2014, ജൂലൈ 15, ചൊവ്വാഴ്ച



പ്രിയങ്കരനായ ഗുരോ, ദൈവം നിലനില്‍ക്കുന്നുവെന്ന് താങ്കള്‍ക്ക് എന്നെ ബോധ്യപ്പെടുത്താനാകുമോ ?

സര്‍ഗം,
നിങ്ങള്‍ എന്തിനാണ് ദൈവത്തെ ചൊല്ലി വ്യാകുലപ്പെടുന്നത്.അദ്ദേഹം നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്.എന്ത് കൊണ്ട് നിങ്ങള്‍ക്ക്‌ ദൈവത്തെ മാപ്പാക്കുകയും അദേഹത്തെ മറക്കുകയും ചെയ്തുകൂടാ!.അദേഹത്തിന്റെ കാര്യത്തില്‍ എന്തിനു ഇത്ര താത്പര്യം കാണിക്കണം.ആ താത്പര്യം ജീവിതത്തിന്‍റെ കാര്യത്തിലോ അസ്തിത്വത്തിന്‍റെ കാര്യത്തിലോ കാണിച്ചുകൂടായോ ?അപ്പോള്‍ നിങ്ങള്‍ക്ക്‌ ദൈവത്തെ കാണാനാകും.ആ ശരിയായ സമയത്ത്‌ ജീവിതം പ്രഭാപൂരിതമാകും.നിങ്ങളുടെ അസ്തിത്വം തന്നെ ദൈവ സന്നിഹിതമാകും.ഇതെല്ലം നിങ്ങളുടെ ആന്തരിക വ്യക്തതയെ ആശ്രയിച്ചിരിക്കുന്ന കാര്യങ്ങളാണ്.നേരാംവണ്ണം കാണുകയാണ് എങ്കില്‍ ദൈവം മാത്രമാണ് സത്യം എന്ന് നിങ്ങള്‍ക്കറിയാനാകും.അതിന് തെളിവാവശ്യമില്ല.ഇനി നിങ്ങളുടെ കാഴ്ചക്ക് വ്യക്തതയില്ല എന്ന്കരുതുക.പിന്നെ ഒരു തെളിവും ഇക്കാര്യത്തില്‍ സഹായമാകാന്‍ പോകുന്നുമില്ല. നൂറ്റാണ്ടുകളായി ദൈവത്തിനു അനുകൂലമായും പ്രതികൂലമായും വാദം നടത്തിക്കൊണ്ടിരിക്കുന്ന ദാര്‍ശനികരുണ്ട്.അയ്യായിരം വര്‍ഷങ്ങളായി അവര്‍ അത് തുടരുന്നു.എന്നാല്‍ അടുത്തെങ്ങും നിഗമനത്തില്‍ എത്താന്‍ പോകുന്നില്ല.ആര്‍ക്കും നിഗമനത്തില്‍ എത്താന്‍ ആകുന്നില്ല .അയ്യായിരം വര്‍ഷങ്ങളായി നടന്ന നിരന്തരമായ ഊഹങ്ങള്‍,ചിന്തകള്‍ തര്‍ക്കങ്ങള്‍,വിചിന്തനങ്ങള്‍ എന്നിവക്ക് ശേഷവും ഫലമെന്താണ്?അതെല്ലാം തന്നെ നിരര്‍ത്ഥകമായ പ്രവൃത്തികളായിരുന്നു.ഇപ്പോഴും നിങ്ങള്‍ തെളിവുകള്‍ ആവശ്യപ്പെടുന്നു. ദൈവനിലനില്‍പ്പിന്‍റെ തെളിവുകള്‍ ഹാജരാക്കപ്പെട്ടാല്‍ അതിനെതിരായി ഒരാള്‍ക്ക് വാദിക്കാനാകും.