2011, ഏപ്രിൽ 13, ബുധനാഴ്‌ച

ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ തിരഞ്ഞെടുപ്പ്‌ വരെ

ണ്ട് വളരെ പണ്ട് മൂന്നാംകിട അവികസിത ക്ലാസ്‌ റൂമുകള്‍ സാമ്രജ്യത്വ ശക്തികളുടെ നേരിട്ടുള്ള ഭരണത്തില്‍ ഇരിക്കുന്ന കാലം .ഒരു ക്ലാസ്‌ റൂമിന്റെ പോലും വലുപ്പം ഇല്ലാത്ത ഹെഡ്‌മാഷുടെ റൂം തന്റെ പ്രതിനിധികളായ ടീച്ചര്‍മ്മാരെ നേരിട്ട് വിട്ട് ക്ലാസ് റൂം ഭരണം നടത്തിയിരുന്ന കാലം.ആ കാലഘട്ടത്തില്‍ ക്ലാസുകളിലെ ലീഡര്‍ തിരഞ്ഞെടുപ്പ്‌ ജനാധിപത്യപരമായിരുന്നില്ല എന്ന് മാത്രമല്ല തികച്ചും പൈശാചികവും ക്രൂരവും ആയിരുന്നു.

മാഷുടെയോ ടീച്ചറുടെയോ കുട്ടികള്‍ ക്ലാസില്‍ ഉണ്ടെങ്കില്‍ അവര്‍ പുലികള്‍,അച്ഛനും അമ്മയും ടീച്ചര്‍മ്മാര്‍ ആണെങ്കില്‍ അവര്‍ പുപുലികള്‍.അപ്പോള്‍ പഠിക്കുന്ന സ്കൂളില്‍ തന്നെ അച്ഛനും അമ്മയും ടീച്ചര്‍മ്മാര്‍ ആയവര്‍ ഹോ അവരെ കുറിച്ച് വിശേഷിപ്പിക്കാന്‍ പുലി ശ്രേണിയില്‍ വാക്കുകള്‍ ഇനിയും കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.കൂടാതെ പട്ടാളക്കാരുടെയോ പോലീസിന്റെയോ ഒക്കെ മക്കള്‍ ഉണ്ടെങ്കില്‍ പറയണ്ട.അതിനിടയില്‍ എന്നെ പോലെ കൃഷിക്കാരുടെയൊക്കെ മക്കള്‍ ഉണ്ട് എങ്കില്‍ അവര്‍ പാവം പോയിട്ട് വം പോലും ആകില്ല എന്ന് പ്രത്യകം പറയേണ്ടതില്ലലോ.


ഇത്തരത്തില്‍ അതി ഭീകരായ പുലികളും പുപ്പുലികളും നിറഞ്ഞതായിരുന്നു എന്റെയും ക്ലാസ്‌.കിട്ടിയജോലി എത്രേം വേഗം ചെയ്തു സ്ഥലം കാലിയാക്കുക എന്നത് എന്റെ സഹജമായ സ്വഭാവം ആണ് ,അത് കൊണ്ട് തന്നെ ഒന്നാം ക്ലാസില്‍ ചേര്‍ത്ത അന്ന് തന്നെ കയ്യില്‍ ഉള്ള സ്ലേറ്റില്‍ അറിയാവുന്ന കാര്യങ്ങള്‍ ഒക്കെ രണ്ടു പുറവും എഴുതി നിറച്ച് ഞാന്‍ എന്റെ ക്ലാസ്‌ ടീച്ചറോട് ഇനി ഞാന്‍ പൊയ്ക്കോട്ടേ ടീച്ചറെ എന്ന് ചോദിച്ചത് ഇന്നും ആ ടീച്ചര്‍ കാണുമ്പോള്‍ പറഞ്ഞു കളിയാക്കാറുണ്ട് .സ്വാമ്രജ്യത്വത്തിന്റെ അവശേഷിപ്പുകള്‍ക്ക് ഇതിലും വലിയ ഉദാഹരണം ആവശ്യം വരില്ലലോ.

