദേഹം ആഘോഷപൂര്‍വ്വം ജീവിച്ചു .യുദ്ധവും സമാധാനവും പ്രണയവും കുസൃതിയും ,സംഗീതവും നൃത്തവും ആയി പരിപൂര്‍ണ്ണമായ ജീവിതം നയിച്ചു .ബാഹ്യവും ആന്തരികവുമായി ധനികനായി.നമുക്ക് പിന്തുടരാന്‍ മനോഹരമായ ഒരു പാതയോരുക്കി .മറ്റാരെയാണ് പൂര്‍ണ്ണ അവതാരം എന്ന് വിളിക്കാന്‍ ആവുന്നത് . ഒരുവന്‍ ആന്തരികവും ബാഹ്യവും ആയലോകങ്ങളിലേക്ക് യദാസമയം ഒഴുകി നീങ്ങുവാന്‍ പാകത്തിന് തന്റെ സത്തയെ തന്റെ ബോധത്തെ മാറ്റിഎടുക്കേണ്ടതുണ്ട്‌ .രണ്ടിടത്തും പരിപൂര്‍ണ്ണമായി ജീവിച്ചു തീര്‍ക്കേണ്ടതുണ്ട് .രണ്ടും രണ്ടു വിപരീത ദ്രുവങ്ങള്‍ ആണ് .ഒന്ന് നിശബ്ദദയുടെ ആഴക്കടല്‍ ആണ് .വിശ്രാന്തിയുടെ ആനന്ദത്തിന്‍റെ പരമമായ അവസ്ഥ .മറ്റൊന്ന് ആഘോഷത്തിന്റെ ശബ്ദത്തിന്റെ കര്‍മ്മത്തിന്‍റെ ഏറ്റവും ബാഹ്യമായ കൊടുമുടിയും ആകുന്നു .