2010, ജൂൺ 3, വ്യാഴാഴ്‌ച

വിധി

ത്വവ ടൌണില്‍ നിന്നും കാര്‍ ഒരു പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞു. മനസ്സില്‍ ഒരു വല്ലാത്ത അസ്വസ്ഥത, വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു അവിടെ വന്നിട്ട് .രണ്ടു വര്ഷം അവിടെ താമസിച്ചതാണ് പക്ഷെ കമ്പനി വക താമസസ്ഥലം കിട്ടിയതില്‍ പിന്നെ അവിടേക്ക് വരാന്‍ കഴിഞ്ഞില്ല . ഇതിപ്പോള്‍ ഒഴിവാക്കാന്‍ പറ്റാത്ത കാര്യം ആയത് കൊണ്ട് വല്ല വിധേനയും വരുന്നതാണ്.ഉണ്ണിയുടെ ഫോണ്‍ വന്നപ്പോള്‍ ആദ്യം വല്ലാത്ത ഒരു ഷോക്ക് ആയിരുന്നു പിന്നെ മനസ്സ് വീണ്ടെടുത്ത്‌ നേരത്തെ പോകാന്‍ അനുവാദം ചോദിച്ചു , ബോസ്സിന്റെ ചുളുങ്ങിയ മുഖം കണ്ടാല്‍ ഒന്നും ചോദിക്കാന്‍ തന്നെ തോന്നില്ല ഇത് പക്ഷെ എങ്ങിനെ ഒഴിവാക്കും,ഒന്നുമില്ലെന്കിലും കൂടെ രണ്ടു വര്ഷം കഴിഞ്ഞ ആളുടെ കാര്യം അല്ലെ അതും തന്നെ ഒരു അനുജനെപോലെ നോക്കിയ ആള്‍ . ഒരു ചായ ഉണ്ടാക്കാന്‍ പോലും അറിയില്ലായിരുന്നു ആ റൂമില്‍ വരുമ്പോള്‍. മനസ്സിലെ ചിന്തകള്‍ക്ക് ബ്രേക്ക്‌ ഇട്ടു കൊണ്ട് കാര്‍ നിന്നു. ഒരു വലിയ കോട്ട മതില്‍ അതിന്റെ ഒരു കോണില്‍ ഭീമാകാരമായ ഗൈറ്റ്. രണ്ടു നില ഉള്ള ഒരു വില്ലയാണ് ,താഴെ പാക്കിസ്ഥാനികളും പഞ്ചാബികളും ഒരു കോളനി പോലെ കഴിയുന്നു.മുകളില്‍ മൂന്നു റൂമുകളില്‍ ആയി കുറെ ഏറെ മലയാളികളും .


ഗൈറ്റ് തുറന്നു ഉള്ളില്‍ കയറിയപ്പോള്‍ മുഖം മറന്നിട്ടില്ലാത്ത ഒരു പാക്കിസ്ഥാനിയുടെ ചോദ്യം ,” അരെ ഭായ്‌ കൈസഹെ ? കിതരിയെ തും അഭി”

വല്ല വിധേനയും ഒന്ന് ചിരിച്ചു എന്ന് വരുത്തി അവനെ തരണം ചെയ്തു മുകളിലേക്ക് കയറി.

ഒരു മാറ്റവും ഇല്ല അവിടെ. പാന്‍പരാഗിന്റെ കറ പുരണ്ട പടികള്‍ ,പുകയും എണ്ണയും തിങ്ങി നിറഞ്ഞ കിച്ചന്‍, പോടി പിടിച്ച നരച്ച കാര്പെറ്റ് എല്ലാം അത് പോലെ തന്നെ . മൂന്നാമത്തെ റൂമിന്റെ വാതില്‍ പാതി തുറന്നു കിടക്കുന്നു ,കുറെ ഏറെ പാദരക്ഷകള്‍ പുറത്തു കിടക്കുന്നു , സുഹൃത്തുക്കളും പരിചയക്കാരും ഒന്നൊന്നായി വരുന്നുണ്ട്, ഒരു ഞെരക്കത്തോടെ ഓടുന്ന വിന്‍ഡോ എസിയും,സീലിങ്ങ് ഫാനുംദുഖത്തിന്റെ നിരാശയില്‍ ക്ഷീണതമായ പോലെ തോന്നി.

ബാച്ചലര്‍ റൂമില്‍ കാണുന്ന പൊട്ടിചിരികളോ തമാശകളോ ഇല്ല എല്ലാവരുടെയും മുഖം വളരെ ദൈന്യമാണ് .ചിലര്‍ തമ്മില്‍ എന്തൊക്കെയോ പതിഞ്ഞ ശബ്ദത്തില്‍ പറയുന്നും ഉണ്ട്. ഓരോ കട്ടിലിലും മടക്കി വെച്ച ബ്ലാങ്കറ്റുകള്‍, തലയിണയുടെ അടുത്ത് ഇരിക്കുന്ന പെഴ്സും മൊബൈല്‍ ഫോണും ഒരു വല്ലാത്ത യൂണിഫോമിറ്റി വരുത്തി , അവിടെ ഉള്ള ഒരു ഡബിള്‍ കോട്ട് കട്ടിലിന്റെ ഒരു വശത്ത് ഞാന്‍ ഇരുന്നു ,തൊട്ടടുത്ത്‌ എന്നെ പോലെ ആ റൂമില്‍ പണ്ട് താമസിച്ച ഒരു സഹമുറിയനും .പതിഞ്ഞ സ്വരത്തില്‍ അദേഹം എന്നോട് ചോദിച്ചു ,

‘എന്താണ് പെട്ടന്ന് ഇങ്ങനെ ?”