മാര്‍ക്കിന്റെ കാര്യത്തില്‍ മുതലാളിമാരും വരേണ്യവര്‍ഗ്ഗവും ഒക്കെ ആയ ഇത്തരം പുപ്പുലികളെയാണ് സാമ്രാജ്യവാദികളായ ടീച്ചര്‍മ്മാര്‍ ഭരണം നേരിട്ട് ഏല്‍പ്പിച്ചിരുന്നത്‌ .ടീച്ചര്‍മ്മാരുടെ പ്രീതി പിടിച്ചു പറ്റുന്നതിനായി പലപ്പോഴും ഈ ലീഡര്‍മ്മാര്‍ എന്നെ പോലെ ഉള്ള സാധാരണക്കാരും മാര്‍ക്കില്‍ അതീവ ദരിദ്രരും ആയ വിദ്യാര്‍ഥികളുടെ പേരില്‍ കള്ള കേസുകള്‍ ഉണ്ടാക്കല്‍ പതിവായിരുന്നു .മാത്രമല്ല ഞങ്ങളെ കൊണ്ട് ബോര്‍ഡിനു മഷി തേപ്പിക്കുക ,ഉച്ചകഞ്ഞി വിതരണം നടത്തിക്കുക ,ക്ലാസ്‌ റൂം ക്ലീന്‍ ചെയ്യിക്കുക തുടങ്ങി ഒട്ടനവധി അടിമവേലകള്‍ ചെയ്യിക്കലും പതിവായിരുന്നു.

ഇത്തരത്തില്‍ ഉള്ള അസ്വാതന്ത്ര്യങ്ങള്‍ സഹിച്ചു സഹികെട്ട് ഞങ്ങളുടെ ഇടയില്‍ നിന്നും ധാരാളം പ്രക്ഷോഭങ്ങളും മറ്റും ഉണ്ടായി അതില്‍ ഏറ്റവും പ്രാധാനം ടാര്‍ ശേഖരണം എന്നാ പേരില്‍ അറിയപ്പെട്ട ഒന്നാം സ്വാതന്ത്ര്യ സമരം തന്നെ ആയിരുന്നു.

നിരന്തരം ഉണ്ടായ അവഗണനയും അടിമത്വവും ഞങ്ങളിലെ സ്വാതന്ത്ര്യ ബോധത്തെ ഉണര്‍ത്തി,ഒരേ മനസ്സുള്ള നാലഞ്ചു പേര്‍ ചേര്‍ന്ന് ടീച്ചര്‍ ഇല്ലാത്ത നേരം ക്ലാസിലെ ഡസ്റ്റര്‍ എടുത്തു ചെറിയ തോതില്‍ ഒരു ആക്രമണം നടത്തി,ഇതിനെ തുടര്‍ന്ന് ഡസ്റ്റര്‍ കേടുവരുകയും ഒരു ബഞ്ചിന്റെ കാല്‍ ഊരി പോരുകയും ചെയ്തു .സാമ്രാജ്യത്തിനു അഭിമാനം പണയം വെച്ച ലീഡറും അവരുടെ കാല്‍ നക്കികളായ പെണ്‍കുട്ടികളും കൃത്യമായി ഞങ്ങളെ ഒറ്റി കൊടുത്തു. തുടര്‍ന്ന് ഞങ്ങള്‍ അഞ്ചു പേരും ക്ലാസിന് പുറത്താക്കപ്പെട്ടു.പുറത്ത്‌ നിന്ന ഞങ്ങളില്‍ സ്വാതന്ത്ര്യ ബോധം ആളിക്കത്തി .ആ ഇടക്കാണ് സ്കൂളിന്റെ മുന്നില്‍ ഉള്ള റോഡ്‌ ടാറിടാന്‍ ഉള്ള ഒരുക്കങ്ങള്‍ നടന്നിരുന്നത്.സ്വാതന്ത്ര്യ ബോധം മൂത്ത ഞങ്ങള്‍ സ്കൂള്‍ മതില്‍ എടുത്തു ചാടി ടാര്‍ വീപ്പയില്‍ നിന്നും ഓരോ ഉണ്ട ടാര്‍ എടുത്ത്‌ വെള്ളം ചേര്‍ത്ത്‌ ഉരുട്ടി കയ്യില്‍ വെച്ച് പ്രതിന്ജ്യ എടുത്തു ഞങ്ങള്‍ സ്വാതന്ത്ര്യം നേടുക തന്നെ ചെയ്യും.പ്രതിന്ജ്യ കഴിഞ്ഞ ശേഷം ആ ടാര്‍ എടുത്ത്‌ ഓര്‍മ്മക്കായി സൂക്ഷിക്കാന്‍ എന്റെ ചന്ദനകളര്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ തന്നെ നിക്ഷേപിക്കുകയും ചെയ്തു.വീട്ടില്‍ എത്തിയപ്പോള്‍ ടാര്‍ ഉരുകി ഷര്‍ട്ടില്‍ മൊത്തം ആയി .ഒരു യാദാസ്ഥിതിക കുടുംബം ആയതിനാല്‍ ഇത്തരം സ്വാതാത്ര്യപ്രക്ഷോഭങ്ങള്‍ അംഗീകരിക്കാന്‍ എന്റെ വീട്ടുകാരും തയ്യാറായിരുന്നില്ല. തുടര്‍ന്ന് കിട്ടിയ പുളിവാറല്‍ പ്രയോഗം ശരീരത്തിന് ക്ഷതം ഏല്‍പ്പിച്ചു എങ്കിലും സ്വാതന്ത്ര്യബോധത്തിന് ഒരു കുറവും ഉണ്ടാക്കിയിരുന്നില്ല.

