2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

പുനര്‍ജന്മവും ഗീതയും

യം യം വാപി സ്മരന്‍ഭാവം ത്യജത്യന്തേ കലേവരം തം തമേവൈതി കൌന്തേയ സദാ തദ്ഭാവഭാവിതഃ (6)
ഹേ കുന്തി പുത്രാ, ഏതേതു ഭാവം സ്മരിച്ചുകൊണ്ടു ഒടുവില്‍ ശരീരം വിടുന്നുവോ എപ്പോഴും തന്‍മയഭാവമാര്‍ന്നു അതാതുഭാവത്തെത്തന്നെ പ്രാപിക്കുന്നു. സ്ഥൂല മായ ഒരു അര്‍ത്ഥത്തില്‍ മുകളില്‍ പറഞ്ഞത്‌ മാത്രം ആണ് മുകളിലെ ശ്ലോകത്തിന്റെ താത്പര്യം .എന്നാല്‍ ആന്തരികമായി ഈ ശ്ലോകത്തെ അപഗ്രഥിച്ചാല്‍ എങ്ങിനെയൊക്കെ വരും എന്ന് നോക്കാം . മനുഷ്യന് ഓരോ പ്രവര്‍ത്തിക്കും മുന്നേ ഒരു സുഷുപ്തിയുണ്ട് ,ഓരോ ദിവസവും ഒരു സുഷുപ്തിയുണ്ട് [നിത്യപ്രളയം] അവസാനമായ ഒരു സുഷുപ്തിയുണ്ട് മരണം അഥവാ മഹാ പ്രളയം. അതായത്‌ ഓരോ കര്‍മ്മത്തിനും മുന്നേ ഉള്ള സുഷുപ്തിയില്‍ നമ്മള്‍ എന്താണോ ചിന്തിക്കുന്നത് അതാണ്‌ നമ്മുടെ അടുത്ത നിമിഷം ആയി ഭവിക്കുന്നത് .നിശബ്ദമായി നമ്മള്‍ ഇരിക്കുന്ന നേരം നമ്മളിലൂടെ കടന്നു പോകുന്ന അനേകം വിചാരങ്ങള്‍ നമ്മളുടെ അടുത്ത നിമിഷം ആയി നാം അറിയാതെ ഭവിക്കുന്നു. ഓരോ ദിവസം സുഷുപ്തിയിലേക്ക്‌ പോകുന്നതിനു മുന്നേ ഏതു കര്‍മ്മത്തിന്‍റെ ബാക്കിയാണോ നാം ചിന്തിച്ചു കൊണ്ട് ഉറക്കത്തില്‍ വീഴുന്നത് ആ ചിന്തക്ക് അനുസരിച്ച് ഒരു പുതു ദിനം നമ്മളില്‍ ഉണ്ടാകുന്നു. ചുരുക്കത്തില്‍ ഓരോ സുഷുപ്തിയും ഓരോ നിമിഷവും ശ്രദ്ധയോടെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരുവന് ഈ ലോകം സ്വര്‍ഗമായി ഭവിക്കും .അവന്‍റെ സകല ദുരിതങ്ങള്‍ക്കും അത് പരിഹാരമാകും. മനസ്സ് നന്നായാല്‍ തന്നെ പ്രശ്നങ്ങള്‍ തീരുന്നു .പക്ഷെ നാം സ്വയം നല്ലവര്‍ എന്ന ബോധത്തില്‍ ആകും അത് കൊണ്ട് തോന്നും ഞാന്‍ ചീത്തയൊന്നും കരുതിയില്ല എന്നിട്ടും എനിക്ക് എന്തെ ...? സംഗതി ശരിയാണ് ബോധപൂര്‍വ്വം നമ്മള്‍ ദുഷ് ചിന്തകള്‍ ചെയ്തില്ല പക്ഷെ ജാഗ്രതില്‍ ഇരുന്നും നമ്മള്‍ സ്വപ്നം കാണുന്നു. അവ ബോധത്തില്‍ അല്ലാതെ ആയകാരണം നാം അറിയുന്നില്ല.അത് കൊണ്ട് ഓരോ നിമിഷവും ശ്രദ്ധിക്കാന്‍ ശ്രമിക്കുക .മനസ്സിനെ നിരീക്ഷിക്കുക .നാം അത്ഭുതപ്പെട്ട് പോകും നമ്മുടെ മനസ്സില്‍ എന്തൊക്കെ ചിന്തയാണ് കടന്നു പോകുന്നത് എന്ന്.പതിയെ നമ്മള്‍ ശാന്തിയില്‍ എത്തുകയും ചെയ്യും.

