2014, നവംബർ 21, വെള്ളിയാഴ്‌ച

ഇലാമപ്പഴം

വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഗുരു എന്ന മലയാള സിനിമ അനുഭവിക്കുകയായിരുന്നു .മുന്നേ അത് ഒരു കാണല്‍ മാത്രമേ ആയിരുന്നുള്ളൂ.
ഗുരു ചരണത്തില്‍ സ്വയം സമര്‍പ്പിക്കുന്ന സാധകന്‍ ധ്യാനത്തിന്റെ അജ്ഞേയമായ ലോകത്തേക്ക് എടുത്ത് എറിയപ്പെടുന്നു.ശാന്തിയുടെ ഗിരി ശൃംഗങ്ങളില്‍ എത്തിയ സാധകന്‍ അകകാഴ്ചയുടെ ആനന്ദം അനുഭവിക്കുന്നു.
സത്തും അസത്തും തിരിച്ചറിയാതെ ,ജ്ഞാനമാകുന്ന കുരു കളഞ്ഞു ആചാര ദൂഷ്യങ്ങള്‍ ആകുന്ന പുറം തോട് ഭക്ഷിച്ചു സ്വയം കാഴ്ച നഷ്ടപ്പെട്ട ഇരുട്ടില്‍ നിന്ന് കൂരിരുട്ടിലേക്ക് അന്ധരാല്‍ നയിക്കപ്പെടുന്ന ഒരു സമൂഹത്തെ രക്ഷിക്കുന്നതിന് അദ്ദേഹം നിയോഗിക്കപ്പെടുന്നു.
കാഴ്ചയുടെ സത്യത്തെ കുറിച്ച് അവരില്‍ ഒരാളെ ബോധിപ്പിക്കാന്‍ അയാള്‍ക്ക് കഴിയുന്നു.കാഴ്ചയുടെ മഹത്വം വിളിച്ചു പറഞ്ഞ അയാളെ അന്ധരായ ജനക്കൂട്ടം ഭ്രാന്തനായും പിശാചായും രാജ ദ്രോഹിയായും മുദ്രകുത്തുന്നു.താല്‍കാലികമായി രക്ഷക്ക്‌ വേണ്ടി അവരില്‍ ഒരാളുടെ വേഷം ധരിച്ച് അവര്‍ക്കിടയില്‍ കഴിയേണ്ടിവരുന്നു.
വിശിഷ്ട ഭോജ്യമായി കരുതിയ ആചാര ദൂഷ്യങ്ങളാണ് അന്ധതയുടെ കാരണമെന്ന് സ്വാനുഭവത്തിലൂടെ തിരിച്ചറിയുന്ന അയാള്‍ക്ക് കാഴ്ചയുടെ മഹത്വത്തെ കുറിച്ച് കൂടുതല്‍ പേരെ ബോധ്യപ്പെടുത്താന് സാധിക്കുന്നതോടെ അദേഹം ഗുരുതത്വത്തിലേക്ക്‌ ഉയര്‍ത്തപ്പെടുന്നു.
യമ നിയമങ്ങളുടെ മതിലുകള്‍ തീര്‍ത്ത് ആത്മസാധനയാകുന്ന ഔഷധം നല്‍കി അവരെ അക കാഴ്ചക്ക്‌ പ്രാപ്തമാക്കുന്നു.അന്ധതയുടെ അയുക്തമായ കാഴ്ചപരീക്ഷണങ്ങളും അതിജീവിച്ചു ജ്ഞാന കാഴ്ചയുടെ പ്രാധാന്യം രാജവടക്കമുള്ള ജനങ്ങള്‍ക്ക് അദേഹം ബോധിപ്പിക്കുന്നു.
ഇലാമപ്പഴത്തിന്‍റെ പുറം ചട്ടയാകുന്ന മതാന്ധതയുടെ മതിലുകള്‍ തകര്‍ത്ത്‌ വര്‍ണ്ണ വര്‍ഗ അസമത്വങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും എല്ലാം ഏക പരിഹാരം ബോധോദയം എന്ന ഒരേ ഒരു വിപ്ലവം മാത്രം എന്ന് രാജീവ്‌ അഞ്ചല്‍ വളരെ മനോഹരമായ ബിംബവല്‍ക്കരണത്തിലൂടെ അവതരിപ്പിക്കുന്നു.
അജ്ഞാന തിമിരാന്തസ്യ ജ്ഞാനാഞ്ജന ശലാകയാ,. ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരവേ നമ: