2011, മാർച്ച് 22, ചൊവ്വാഴ്ച

പെണ്ണുകാണല്‍ മഹാമഹം അഥവാ മാനം പറന്ന മേഘം

ടവപ്പാതിയിലെ കോരി ചൊരിയുന്ന മഴയുടെ ഇറായാല്‍ വെള്ളം വീഴുന്ന സംഗീതവും ജനലിലൂടെ വീശുന്ന കുളിര്‍കാറ്റുമേറ്റ് കമിഴ്ന്നു കിടന്നു ഉറങ്ങുന്ന ഒരു സുഖം ഉണ്ട് ഒരു സ്വര്‍ഗ ലോകത്തും ആ സുഖം കിട്ടും എന്ന് എനിക്ക് തോനുന്നില്ല . ആ സുഖം കിട്ടാന്‍ വേണ്ടി മാത്രമാണ് കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി എന്ന എയര്‍ ഇന്ത്യക്ക്‌ ടിക്കറ്റും എടുത്ത്‌ എല്ലാ വര്‍ഷവും നാട്ടിലെത്തുന്നത്. കോരിചൊരിയുന്ന മഴയും തണുപ്പും ഉണ്ടായിട്ടും അതി രാവിലെ അലാറം വെച്ച് എഴുനേറ്റത് പിന്നെ എന്തിനാ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം അതിനു തക്കതായ കാരണമുണ്ട് .വര്ഷം മുഴുവനും ബ്രോയിലര്‍ ചിക്കനും കോപ്പുമെല്ലാം കഴിച്ചു ആരോഗ്യം മുഴുവന്‍ നശിച്ചു ഒരു പരുവമായി നാട്ടിലെത്തുമ്പോള്‍ അല്പം ആയുര്‍വേദമരുന്ന് ഒക്കെ കഴിച്ചു ശരീരത്തെ ഒന്ന് പ്യൂരിഫൈ ചെയ്യുന്നതില്‍ തെറ്റുണ്ടോ ?ഉണ്ട് എന്ന് നിങ്ങള്‍ പറഞ്ഞാലും ഡോകട്ടര്‍ നമ്പൂരി സമ്മതിക്കില്ല കാരണം അദേഹത്തിനും ഇടകൊക്കെ ആരോഗ്യം പ്യൂരിഫൈ ചെയ്യണമല്ലോ.ചവര്‍പ്പും കയ്പ്പും പുളിയും എന്ന് വേണ്ടാ നവ രസങ്ങളും തൊണ്ടയിലൂടെ കുത്തി ഇറക്കുന്ന പോലെ ആയിരുന്നു അവിപത്തി ചൂര്‍ണ്ണം ചൂടുവെള്ളത്തില്‍ കുടിക്കുമ്പോള്‍, അകത്തോട്ട് ഇറക്കുമ്പോള്‍ തന്നെ നമ്പൂരി പറഞ്ഞ വാക്കുകള്‍ മനസ്സിലോടിയെത്തി " ആദ്യദിവസം വീട് വിട്ടു പോണ്ടാ , വയറു നന്നായി ഒന്ന് ഇളകും പിന്നെ ഇളക്കമനുസരിച്ചു ചൂര്‍ണ്ണത്തിന്റെ അളവ് ക്രമീകരിക്കാം എന്താ" ഉവ്വ..!

പല്ല് തേപ്പ് കഴിഞ്ഞ് രാവിലെ കാപ്പിക്ക് കാത്തിരുന്നപ്പോള്‍ അടുക്കളയില്‍ നിന്നും ഒരു അറിയിപ്പ്‌ കിട്ടി ആയുര്‍വേദം കഴിക്കുമ്പോള്‍ കാപ്പി കുടിക്കണ്ട ! ഈശ്വരാ ആ പരിപാടിയും തീര്‍ന്നു, മരുന്ന് വേണ്ടായിരുന്നു!
പത്രം വായിച്ചു കൊണ്ടിരുന്ന അച്ഛന്‍ കാപ്പി ഊതി ഊതി കുടിക്കുന്നത് കൊതിയോടെ നോക്കി അപ്പ്രത്ത് ഇരുപ്പ്‌ ഉറപ്പിച്ചു. ഇടക്ക് എന്തോ വെളിവാട് വന്നപോലെ അച്ഛന്‍ എന്നോട് ഒരു ചോദ്യം "ന്താ ഇന്ദു ചൂടന്റെ ഫ്യൂച്ചര്‍ പ്ലാന് ബ ബ ബ സോറി മാറിപ്പോയി എന്താ ഇന്ന് നിന്റെ പരിപാടി"
ഭവ്യതയോടെ ഞാന്‍ മൊഴിഞ്ഞു 'ഒന്നുമില്ലാച്ഛാ...'
അച്ഛന്‍ : എന്നാലേ ബ്രോക്കര്‍ വിശ്വംഭരന്‍ വരും
ഞാന്‍:അതിനെന്താ അയാള്‍ സ്ഥിരം വന്നു വല്ല തടികച്ചവടക്കാരെപ്പോലെ അവിടെ നല്ല കുട്ടിയുണ്ട് ഇവടെ നല്ല കുട്ടിയുണ്ട് എന്നൊക്കെ പറഞ്ഞു നൂറോ ഇരുന്നൂറോ വാങ്ങി പോകുന്നത് പതിവല്ലേ.
അച്ഛന്‍ : ഇത് അതുപോലെയല്ല ഇന്ന് പത്ത്‌ മണിക്ക് കൂറ്റനാട് ഉള്ള ഒരു കുട്ട്യേ കാണാന്‍ ചെല്ലാമെന്ന് പറഞ്ഞിട്ടുണ്ട്,
ഞാന്‍ അസ്വസ്ഥയുടെ കൊടുമുടി കയറാന്‍ ആരംഭിച്ചു അച്ഛന്‍ കല്‍പ്പിച്ചത് കല്യാണവും വൈദ്യന്‍ കല്‍പ്പിച്ചത് വയറിളക്കവും ആണല്ലോ ഹെന്ടീശ്വരാ .............. മനസ്സിന്റെ ബാക്ക് ഗ്രൗണ്ടില്‍ പ പ പ്പ പാ എന്നാ ശോക മുസ്സിക്ക്‌.