ആ തെളിവുകളെ ദുര്‍ബലമാക്കാന്‍ കഴിയും.ആ തെളിവുകളില്‍ തെറ്റുകള്‍ കണ്ടെത്താന്‍ കഴിയും.അതിനുള്ള ഒറ്റക്കാരണം വിചിന്തന രീതികൊണ്ട് തെളിയിക്കാന്‍ പാകത്തിന് ഒരു വസ്തുവല്ല ദൈവം എന്നതാണ്.മനസ്സിനും ചിന്തക്കും തര്‍ക്കശാസ്ത്രത്തിനും അപ്പുറത്തുള്ള നിങ്ങളുടെ തന്നെ ആത്മനിഷ്ഠതലമാണ് ദൈവം. ദൈവം ഒരു വസ്തുവല്ല;മറിച്ച് ഒരു അനുഭവമാണ്.ഒരു അനുഭവത്തെ എപ്രകാരമാണ് തെളിയിക്കാനാവുക.പ്രണയം എന്ന അനുഭവം നിങ്ങള്‍ക്ക്‌ തെളിയിക്കനാവുമോ.പ്രേമം നിലനില്‍ക്കുന്നുണ്ട് എന്നും സൌന്ദര്യം നിലനില്‍ക്കുന്നുണ്ട് എന്നും ആര്‍ക്കും തെളിയിക്കാനായിട്ടില്ല.സത്യത്തില്‍ മൂല്യവത്തായ ഒന്നിനെയും തെളിയിക്കാനായിട്ടില്ല.സത്യം,പ്രേമം ,ഹര്‍ഷോന്‍മാദം,സൌന്ദര്യം എന്നിവയിലൊന്നും തെളിവുകള്‍ സാധ്യമല്ല.അവ തെളിവുകള്‍ക്കപ്പുറമാണ്.ഇനി തെളിവുകള്‍ ഹാജരാക്കി ഇവയെ ഒന്നും നിരാകരിക്കാനും ആവില്ല . ദൈവം എന്നത്‌ എല്ലാ മൂല്യങ്ങളുടെയും പരിണിതിയാണ്.ഹര്ഷോന്‍മാദത്തിന്റെയും സത്യത്തിന്റെയും പ്രേമത്തിന്‍റെയും സൌന്ദര്യത്തിന്റെയും അനിവാര്യമായ അകക്കാമ്പാണ്.ഈ മൂല്യങ്ങള്‍ തെളിയിക്കാപ്പെടാവുന്നതല്ല.ദൈവം ഒരു സൌരഭ്യം മാത്രമാണ് ഓര്‍ക്കുക അദേഹം ഒരു പുഷ്പം പോലും അല്ല .മറിച്ച് സൌരഭ്യം മാത്രം!. എന്നിട്ടും എന്തുകൊണ്ടാണ് ഈ ചോദ്യത്തിന്‍റെ കാമന ഉണരുന്നത്? "തെളിയിക്കപ്പെടാത്തിടത്തോളം,പ്രാര്‍ത്ഥന ,ധ്യാനം ,ദൈവം എന്നീ ഘടകങ്ങളുടെമേല്‍ സമയം എന്തിനു വൃഥാ ചെലവഴിക്കണം " എന്ന് മനസ്സ് ചോദിക്കുന്നതിനാലാണ് ഈ കാമന ഉണരുന്നത് പ്രാര്‍ത്ഥനയില്‍ നിന്നും ധ്യാനത്തില്‍ നിന്നും നിങ്ങളെ അകറ്റി നിര്‍ത്താനുള്ള മനസ്സിന്റെ തന്ത്രമാണ് ഈ ചോദ്യം. സത്യത്തില്‍ ദൈവത്തിന്‍റെ തന്നെ ആവശ്യമില്ല .ധ്യാനിക്കണമെന്നുണ്ടെങ്കില്‍ അത് ദൈവ നിരപേക്ഷമായും ചെയ്യാം.ദൈവം ഇല്ലാതെയാണ് ബുദ്ധന്‍ അത് ചെയ്തത്.