“എന്ത് ചെയ്യാന്‍ വിളിച്ചാല്‍ പോകാതിരിക്കാന്‍ ആവില്യാലോ “

“എന്നാലും ഇത്ര പെട്ടന്ന് “

”ഇത്രേ ഒക്കെ വിധിച്ചു കാണൂ അല്ലാതെ ഇപ്പോള്‍ എന്താ പറയാ”

“പാവം പതിനാറു വര്ഷം ആയി ഇവടെ, ഒരു വീട് വെക്കല്‍ വലിയ ആഗ്രഹം ആയിരുന്നു കഴിഞ്ഞ വര്ഷം പണി പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ എന്തൊരു സന്തോഷം ആയിരുന്നു”

“ഊം ഞാന്‍ പോയിരുന്നു പാല് കാച്ചിന്, ആകെ ഉള്ളത് ഒരു മോന്‍ ആണ് അവന്‍ മൂന്നാം ക്ലാസ്സില്‍ എത്തിയതെ ഉള്ളൂ ,നല്ല മിടുക്കന്‍ കുട്ടി അവനെ ഓര്‍ക്കുമ്പോഴാ “

“എന്ത് ചെയ്യാന്‍ ഇത്രേ ഒക്കെ ഉള്ളൂ മനുഷ്യന്റെ കാര്യം “

“സമയം ആയെങ്കില്‍ ഇറങ്ങാം” ആരോ വിളിച്ചു പറഞ്ഞു .

വിതുമ്പുന്ന മുഖവും ആയി അയാള്‍ എഴുന്നേറ്റു ഒരിക്കല്‍ കൂടി എല്ലാവരുടെയും മുഖത്തേക്ക് നോക്കി , കണ്ണുകള്‍ കലങ്ങി മറഞ്ഞിരിക്കുന്നു,

എല്ലാ കാര്യത്തിലും താമാശ കണ്ടെത്തുന്ന ആള്‍ ആണ് ഇങ്ങനെ അദേഹത്തെ കാണേണ്ടി വരും എന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല.

ഇത്തരം കാര്യങ്ങള്‍ക്കൊന്നും ഞാന്‍ പോകാറില്ല , ആരുടേയും ദുഃഖം കാണാന്‍ ഉള്ള ശക്തി ഇല്ല എന്നതു തന്നെ ആണ് കാര്യം , പക്ഷെ പ്രഭാകരെട്ടന്റെ ഇങ്ങനെ ഒരു അവസ്ഥയില്‍ എങ്ങിനെ വരാതിരിക്കും .

പ്രഭാകരേട്ടന്‍ നടന്നു അടുത്ത് എത്തിയപ്പോള്‍ എന്തെങ്കിലും ഒക്കെ പറഞ്ഞു ആശ്വസിപ്പികണം എന്ന് ശക്തമായ ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നു എങ്കിലും സാധിച്ചില്ല . പെട്ടന്ന് അദേഹം തന്നെ കെട്ടിപ്പിടിച്ചു പൊട്ടി കരഞ്ഞു . കരയാതിരിക്കാന്‍ എനിക്കും സാധിച്ചില്ല .

“ വരുന്നതെല്ലാം അനുഭവിച്ചല്ലേ പറ്റൂ പ്രഭാകരേട്ടാ അല്ലാതെ നമുക്ക് എന്ത് ചെയാന്‍ ആകും” എന്ന് ഒരു വിധത്തില്‍ പറഞ്ഞോപ്പിച്ചു.

കെട്ടി വെച്ച പെട്ടിയും ബാഗും എടുത്തു രണ്ടു പേര്‍ നടന്നു കൂടെ എന്റെ തോളില്‍ കയ്യിട്ടു പ്രഭാകരെട്ടനും .

കാറില്‍ കയറുമ്പോള്‍ അദേഹം എന്തോ ഒരു ധൈര്യം നേടിയുരുന്നപോലെ തോന്നി . എന്ത് വന്നാലും നേരിടാന്‍ ഉള്ള ശക്തി ആര്‍ജിച്ച പോലെ,മുഖത്ത് വല്ലാത്ത ഒരു ശാന്തത.

കാര്‍ നീങ്ങിയപ്പോള്‍ പുറകില്‍ നിന്നും പാകിസ്ഥാനിയുടെ ചോദ്യം

“ കൊന്‍സാ ഫ്ലൈറ്റ് ഹെ ഭായ്” ?


ഞാന്‍ മെല്ലെ മറുപടി പറഞ്ഞു “എയര്‍ ഇന്ത്യ എക്സ്പ്രസ്”

ഒരു നടുക്കത്തോടെ പാകിസ്ഥാനി കൈകള്‍ തലയില്‍ വെച്ച് പറഞ്ഞു

‘ഹോ അളളാ, മാലും നഹിത്താ പ്രഭാകര്‍ എയര്‍ ഇന്ത്യ എക്സ്പ്രെസ്സ്മേം ജാരെ, ക്യാ മുസീബത്ത്‌ ഹെ ഉസ്ക്കാ, ബുലാവോ ഭായ്‌ ഉസ്ക്കോ വാപ്പസ്സ് ബുലാവോ ബച്ചാവോ ബചാവോ ഉസ്ക്കോ ”........!!!!