ആലോചനകള്‍ പലതും നടപ്പുണ്ടായിരുന്നു എങ്കിലും പെണ്ണ് കാണല്‍ ഇത് വരെ ചെയ്തിട്ടില്ല , വില്‍പ്പന ചരക്ക്‌ പോലെ ഒരു പെണ്‍‍ കുട്ടി നിസ്സഹായയായി മുന്നില്‍ വന്നു നില്‍ക്കുനത് എനിക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല, പക്ഷെ സമ്മര്‍ദ തന്ത്രങ്ങള്‍ കൂടിയപ്പോള്‍ സമ്മതിക്കാതെ ഇരിക്കാന്‍ എനിക്ക് നിവര്‍ത്തിയുമില്ലായിരുന്നു.എന്തായാലും ടോയിലറ്റില്‍ പല തവണ പോയി എങ്കിലും വൈദ്യര്‍ പറഞ്ഞ പോലെ ഒന്നും സംഭവിച്ചില്ല ,തികച്ചും സാധാരണമായി തന്നെ വയര്‍ പെരുമാറിയപ്പോള്‍ ഞാന്‍ അല്‍പ്പം ഉന്മേഷവാനായി, കുളിച്ചു ഒരുങ്ങി വണ്ടിയില്‍ കേറി കാണാന്‍ പോകുന്ന പെണ്‍ കുട്ടിക്ക് ഭാവനയാല്‍ പല രൂപങ്ങളും നല്‍കി കൊണ്ട് കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വെള്ളിയാങ്കല്ല് പാലവും താണ്ടി യാത്ര തുടര്‍ന്നു.

പെണ്ണിന്റെ വീട്ടിലേക്ക്‌ കാലെടുത്ത് വെച്ചപ്പോള്‍ മോനെ വയറ്റില്‍ ഒരു ലഡു പൊട്ടി ......ഏയ്‌ ഇല്ല ടെന്‍ഷന്‍ കാരണം ഉള്ള തോന്നലാകും ...പച്ചകുതിരയില്‍ സലിം കുമാര്‍ പറഞ്ഞ പോലെ ഇല്ലാത്ത ദൈവത്തെ പോലും വിളിക്കുന്ന സന്ദര്‍ഭം. അറിയാത്ത പല വഴിപാടും നേര്‍ന്നു . ഭഗവാനെ ചതിക്കല്ലേ ,,,നാറ്റിക്കല്ലേ, ഞാന്‍ ഇനി നല്ല പോലെ ജീവിക്കാമെ ....ഹോ പ്രാര്‍ത്ഥന കേട്ടോ എന്തോ വയര്‍ വീണ്ടും ശാന്തമായി . ഉമ്മറത്ത് ഇട്ടിരുന്ന കസേരകളിലോന്നില്‍ ഇരുപ്പ് ഉറപ്പിച്ചപോഴും കണ്ണുകള്‍ ആരെയോ പരതുകയായിരുന്നു.വീടിനെയും നാടിനെയും കുറിച്ച് ഉള്ള വേടിവട്ടങ്ങളാല്‍ സദസ്സ്‌ കൊഴുത്തു തുടങ്ങി , ഇടക്ക് ചില ചോദ്യങ്ങള്‍ എന്റെ നേരെയും വന്നു കൊണ്ടിരുന്നു .അകത്ത്‌ നിന്ന് അടക്കി പിടിച്ച ശബ്ദങ്ങളും വളയുടെയും പാദസരത്തിന്റെയും കിലുക്കങ്ങള്‍ കേള്‍ക്കുന്നത് എന്റെ കരളിനെ കുളിരണിയിച്ചു.പെണ്‍കുട്ടിയുടെ സൌന്ദര്യത്തെ കുറിച്ച് വീണ്ടും ഞാന്‍ ചില സ്വപ്നത്തിലേക്ക്‌ വഴുതി.മോനെ വയറ്റില്‍ അടുത്ത ലഡു പൊട്ടി ....അതി ശക്തമായ ഒരു ഭൂചലനം നടന്ന അവസ്ഥ. വയറില്‍ അമര്‍ത്തി പിടിക്കാന്‍ തോനുന്നു. തലകറങ്ങുന്നു... ദൈവമേ ചതിക്കല്ലേ ,, മനമുരുകിയ പ്രാര്‍ത്ഥന വീണ്ടും ഫലിച്ചു വയര്‍ വീണ്ടും ശാന്തമായി .
ചായ ഒരുക്കി വെച്ച് പെണ്‍വീട്ടുകാര്‍ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു, ആരും കാണാതെ ഞാന്‍ എല്ലായിടവും പരതി ആ സൌന്ദര്യദാമം എവിടെയായിരിക്കും , അവള്‍ എന്നെ കാണുന്നുണ്ടാകുമോ.. എന്റെ മുടി ശരിയാണോ, ഷര്‍ട്ടും മുണ്ടും ഒക്കെ വൃത്തിക്കാണോ , ഈശ്വരാ ഒരു പിടിയും ഇല്ല, കണ്ടാല്‍ എന്നെ ഇഷ്ട്ടപെടുമോ എന്തോ ...ചായ കുടിക്കുന്നതിനിടയില്‍ ആരോ പറഞ്ഞു "അവര്‍ ഒറ്റക്ക് സംസാരിക്കട്ടെ അതാ നല്ലത്"
വയസ്സായ ഒരാള്‍ പറഞ്ഞു മോന്‍ അങ്ങോട്ട്‌ ചെല്ല് കുട്ടി അവിടെ നില്‍പ്പുണ്ട് . ലജാ വിവശനായി ഞാന്‍ അച്ഛന്റെ ചെവിയില്‍ പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു 'അച്ഛാ അച്ഛനും കൂടി വാ എനിക്ക് നാണമാ' അതിനു അച്ഛന്‍ പറഞ്ഞ മറുപടി ഞാന്‍ തല്‍ക്കാലം എഴുതുന്നില്ല. എന്തായാലും ഞാന്‍ പെണ്ണിന്റെ അടുത്ത് എത്തി .