ബുദ്ധന്‍ ദൈവ വിശ്വാസിയായിരുന്നില്ല.ഒരു ദൈവസങ്കല്‍പ്പമില്ലാതെയാണ് മഹാവീരന്‍ ധ്യാനത്തിലൂടെ ബോധോദയത്തില്‍ എത്തിയത്.ദൈവം ഒരു അനിവാര്യതയല്ല.ഒഴിവാക്കാവുന്ന ഘടകമാണ്!എന്നാല്‍ ധ്യാനത്തിലൂടെ ബുദ്ധന്‍ നിറവേറിയപ്പോള്‍ അദേഹം ദൈവമായി മാറി.മഹാവീരനും സ്വയം ദൈവമായി മാറി. അതപ്രകാരമാണ് സംഭവിക്കുന്നത് .ധ്യാനത്തിലൂടെ നിങ്ങള്‍ സ്വയം ദൈവമായിമാറും.നിങ്ങളുടെ സ്വത്വത്തിനുള്ളിലെ ദൈവീകത നിങ്ങള്‍ കണ്ടെത്തും.അതാണ്‌ കണ്ടെത്തലിന്റെ ആദ്യപടി .തുടര്‍ന്ന് മറ്റുള്ളവരിലും നിങ്ങള്‍ കണ്ടെത്തും.ക്രമേണ സര്‍വ്വ ചരാചരങ്ങളും ദൈവ നിബദ്ധമാണ് എന്നും ഈ പ്രപഞ്ചം തന്നെ ദൈവം മൂലം നിറഞ്ഞ് കവിയുകയാണ് എന്നും നിങ്ങള്‍ കണ്ടെത്തും. മറിച്ച് ആദ്യം തന്നെ തെളിവ് ആവശ്യപ്പെടുകയാണ് എങ്കില്‍ നിങ്ങളുടെ മുഴുവന്‍ യാത്രയും നിങ്ങള്‍ക്ക്‌ നഷ്ട്ടപ്പെടും."ആദ്യം തെളിവാകട്ടെ ,പിന്നീടാകാം ധ്യാനം "എന്ന് മനസ്സ് പറയുന്നു.മനസ്സ് അതിന്റെ കയ്യടക്കത്തിലൂടെ നിങ്ങളെ വിഡ്ഢിയാക്കുകയാണ്.അന്വേഷണം ആരംഭിക്കുന്നതിനു മുന്നേ ആദ്യം അത് തെളിയിക്കപ്പെടട്ടെ എന്ന് കരുതുന്നത് യുക്തിസഹമാണ് എന്നാണ് ആളുകള്‍ക്ക് തോന്നുന്നത്.ദൈവമുള്ളപ്പോള്‍ ധ്യാനം പ്രസക്തമാണ് അല്ലെങ്കില്‍ പിന്നെ എന്തിനു ചെയ്യണം.ദൈവം ഉള്ളപ്പോള്‍ പ്രാര്‍ത്ഥന പ്രസക്തമാണ് അദേഹം ഇല്ലെങ്കില്‍ പ്രാര്‍ത്ഥന നിഷ്ഫലവുമാണ്.ഇത്തരത്തിലാണ് ആ ചിന്ത പോകുന്നത്.എനിക്ക് പറയാനുള്ളത് ഇതാണ് .ദൈവം ഉണ്ടായിക്കോട്ടെ ഇല്ലതിരുന്നോട്ടെ,പ്രാര്‍ത്ഥന എന്നത്‌ പ്രസക്തമാണ്.പ്രാര്‍ത്ഥന ദൈവത്തെ പരിവര്‍ത്തിപ്പിക്കാന്‍ അല്ല .മറിച്ച് അത് നിങ്ങളെ പരിവര്‍ത്തിപ്പിക്കുന്നു!.പ്രാര്‍ത്ഥനക്ക് ദൈവവും ആയി യാതൊരു ഇടപാടും ഇല്ല .അത് നിങ്ങളുടെ കാര്യം മാത്രമാണ്.