ബഞ്ചിന്റെ കാല്‍ ഊരല്‍ ,ഡസ്റ്റര്‍ എടുത്ത്‌ കളയല്‍ ,ലീഡര്‍മ്മരുടെം പെണ്‍കുട്ടികളുടെം പേരുകള്‍ ചുമരില്‍ എഴുതല്‍ തുടങ്ങി അനേകം സമരമുറകള്‍ സാധാരാണക്കാരായ വിദ്യാര്‍ഥികള്‍ പലരും തുടര്‍ന്ന് വന്നു.അങ്ങിനെ ഇരിക്കെ അരവിന്ദന്‍മാഷ്‌ എന്ന ഒരു പുതിയ അദ്ധ്യാപകന്‍ വന്നു.അദേഹം ക്ലാസ്‌ ലീഡറെ പരമ്പരാഗത രീതിയില്‍ തിരഞ്ഞെടുക്കാന്‍ തയ്യാറായിരുന്നില്ല,ജനാധിപത്യത്തിന്റെ വിത്തുകള്‍ ഞങ്ങളുടെ മനസ്സില്‍ പാവി കൊണ്ട് ഞങ്ങളുടെ ജീവിതത്തില്‍ ആദ്യ തിരഞ്ഞെടുപ്പിന് തിരുകൊളുത്തുകയായിരുന്നു ആ ഗുരുവര്യന്‍.ആദ്യമായി സ്ഥിരം ആവുന്ന രണ്ടു ലീഡര്‍ അടക്കം നാല് സ്ഥാനാര്തികളെ അദേഹം തിരഞ്ഞെടുത്തു.എന്റെ പേരും ഉണ്ടായിരുന്നു ആ ലിസ്റ്റില്‍ .എന്റെ പേര് പ്രഖ്യാപിച്ച ആ സമയം തന്നെ ചില സമ്രാജ്യവാദികള്‍ കളിയാക്കികൊണ്ട് ആര്‍ത്ത് വിളിച്ചു ഒരു മഴപെയ്താല്‍ നാല് ദിവസം ക്ലാസ്സില്‍ വരാത്ത ഇവനെ ആണോ സ്ഥാനാര്‍ഥിയാക്കുന്നത്.

സംഗതി കളിയാക്കിയതാണെങ്കിലും അതില്‍ വാസ്തവം ഉണ്ടായിരുന്നു .
എന്റെ വീട്ടിലെ കാലാവസ്ഥ നിരീക്ഷണ ഉപകരണമായിരുന്നു ഞാന്‍ .കാലാവസ്ഥ മാറാന്‍ എന്തെങ്കിലും സാധ്യത ഉണ്ട് എങ്കില്‍ ഞാന്‍ തുംമ്മാനും ചുമക്കാനും ഒക്കെ തുടങ്ങും.ഞങ്ങളുടെ അയല്പക്കം അടക്കമുള്ളവര്‍ ഇത് കണ്ടു കഴിഞ്ഞാല്‍ ഉണക്കാന്‍ ഇട്ടിരിക്കുന്ന തുണി ,വിറക്‌ ഒക്കെ എടുത്ത്‌ വെക്കുമായിരുന്നു കാരണം ഇത് മഴയോ മറ്റോ വരുന്നതിന്റെ സൂചനയാണ് എന്ന് അനുഭവത്തില്‍ നിന്നും അവര്‍ മനസ്സിലാക്കിയിരുന്നു.
എന്തായാലും മാഷുടെ നിര്‍ബന്ധത്തില്‍ ഞാനും സ്ഥാനാര്‍ഥിയാക്കപ്പെട്ടു.പിന്നീട് ഒരു ആഴ്ച്ച വോട്ടു ചോദിച്ചു പ്രസംഗം പ്രചാരണം ഒക്കെ തകൃതിയായി നടന്നു.നാലാളുടെ മുന്നില്‍ നിന്ന് സംസാരിക്കാന്‍ നോക്കുമ്പോള്‍ എന്റെ ചങ്കിടിക്കാന്‍ തുടങ്ങും.വളരെ കഷ്ട്ടപ്പെട്ടു കിതച്ചും തപ്പി തടഞ്ഞും ഒക്കെ ആണ് എന്റെ ക്യാമ്പയിന്‍.എനിക്ക് പറയാന്‍ ഉള്ളത് പറഞ്ഞു ഇനി നിങ്ങള്‍ക്ക്‌ ചെയ്യാന്‍ ഉള്ളത് ചെയ്യ്‌ എന്നാ ഭാവത്തില്‍ തിരിച്ചു വന്നു ബഞ്ചില്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്ന ഒരു ആശ്വാസം പിന്നീട് ഗുരുവയൂര്‍ അമ്പലത്തില്‍ ക്യൂ നിന്ന് ദര്‍ശനം കഴിഞ്ഞു വന്നു മൂത്രം ഒഴിക്കുമ്പോള്‍ മാത്രേ എനിക്ക് കിട്ടിയിട്ടുള്ളൂ എന്നതാണ് സത്യം.

ഒടുവില്‍ ഇലക്ഷന്‍ ദിവസം വന്നു .ബാലറ്റ് പെട്ടിയും സ്കൂള്‍ സീല്‍ വെച്ച ബാലറ്റ് പേപ്പറും തയ്യാര്‍ .ഓരോരുത്തര്‍ ആയി വന്നു വോട്ടു ചെയ്തു തുടങ്ങി .ഒടുവില്‍ എന്റെ ഊഴം വന്നു.ബാലറ്റ് പേപ്പര്‍ എടുത്തു ഞാന്‍ ആലോചിച്ചു.ഏതാനും പുപ്പുലികള്‍ ഒഴികെ ബാക്കി എല്ലാവരും എനിക്കെ വോട്ടു ചെയ്യാന്‍ വഴിയുള്ളൂ.കാരണം പരീക്ഷക്കും മറ്റും എനിക്ക് കഴിയുന്ന സഹായം ഞാന്‍ എല്ലാവര്ക്കും ചെയ്യാറുണ്ട്,മാര്‍ക്ക്‌ ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ഉള്ള അന്തരം പരമാവധികുറക്കുക എന്നത് എന്റെ ലക്‌ഷ്യം ആയിരുന്നു, ചോദ്യപേപ്പറിലെ കറക്കി കുത്ത് ചോദ്യങ്ങള്‍ക്ക്‌ ഉത്തരം അടയാളപ്പെടുത്തി കൊടുക്കുക.പുറകില്‍ ഇരിക്കുന്നവന് എന്റെ പേപ്പര്‍ കാണിച്ചു കൊടുക്കല്‍,ഹോം വര്‍ക്കുകള്‍ രാവിലെ വന്നു പലര്‍ക്കും ചെയ്തു കൊടുക്കല്‍ തുടങ്ങി അനേകം .അത് കൊണ്ട് തന്നെ ആ നന്ദി അവര്‍ കാണിക്കും .പക്ഷെ എന്റെ കൂടെ നില്‍ക്കുന്ന ഒരു പാവം സ്ഥാനാര്‍ഥിയുണ്ട്,ഒരു ടീച്ചറുടെ മകന്‍ ആയിട്ട് കൂടി സാമ്രാജ്യത്വ ബോധങ്ങള്‍ക്ക് എതിരായി ഞങ്ങളുടെ കൂടെ കൂടിയിരുന്ന ഒരു മഹത് വ്യക്തി,അവനെ കൈയ്യോഴിയാന്‍ എനിക്ക് തോന്നിയില്ല,എനിക്ക് ഒരു പാട് വോട്ടു കിട്ടും എന്നാല്‍ എന്റെ ഒരു വോട്ടെങ്കിലും അവനു കിട്ടട്ടെ എന്ന് കരുതി ഞാന്‍ അവനു വോട്ട് ചെയ്തു.