നാണിച്ചു മുഖം കുനിച്ചു കാല്‍ വിരല്‍ കൊണ്ട് ടൈല്‍സിന്റെ ഇടയില്‍ ഉള്ള വരകളില്‍ കുത്തിവരച്ച് അവള്‍ നില്‍ക്കുന്നു. മോനെ വയറ്റില്‍ ഒരു പതിനഞ്ചു ലഡു ഒരുമിച്ചു പൊട്ടി.ടൈറ്റാനിക്കില്‍ കപ്പല്‍ മറയാന്‍ പോകുമ്പോള്‍ ഉണ്ടാകുന്ന പോലെ ഉള്ള വിറയലും പൊട്ടലും ചീറ്റലും , ഈശ്വരാ എന്റെ വയര്‍ ഇപ്പോള്‍ പൊട്ടും , വേദന കൊണ്ട് ഞാന്‍ പുളഞ്ഞു,മണ്ഡലം കീറുമോ ....വയറില്‍ അഗ്നിപര്‍വത സ്ഫോടനമാണോ.
എന്താ കുട്ടിയുടെ പേര് , എത്ര വരെ പഠിച്ചു എന്നൊക്കെയുള്ള പതിവ് ചോദ്യങ്ങള്‍ പ്രതീക്ഷിച്ചു നില്‍ക്കുന്ന യുവ സുന്ദരിയോടു ഞാന്‍ ചോദിച്ചു എവിടാ കുട്ടി ടോയ്ലറ്റ് വേഗം പറയൂ പ്ലീസ്‌. അവളുടെ ചൂണ്ടുവിരല്‍ കാണിച്ച മാര്‍ഗരേഖയിലൂടെ വാലിനു തീ പിടിച്ച പോലെ ഞാന്‍ പാഞ്ഞു.


പെണ്‍ വീട്ടുകാരുടെ പെരുമാറ്റം ഇഷ്ട്ടപെടാത്തത് കൊണ്ടാണ് ഞാന്‍ അങ്ങിനെ ഒക്കെ ചെയ്തത് അല്ലാതെ എനിക്ക് ടോയിലറ്റില്‍ പോകേണ്ട യാതൊരു കാര്യവും ഇല്ലായിരുന്നു എന്നരീതിയിലൊക്കെ എല്ലാവരെയും വിശ്വസിപ്പിക്കാന്‍ ഞാന്‍ പല വിഫല ശ്രമങ്ങളും നടത്തി. അവരുടെ ഉമ്മറത്ത്‌ നിന്ന് ഇറങ്ങുമ്പോള്‍ പുറകില്‍ നിന്ന് ഉയര്‍ന്ന് കേട്ട പൊട്ടിചിരികളില്‍ ഹൃദയ സ്പര്‍ശിയായി വേറിട്ട്‌ നിന്ന ആ ശബ്ദം അവളുടെതായിരിക്കുമെന്നെനിക്കുറപ്പുണ്ട്.........