2014, സെപ്റ്റംബർ 12, വെള്ളിയാഴ്‌ച

ഒഴിഞ്ഞ തോണി എന്ന ഓഷോ പുസ്തകത്തില്‍ നിന്നും ഒരേട്

"തെക്കു ഭാഗത്ത്‌ ജീവിക്കുന്ന പുനര്‍ജ്ജനിപക്ഷിക്ക് പ്രായമാവാറില്ല അത് താങ്കള്‍ കേട്ടിട്ടുണ്ടോ "?
ഒരു ചൈനീസ്‌ പുരാവൃത്തം .അത് സുന്ദരവും അര്‍ത്ഥപൂര്‍ണ്ണവും ആണ് .പുരാവൃത്തം സത്യമല്ല പക്ഷെ ഇതൊരു സത്യത്തെക്കാളും അത് സുന്ദരമാണ്.പുരാവൃത്തം എന്നാല്‍ അര്‍ത്ഥവാദകഥയാണ്.-മറ്റൊരുതരത്തിലും സൂചിപ്പിക്കാന്‍ കഴിയാത്തതിനെയാണത് സൂചിപ്പിക്കുന്നത്.
ചൈനക്കാര്‍ക്ക്‌ ഇന്ത്യ തെക്കാണ്.ആ പക്ഷി ഇന്ത്യയിലാണ് ജീവിക്കുന്നത്.ഐതീഹ്യം പറയുന്നത് ലൌതസു അപ്രത്യക്ഷനായത്‌ തെക്ക്‌ ദേശത്തേക്കാണ് എന്നാണ് .അദേഹം എപ്പോളാണ് ദിവംഗതനായത്‌ എന്നത് ആര്‍ക്കും അറിയില്ല .അത്തരം ആള്‍ക്കാര്‍ തെക്കോട്ട് പോവുക മാത്രം ചെയ്യുന്നു .അവര്‍ ഇന്ത്യയിലേക്ക്‌ അപ്രത്യക്ഷരാകുന്നു.

ബോധി ധര്‍മ്മന്‍ തെക്ക്‌ നിന്ന് വന്നു എന്നാണ് പറയുന്നത് .അദേഹം ഭാരതം വിട്ടു ബുദ്ധന്‍റെ അനര്‍ഘമായ ഉപദേശം കൈമാറാന്‍ ഒരു ശിഷ്യനെ അന്വേഷിച്ചു ഇറങ്ങിയതായിരുന്നു .ഒന്‍പത് വര്‍ഷത്തേ കാത്തിരിപ്പിന് ശേഷം അദേഹം ദക്ഷിണാവര്‍ത്തത്തിലേക്ക്‌ മടങ്ങി.ചൈനക്കാരുടെ ദക്ഷിണ ദേശം ഭാരതമാണ്.ഇവിടെ ഉദയം കൊണ്ടിട്ടില്ലാത്ത പുരാവൃത്തവും  ലോകത്ത്‌ എവിടെയും ഇല്ല .

ശാസ്ത്രം യവനമനസ്സിന്‍റെ സൃഷ്ടിയാണ്.പുരാവൃത്തം ഭാരതീയ മനസ്സിന്‍റെ സൃഷ്ടിയും.ലോകത്തെ നോക്കുന്നതിനു രണ്ടു വഴികള്‍ മാത്രമേ ഉള്ളൂ.ഒന്ന് ശാസ്ത്രവും മറ്റേത് മതവും.ശാസ്ത്രത്തിലൂടെയാണ് നിങ്ങള്‍ നോക്കുന്നത് എങ്കില്‍ അത്‌ വിശകലനത്തിന്‍റെ ഗണിതത്തിന്റെ,തര്‍ക്ക ശാസ്ത്രത്തിന്‍റെയാണ്.

ആഥന്‍സ് അഥവാ യവന മനസ്സ് ,ലോകത്തിനു ശാസ്ത്രവും വിശകലനത്തിന്റെ സോക്രാറ്റിക്ക് മാര്‍ഗവും പ്രദാനം ചെയ്തു.മതമാകട്ടെ ലോകത്തെ നോക്കി കാണുന്നതിനുള്ള തീര്‍ത്തും വ്യത്യസ്തമായ ഒരു ആശയ സംഘാതമാണ്.അത്‌ കവിതയിലൂടെ പുരാവൃത്തത്തിലൂടെ ,സ്നേഹത്തിലൂടെ ലോകത്തെ ദര്‍ശിക്കുന്നു.തീര്‍ച്ചയായും അത്‌ ഭാവനാത്മകമാണ്.അതിനു വസ്തുതകള്‍ തരാനാവില്ല.അതിനു കല്പിത കഥകള്‍ തരാനേ ആവൂ.എന്നാല്‍ കല്പിത കഥകള്‍ ഏതു വസ്തുവിനെക്കാളും വാസ്തവം ഉള്‍കൊള്ളുന്നുണ്ട് എന്ന് ഞാന്‍ പറയും.കാരണം അവ നിങ്ങള്‍ക്ക്‌ ഏറ്റവും അകത്തുള്ള കാമ്പാണ് തരുന്നത്.ബാഹ്യമായ സംഭവങ്ങളെ കുറിച്ച് അതിനു താത്പര്യമില്ല.അത്‌ കൊണ്ട് തന്നെ ഭാരതത്തിനു ചരിത്രമില്ല.ഇന്ത്യക്ക്‌ പുരാവൃത്തങ്ങളും പുരാണങ്ങളും ആണുള്ളത്.

ശ്രീരാമന്‍ ഒരു ചരിത്ര പുരുഷന്‍ ആയിരുന്നില്ല.അദേഹം ഉണ്ടായിരുന്നു എന്നോ ഇല്ലായിരുന്നു എന്നോ പറയാം.അത്‌ തെളിയിക്കാന്‍ കഴിയില്ല.ശ്രീ കൃഷ്ണന്‍ ഒരു പുരാണ കഥാപാത്രമാണ്.അദേഹം ഉണ്ടായിരുന്നിരിക്കം ഇല്ലാതിരുന്നിരിക്കാം .എന്നാല്‍ രാമനോ കൃഷണനോ ചരിത്ര പുരുഷന്‍മാര്‍ ആയിരുന്നോ എന്ന കാര്യത്തില്‍ ഇന്ത്യക്ക്‌ താത്പര്യം ഇല്ല.അവ സാരഗര്‍ഭങ്ങളാണ്.മഹത്തായ ഇതിഹാസ കാവ്യങ്ങളാണ്.
ചരിത്രം നഗ്നമായ വസ്തുതകളെ അല്ലാതെ ആഴത്തിലുള്ള അകകാമ്പ് വെളിപ്പെടുത്തുന്നില്ല. എന്നത്കൊണ്ട് ചരിത്രം ഭാരതത്തെ സംബന്ധിച്ച് അര്‍ത്ഥശൂന്യമാണ്.ഏറ്റവും അകത്തുള്ള കാമ്പിലാണ് ഭാരതത്തിന്‍റെ ശ്രദ്ധ.ചക്രത്തിന്റെ നാഭിയിലാണ് നമ്മുടെ ശ്രദ്ധ.ചക്രം തിരിഞ്ഞു കൊണ്ട് ഇരിക്കുന്നു എന്നാല്‍ ചലന രഹിതമായ നാഭി പുരാവൃത്തമാകുന്നു.

ശ്രീരാമന്‍ ഒരിക്കലും ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല .ക്രിഷനനും ഒരിക്കലും ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല .അവര്‍ ജനന മരണങ്ങള്‍ക്ക് വിധേയരല്ല.അവരെപ്പോഴും ഇവിടെയുണ്ട്.പുരാവൃത്തത്തിന്‍റെ താത്പര്യം കാലത്തിലല്ല.അതിനു ശ്വാശതീകത്തിലാണ് താത്പര്യം.ചരിത്രം കാലത്തിനൊപ്പം മാറികൊണ്ടിരിക്കുന്നു.പുരാവൃത്തം എന്നും പ്രസക്തമാണ്.പുരാവൃത്തം ഒരിക്കലും കാലഹരണപ്പെടുന്നില്ല.ഇന്നലത്തെ പത്രം ഇന്ന് കാലഹരണപ്പെടുന്നു. ശ്രീരാമന്‍ പത്രത്തിന്‍റെ ഭാഗമല്ല അദേഹം വാര്‍ത്തയല്ല.അദേഹം ഒരിക്കലും കാലഹരണപ്പെടുന്നില്ല.അദേഹം എന്നും വര്‍ത്തമാന കാലത്തിലാണ്.എന്നും അര്‍ത്ഥ പൂര്‍ണ്ണനും സംഗതനും ആണ്.ചരിത്രം മാറികൊണ്ടിരിക്കുമ്പോഴും ശ്രീരാമന്‍ അചഞ്ചലനായി ചക്രത്തിന്‍റെ നാഭിയില്‍ സ്ഥിതി ചെയ്യുന്നു.
അതുകൊണ്ടാണ് ഭാരതം ഭൂമിശാസ്ത്രത്തിന്റെയോ ചരിത്രത്തിന്റെയോ ഭാഗമല്ല എന്നും ആന്തരികമായ ഒരു ഭൂപടത്തിന്റെ ഭാഗമാണ് എന്നും ഞാന്‍ ആവര്‍ത്തിച്ചു പറയുന്നത്.എപ്പോഴൊക്കെ മനുഷ്യന്‍ തന്‍റെ ആന്തരികതയിലേക്ക്‌ ഇറങ്ങി ചെല്ലുന്നുവോ അപ്പോഴൊക്കെ അവന്‍ ഭാരതത്തില്‍ എത്തുന്നു.ഇന്ത്യയുടെ സനാതനമായ ആകര്‍ഷണ ശക്തിക്കും കാന്ത ശക്തിക്കും കാരണമതാണ്.പുനര്‍ജനിപ്പക്ഷിയും ദക്ഷിണ ദേശവും ഭാരതവും ചിരന്തനത്വവും .ഒന്നിനും പ്രായമാവുകയോ മാറ്റം വരുകയോ ചെയ്യുന്നില്ല.എല്ലാം നിശ്ചലമാണ്.