വോട്ടെണ്ണല്‍ തുടങ്ങി എണ്ണി എണ്ണി അവസാന വോട്ട് എണ്ണിയപ്പോഴും എന്റെ പേരില്‍ ഒരു എണ്ണം പോലും പെട്ടിയില്‍ ഇല്ല .കൂവി വിളികള്‍ക്കും കളിയാക്കലുകള്‍ക്കും ഇടയില്‍ ഡസ്ക്കില്‍ തലവെച്ച് ഞാന്‍ ആശ്വസിച്ചു.ജനാധിപത്യത്തിന്റെ കാവലാള്‍ ആവാന്‍ ഒരിക്കലും ഒരു സ്ഥാനം വഹിക്കുന്നവന് സാധ്യമല്ല .ജനങ്ങളുടെ ഇടയില്‍ ഒരുവനായി പ്രവര്‍ത്തിക്കുന്ന അധിക്കാരത്തിന്റെ അപ്പകഷ്ണം കൈ കൊണ്ട് തൊടാത്തവാനാണ് യദാര്‍ത്ഥ ജനാധിപത്യക്കാരന്‍..!

5 അഭിപ്രായങ്ങൾ:

 1. ഹി ഹി ഹി.....ക്ലൈമാക്സ് കലക്കി................മൊത്തത്തില്‍ നന്നായിട്ടുണ്ട് പക്ഷെ അക്ഷര തെറ്റുകള്‍ ധാരാളം ഉണ്ട്...

  മറുപടിഇല്ലാതാക്കൂ
 2. നണ്ട്രി അക്ഷരതെറ്റ് ഇല്ലെന്കില്‍ കണ്ണ് തട്ടും അതാ ഹി ഹി

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2011, ഏപ്രിൽ 14 10:53 AM

  Kalakkittundeda......Ne eppo puppuli aayittundu.....manoj

  മറുപടിഇല്ലാതാക്കൂ
 4. അജ്ഞാതന്‍2011, ജൂലൈ 19 8:10 AM

  nannayittundu
  ithu padanathinu valare sahayakamanu

  മറുപടിഇല്ലാതാക്കൂ
 5. "എനിക്ക് ഒരു പാട് വോട്ടു കിട്ടും എന്നാല്‍ എന്റെ ഒരു വോട്ടെങ്കിലും അവനു കിട്ടട്ടെ എന്ന് കരുതി ഞാന്‍ അവനു വോട്ട് ചെയ്തു." ha ha ha :)

  അതാ ഈ സ്നേഹം സ്നേഹം എന്നു പറയുന്നത്‌ അതു വല്ലതും മറ്റുള്ളവര്‍ക്കു മനസിലാകുമോ?
  ഏതായാലും ലീഡറാകാഞ്ഞതു കൊണ്ട്‌ രക്ഷപെട്ടു അല്ലെ?

  മറുപടിഇല്ലാതാക്കൂ