പ്രാര്‍ഥനാ നിര്ഭാരനായ വ്യക്തി തികച്ചും മറ്റൊരു വ്യക്തിയാണ്.ധ്യാനത്തിന് ദൈവവും ആയി ഒരു ഇടപാടും ഇല്ല .മറിച്ച് ധ്യാനം പരിവര്‍ത്തിപ്പിക്കുന്നത് നിങ്ങളെ തന്നെയാണ്.നിങ്ങളുടെ ആന്തരികതയെ പരിവര്‍ത്തിപ്പിക്കാനുള്ള ചില രസവാദരീതികളാണിത്.അപ്രകാരം അന്തരംഗം പരിവര്‍ത്തിക്കപ്പെട്ടാല്‍ അവിടം വ്യക്തതയും വെളിച്ചവുംകൊണ്ട് നിറയും.അപ്പോള്‍ നിങ്ങള്‍ക്ക്‌ ദൈവത്തെ കാണാറാകും. ദൈവത്തെ കാണാന്‍ ആകും പക്ഷെ തെളിയിക്കാന്‍ ആവില്ല .മൂല്യവത്തല്ലാത്ത നിസ്സാരകാര്യങ്ങളെ തെളിയിക്കാനാവൂ.അത്കൊണ്ട് തെളിവിന്റെ കാമനയില്‍ നിന്ന് സ്വതന്ത്രമാവുക .അത് അന്തസ്സാര ശൂന്യമാണ്. "ദൈവം നിലനില്‍ക്കുന്നുവെന്ന് എന്നെ വിശ്വസിപ്പിക്കാമോ"എന്നാണല്ലോ സര്‍ഗം നിങ്ങള്‍ ചോദിച്ചത്. ഇവിടെ ഇരുന്നു ഞാന്‍ മറ്റെന്താണ് ചെയ്യുന്നത് എന്നാണ് നിങ്ങള്‍ കരുതിയത്.ഞാന്‍ ദൈവത്തിനു വേണ്ടി വാദിക്കുന്നില്ല. ദൈവ സാനിദ്ധ്യം നേരിട്ട് ഞാന്‍ തെളിയിക്കുന്നില്ല .എന്നാല്‍ മറ്റുവഴികളിലൂടെ ഒരു യഥാര്‍ത്ഥ സാഹചര്യവും തുറയും സന്ദര്‍ഭവും ഞാന്‍ സൃഷ്ടിക്കുന്നുണ്ട്.അവിടെ ദൈവം നിങ്ങള്‍ക്ക്‌ അനുഭവവേദ്യമാകും.ദൈവത്തെ പ്രതി ഞാന്‍ അധികം സംസാരിക്കുന്നില്ല.അതിന്‍റെ ആവശ്യവും ഇല്ല.പ്രേമത്തെക്കുറിച്ചും ധ്യാനത്തെക്കുറിച്ചും മനസ്സ് നിലനില്‍ക്കുന്നുവെന്നതിനെക്കുറിച്ചും അത് പോലെ ഉള്ള ആയിരക്കണക്കിന് കാര്യങ്ങളെ കുറിച്ചും ഞാന്‍ സംസാരിക്കുന്നു.എന്‍റെ ഈ ഭാഷണമെല്ലാം ഒരു അര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരു അര്‍ത്ഥത്തില്‍ ശരിയായ ഒരു പരിതസ്ഥിതിയും കാലാവസ്ഥയും സൃഷ്ടിക്കുന്നുണ്ട്.ദൈവത്തിന് സംഭവിക്കാന്‍ പാകത്തില്‍. ദൈവത്തെ വിശ്വസിപ്പിക്കാന്‍ ഞാന്‍ പണി എടുക്കുന്നില്ല .ദൈവത്തെ അനുഭവമാക്കുന്നതിനാണ് ഞാന്‍ ശ്രമിക്കുന്നത്.വിശ്വാസം കൊണ്ട് അവിടെ ഒരു കാര്യവും ഇല്ല .എന്തെന്നാല്‍ വിശ്വാസത്തിന്‍റെ മറുപുറം സംശയമാണ് .അനുഭവം മാത്രമാണ് ഒരാളെ സഹായിക്കുന്നത്.എന്തെന്നാല്‍ അനുഭവത്തില്‍ സംശയങ്ങള്‍ ഉണ്ടാകുന്നില്ല. നിങ്ങള്‍ തന്നെ ഇതറിയുമ്പോള്‍ ആണ് നിങ്ങള്‍ക്ക്‌ എല്ലാം വ്യക്തമാകുന്നത്.നിങ്ങളെ തര്‍ക്കം കൊണ്ട് മൌനിയാക്കാന്‍ എനിക്ക് കഴിയും .വിചിന്തന രീതികൊണ്ട് വിശ്വസിപ്പിക്കാനും കഴിയും .എന്നാല്‍ അത്തരം വിശ്വസിപ്പിക്കല്‍ ബൌദ്ധികം മാത്രമാണ്.അപ്പോള്‍ ആ വിശ്വാസത്തെ മറ്റൊരാള്‍ക്ക്‌ തകര്‍ക്കാനും കഴിയും.എന്നാല്‍ നിങ്ങളുടെ അനുഭവങ്ങള്‍ക്ക് എതിരെ ആര്‍ക്കും വാദിക്കാന്‍ ആവില്ല.തിരിച്ചറിവ് ഉണ്ട് എങ്കില്‍ ലോകം മുഴുവന്‍ എതിര്‍ത്താലും ദൈവ സാനിദ്ധ്യം നിങ്ങള്ക്ക് അറിയാന്‍ കഴിയും . വിശ്വാസം എന്നത്‌ വിഡ്ഢികള്‍ക്കുള്ളതാണ് .ബുദ്ധിയുള്ളവന്‍ അനുഭവththiലാണ് ഊന്നുന്നത്.അതുകൊണ്ട് ദയവായി വിശ്വസിപ്പിക്കാനും ദൈവമുണ്ട് എന്നതിന് തെളിവ് നല്‍കാനും എന്നോട് ആവശ്യപ്പെടരുത്.എന്‍റെ ജോലി അതല്ല.ഏതെന്കിലും ഒരു പ്രത്യയശാസ്ത്രത്തിലേക്ക് നിങ്ങളെ പരിവര്‍ത്തിപ്പിക്കാന്‍ അല്ല ഞാന്‍ ഇവിടെ ഇരിക്കുന്നത്.പുതിയൊരു ജീവിതത്തിലേക്കും ദര്‍ശനത്തിലേക്കും ആസ്തിത്തത്തിലേക്കും നിങ്ങളെ പരിവര്‍ത്തിപ്പിക്കാനാണ് ഞാനുള്ളത്. നിങ്ങള്‍ക്ക്‌ ബാഹ്യമായി ഒരു ദൈവം ഇല്ല .അതുകൊണ്ട് ശാസ്ത്രത്തിന് ഒരിക്കലും ദൈവത്തെ കണ്ടെത്താനാവില്ല.നിങ്ങളുടെ ആന്തരിക പ്രകൃതിയാലാണ് ദൈവമുള്ളത്.നിങ്ങള്‍ നിങ്ങളുടെ ഉള്ളിലേക്ക് മുങ്ങി താഴണം.അവിടെ നിങ്ങളുടെ സ്വത്വവും ആയി മുഖാമുഖം വരണം.നിങ്ങളുടെ അവബോധത്തില്‍ അന്വേഷിക്കുകയും തിരയുകയും വേണം.ആ അവബോധത്തിന്‍റെ കേന്ദ്രസ്ഥാനത്ത്‌ നിങ്ങള്‍ എത്തിച്ചെരുമ്പോള്‍ ,അപ്പോള്‍ നിങ്ങള്‍ക്ക്‌ വെളിപാട്‌ ലഭിക്കും!

 ഒരു ഗാനത്തിന്റെ മൌനത്തില്‍ നിന്ന് .