അബോധവും ആത്മീയതയും

സമഗ്രമായ ഒരു അബോധത്തില്‍ ആണ് ഓരോ ജീവനും ജീവിക്കുന്നത് .അബോധത്തില്‍ മാത്രമേ വികാരങ്ങളും ആഗ്രഹങ്ങളും അശാന്തിയും ഒക്കെ ഉള്ളൂ .വളരെ വിരളമായി മാത്രം നാം ബോധത്തില്‍ ഇരിക്കുന്നുള്ളൂ .അത് കൊണ്ടാണ് ജാഗ്രത് അവസ്ഥയിലും നമ്മള്‍ സ്വപ്നം കാണുകയാണ് എന്ന് പറയുന്നത്. ചെയ്തു കഴിഞ്ഞു എന്തിനു ചെയുതു എങ്ങിനെ ചെയുതു എന്ന് ചോദിച്ചാല്‍ ഉത്തരം നല്കാന്‍ കഴിയാത്ത പ്രവൃത്തികള്‍ അബോധത്തെ മനസ്സിലാക്കാന്‍ നമുക്ക്‌ എളുപ്പം സഹായിക്കും .കാമ ക്രോദങ്ങള്‍ എല്ലാം ഉള്ളതും ഉണ്ടാകുന്നതും അബോധത്തിലാണ് .ബോധാവസ്ഥയില്‍ ശാന്തി മാത്രമേ ഉള്ളൂ. ഒരു ജീവന്‍ സ്വപ്ന സുഷുപ്തികളെ കൂടാതെ തന്നെ ഏറിയ പങ്കും അവന്‍റെ അബോധത്തില്‍ സ്വപ്നം കണ്ടു കഴിയുന്നു.ഭാര്യയോ മക്കളോ അച്ഛനോ അമ്മയോ സുഹൃത്തിനോ ഒന്നും തന്നെ ഒരാളുടെ സ്വപ്നതലത്തിലേക്ക് പ്രവേശനം ഇല്ല.അവിടെ അവന്‍ തികച്ചും എകാകിയാണ് .ആ തരത്തില്‍ ചിന്തിച്ചാല്‍ ഒരു ജീവന്റെ സാമൂഹ്യ ജീവിതം കേവലം വളരെ ചെറുതാണ് .ബാക്കി എല്ലാ സമയവും അവന്‍ ഏകനാണ്. ഇന്ദ്രിയങ്ങള്‍ ഉളവാക്കുന്ന അനുഭൂതികള്‍ സ്ഥൂല ശരീരത്തില്‍ ഉണ്ടാക്കുന്ന അറിവ്.ഇന്ദ്രിയങ്ങള്‍ ഉണ്ടാക്കുന്ന അനുഭൂതി സൂക്ഷ്മശരീരം അഥവാ മനസ്സില്‍ ഉണ്ടാക്കുന്ന അറിവ്‌.അതിനു ശേഷം ഇതേ അനുഭൂതി കാരണ ശരീരത്തിലും രേഖപ്പെടുത്തുന്നു.കാരണ ശരീരത്തില്‍ രേഖപ്പെടുത്തിയ ആ അറിവ് ബോധത്തിന്റെ അനുമതിക്ക്‌ കാത്തുനില്‍ക്കാതെ നമ്മെ കൊണ്ട് യാന്ത്രികമായി കര്‍മ്മം ചെയ്യിക്കുന്നു.എന്ന് വച്ചാല്‍ കാരണ ശരീരത്തില്‍ രേഖപ്പെടുത്തിയ വാസനകള്‍ അബോധതലത്തില്‍ നമ്മുടെ കര്‍മ്മം ആയി ഭവിക്കുന്നു. ഇങ്ങിനെ ഓരോ കാര്യവും അതിന്റെ വിശേഷത്തില്‍ അറിയുമ്പോള്‍ അഥവാ കണ്ടു കേട്ടോ തൊട്ടോ അറിഞ്ഞു കഴിഞ്ഞു നാം അതിനെ വസ്തുവിന്റെ അഭാവത്തില്‍ പോലും ചിന്തിക്കുന്നു എങ്കില്‍ അവ കാരണ ശരീരത്തില്‍ രേഖപ്പെടുത്തും അത് അബോധത്തില്‍ കര്‍മം ആയി ഭവിക്കുകയും ചെയ്യുന്നു. ആത്മീയ സാധനക്ക്‌ തുടക്കമിടുമ്പോള്‍ നാം ഓര്‍ക്കണം വസ്തുക്കളെ വിശേഷതലത്തില്‍ അറിയാന്‍ നാം ശ്രമിക്കുമ്പോള്‍ നമ്മുടെ വാസനകള്‍ വീണ്ടും കൂടുകയാണ് .ചിത്തം കൂടുതല്‍ അശുദ്ധമാവുകയാണ്. പൂര്‍ണ്ണമായ ബോധം [complete awareness]എന്ന അവസ്ഥയില്‍ എത്തുകയാണ് നമ്മുടെ ആവശ്യം അതിനു അബോധതിന്റെ ഓരോ നിമിഷവും കളഞ്ഞു പൂര്‍ണ്ണ ബോധത്തില്‍ ഇരിക്കാന്‍ സാധനകൂടിയേ തീരൂ. ചിത്തശുദ്ധിക്കായി ശ്രമിക്കുമ്പോള്‍ തന്നെ ചിത്തം അശുദ്ധമാവതിരിക്കാന്‍ കൂടി ശ്രമിക്കണം അല്ലാത്തപക്ഷം ആനയുടെ ശൌചം പോലെയാകും അത്.ഇന്ദ്രിയങ്ങള്‍ ഒരു വിഷയത്തെ അനുഭവിക്കുമ്പോള്‍ അതിന്റെ സ്ഥൂലതലത്തിന് അപ്പുറം ആ അറിവ് സാധകനില്‍ സന്നിവേശിപ്പിക്കാതിരിക്കണം.ഉദാഹരണത്തിന് ഒരു വസ്തു കാണുമ്പോള്‍ ഒറ്റനോട്ടത്തില്‍ കാണുക ,ആ വസ്തുവിന്റെ വിശേഷങ്ങള്‍ ശ്രദ്ധിക്കാതെ സാമന്യത്തില്‍ മാത്രം കാണുക.വസ്തുവിന്റെ അഭാവത്തില്‍ ആ വസ്തു മനസ്സില്‍ കാണാനോ അതിനെ കുറിച്ച് മനനം ചെയ്യനോ ഇടയാകുമ്പോള്‍ അവ കാരണ ശരീരത്തില്‍ രേഖപ്പെടുത്തപെടുന്നു.